Connect with us

Gulf

പിണറായി വിജയന്‍ ഗള്‍ഫ് മലയാളികളുടെ പ്രതീക്ഷയെന്ന് എം എ യൂസുഫലി

Published

|

Last Updated

ദുബൈ: പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങളും അറിയുന്ന വ്യക്തിയാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം എ യൂസുഫലി പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ഗള്‍ഫിലേക്ക് വരികയും ഗള്‍ഫിന്റെ വികസനം നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്ത വ്യക്തിയുമാണ്. പിണറായി പ്രവാസികളുടെ കാര്യങ്ങളില്‍ താത്പര്യമുള്ള, ദീര്‍ഘവീക്ഷണമുള്ള നേതാവാണ്. അതുകൊണ്ട് അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷയുണ്ട്.
ഞങ്ങള്‍ പല വേദികളിലും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. ഏതാനും മാസം മുമ്പ് അബുദാബിയില്‍ ഒരു സെമിനാറില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഓര്‍മവരികയാണ്. അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഭാവി തലമുറക്ക് വേണ്ടി പലതും ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. ധാരാളം അഭ്യസ്ഥവിദ്യരുള്ള, തൊഴിലില്ലായ്മയുള്ള കേരളത്തിന് പലതും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ഇന്ത്യ മഹത്തായ ജനാധിപത്യരാജ്യമാണ്. ഭരണമാറ്റം ജനങ്ങളുടെ താത്പര്യമാണ്. ഭരിക്കുന്നവരോടൊപ്പം നില്‍ക്കുക എന്നതാണ് പ്രവാസികളെ സംബന്ധിച്ച് ഉചിതമായ കാര്യം.
അടുത്തയാഴ്ച മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് പോയി കാണാന്‍ ശ്രമിക്കുന്നുണ്ട്. എന്‍ ആര്‍ ഐ ബിസിനസ് സമൂഹത്തിന്റെ പിന്തുണ അദ്ദേഹത്തെ അറിയിക്കും. വ്യക്തിപരമായ സഹായങ്ങള്‍ ഗവണ്‍മെന്റിന് വാഗ്ദാനം ചെയ്യും. ഗള്‍ഫ് ഭരണ കര്‍ത്താക്കള്‍ ഇന്ത്യയിലേക്കാണ് കണ്ണോടിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിച്ചപ്പോള്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമൊത്ത് 7,500 കോടി ദിര്‍ഹമിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. അതിന്റെ വിഹിതം കേരളത്തിന് ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നു. കേരളത്തില്‍ മികച്ച ശമ്പളം ലഭിക്കുന്ന ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. അതിന് വിദേശ നിക്ഷേപം അനിവാര്യമാണ്. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായ തൊഴിലവസരമുണ്ടാകണം. കോള്‍സെന്ററുകള്‍ സ്ഥാപിക്കപ്പെടണം. ഭാവിതലമുറക്ക് വേണ്ടിയാണ് ഇനി ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്. ഇക്കാര്യങ്ങളിലെല്ലാം നല്ല കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയായിരിക്കും പിണറായിവിജയനെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കാത്ത് സൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യൂസുഫലി പറഞ്ഞു.

Latest