Connect with us

Kerala

കോഴിക്കോട്ട് നിന്ന് ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്: ട്രേഡ് യൂനിയന്‍ രംഗത്തെ പ്രവര്‍ത്തന പരിചയവുമായാണ് ടി പി രാമകൃഷ്ണന്‍ മന്ത്രിക്കസേരയിലേക്കെത്തുന്നത്. ജനങ്ങളുടെ ഹൃദയവികാരത്തെയും ജീവിതപ്രയാസത്തെയും തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ജനങ്ങള്‍ നെഞ്ചേറ്റിയതാണ്. 2001-2006 കാലയളവില്‍ പേരാമ്പ്രയില്‍നിന്ന് നിയമസഭയിലെത്തി.

മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സംഘടനാ രംഗത്ത് സജീവമായി. കെ എസ് എഫ് ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയുമായി. 1968ല്‍ സി പി എം അംഗം. 1972ല്‍ കീഴരിയൂര്‍ മിച്ചഭൂമി സമരകേന്ദ്രം ലീഡറായി നിയോഗിക്കപ്പെട്ടു. കുടികിടപ്പ് വളച്ചുകെട്ട് സമരത്തില്‍ പങ്കാളിയായി കേസുകളില്‍ പ്രതിയായി. അടിയന്തരാവസ്ഥയില്‍ പേരാമ്പ്ര പാര്‍ട്ടി ഓഫീസില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് കക്കയം ക്യാമ്പില്‍ ഭീകരമായി മര്‍ദിക്കപ്പെട്ടു. 1977 മുതല്‍ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം. 2004 മുതല്‍ 2014 ഡിസംബര്‍ വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെ വിവിധ തലങ്ങളില്‍ അമരക്കാരനായും പ്രവര്‍ത്തിച്ചു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍, ടെക്‌സ്‌ഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി ഐ ടിയു സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗവുമാണ്.
ഭാര്യ: എം കെ നളിനി (സിപി എം ജില്ലാകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി). മക്കള്‍: രജുലാല്‍, രഞ്ജിനി.

Latest