Connect with us

Kerala

മന്ത്രിക്കുപ്പായമണിയാന്‍ തൃശൂരിന്റെ സ്വന്തം മൊയ്തീന്‍

Published

|

Last Updated

തൃശൂര്‍:വടക്കാഞ്ചേരിയുടെ മുഖച്ഛായ മാറ്റിയ എ സി മൊയ്തീന്‍ കുന്നംകുളത്ത് നിന്ന് വിജയശ്രീലാളിതനായി മന്ത്രി പദവിയിലേക്കെത്തുമ്പോള്‍ പൂവണിയുന്നത് ഇരു മണ്ഡലത്തിലെയും ജനങ്ങളുടെ സ്വപ്‌നമാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ തന്റെതായ മാതൃകകള്‍ തീര്‍ത്താണ് നാട്ടുകാര്‍ സ്‌നേഹപൂര്‍വം “എ സി” എന്ന് സംബോധന ചെയ്യുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ തന്നെ നായക പദവിയിലേക്കെത്തുന്നത്.
വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയ മൊയ്തീന്‍ മികച്ച സംഘാടകനും ജില്ലയിലെ സി പി എമ്മിന്റെയും ഇടത്പക്ഷത്തിന്റെയും അമരക്കാരില്‍ പ്രമുഖനുമാണ്. ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉജ്ജ്വലമായ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് പാര്‍ലിമെന്ററി രംഗത്തേക്ക് ചുവടുവെച്ചത്. 2004ല്‍ ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ 2011 വരെ എം എല്‍ എ എന്ന നിലയില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പാക്കിയ വേറിട്ട വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഉപതിരഞ്ഞെടുപ്പില്‍ ലീഡര്‍ കെ കരുണാകരന്റെ മകന്‍ മുരളീധരനെ 3715 വോട്ടിന്റെ ഭൂരിപക്ഷത്തിന് തറപറ്റിച്ചതോടെ തന്നെ സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. 2006ലേക്കെത്തുമ്പോള്‍ ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിച്ച് (20821) ഡി ഐ സിയുടെ ടി വി ചന്ദ്രമോഹനെ പരാജയപ്പെടുത്തി തന്റെ ജനകീയത അരക്കിട്ടുറപ്പിച്ചു. ഏഴ് വര്‍ഷക്കാലം വടക്കാഞ്ചേരിയെ പ്രതിനിധീകരിച്ച് ജനഹിതമറിഞ്ഞ് നടത്തിയ ഇടപെടലുകള്‍ കുന്നംകുളത്തേക്ക് കൂടുമാറിയെത്തുമ്പോഴും അദ്ദേഹത്തിന് തുണയായി.
വടക്കാഞ്ചേരിക്കാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മേല്‍പ്പാലമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതായിരുന്നു അതില്‍ ഏറ്റവും വലുത്. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് 33 കുടിവെള്ള പദ്ധതികളാണ് ഇക്കാലയളവിനുള്ളില്‍ നാടിന് സമര്‍പ്പിച്ചത്. റോഡുകള്‍, പാലങ്ങള്‍, തോടുകള്‍, സ്‌കൂളുകളില്‍ പ്ലസ്ടു, ഫയര്‍‌സ്റ്റേഷന്‍ തുടങ്ങിയവയും നടപ്പിലാക്കിയ മൊയീതീന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വ്യാപാരി സമൂഹത്തിന്റെയും സഹകരണത്തോടെ ഊത്രാളിക്കാവ് പൂരം എക്‌സിബിഷന് തുടക്കമിട്ടതും വടക്കാഞ്ചേരിയുടെ ഹൃദയത്തിലിടം നേടി. കുന്നംകുളത്ത് കഴിഞ്ഞ തവണ 481 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട സി എം പിയുടെ കരുത്തനായ നേതാവ് സി പി ജോണിന്റെ പ്രതീക്ഷകളെ 7782 വോട്ടുകള്‍ക്കാണ് മൊയ്തീന്‍ തല്ലിത്തകര്‍ത്തത്. കഴിഞ്ഞ നിയമസഭ- ലോകസഭ തിരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് ജില്ലയില്‍ മികച്ച വിജയം നേടിയത് എ സി മൊയ്തീന്റെ കൂടി സംഘാടന മികവിന് തെളിവാണ്. എം എല്‍ എ എന്ന നിലയില്‍ നിയമസഭയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറ ആക്കപ്പറമ്പില്‍ പരേതരായ ചിയാമുവിന്റെയും ഫാത്തിമാ ബീവിയുടെയും മകനായ അദ്ദേഹം എസ് എഫ് ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെ എസ് വൈ എഫിലൂടെയും പീന്നീട് ഡി വൈ എഫ് ഐയിലൂടെയും യുവജനരംഗത്ത് സജീവമായി. 1977 ല്‍ സി പി എം അംഗമായി. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് സി പി എം ജില്ലാ സെക്രട്ടറിയായി. ഇതിനിടയില്‍ ജില്ലയിലെ പാര്‍ട്ടിയുടെ പല പ്രമുഖ സ്ഥാനങ്ങളും വഹിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മൊയ്തീന്‍ പനങ്ങാട്ടുകര ഗ്രാമീണ വായനശാലയുടെ സെക്രട്ടറിയുമായിരുന്നു. കുറച്ച് കാലം പാര്‍ട്ടി പത്രത്തിന്റെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ച് പത്രപ്രവര്‍ത്തനരംഗത്തും മികവ് തെളിയിച്ചു. നിലവില്‍ കേരള കര്‍ഷകസംഘത്തിന്റെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്‌

---- facebook comment plugin here -----

Latest