Connect with us

Gulf

അപകടമുണ്ടായാല്‍ ഇനി നേരിട്ട് ഇന്‍ഷ്വറന്‍സ് കമ്പനിയിലേക്ക് പോകാം

Published

|

Last Updated

ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ട്രാഫിക് അന്വേഷണ ഓഫീസ്‌

ദോഹ: അപകടമുണ്ടായാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയിലേക്ക് നേരിട്ട് പോയി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാം. അപകടത്തില്‍ പെടുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ അഞ്ച് ട്രാഫിക് അന്വേഷണ ഓഫീസുകള്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് തുറന്നതോടെയാണ് ഒറ്റപോക്കില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത്.
ട്രാഫിക് ഡയറക്ടറേറ്റും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മിലുണ്ടാക്കിയ സമഗ്ര ഓണ്‍ലൈന്‍ ബന്ധം കാരണം ഒരു സ്ഥലത്ത് വെച്ച് തന്നെ അപകട നടപടിക്രമങ്ങള്‍ തീര്‍ക്കാം. അപകടത്തിന്റെ കാരണക്കാരന് നേരിട്ട് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ പോയി അപകടം രജിസ്റ്റര്‍ ചെയ്യുന്നതിന് കമ്പനിയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ സമീപിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തതിന് ശേഷം മറുകക്ഷിക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ വന്ന് വാഹന അറ്റകുറ്റപ്പണി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. അതിനാല്‍തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷനുകളിലേക്ക് പോകേണ്ട ആവശ്യമില്ല.
ഇന്‍ഷ്വറന്‍സ് കമ്പനികളിലെ ട്രാഫിക് അന്വേഷകര്‍ അപകടം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യും. അപകടത്തിന്റെ ചിത്രം നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി നേരിട്ട് ബന്ധപ്പെടും. തുടര്‍ന്ന് അപകടത്തിലെ ഇരകള്‍ക്ക് കേസിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് ടെക്സ്റ്റ് മെസ്സേജ് ലഭിക്കുകയും വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിക്കുകയും ചെയ്യാം.
നേരത്തെ അപകടമുണ്ടായാല്‍ പോലീസ് പട്രോള്‍ സംഘം എത്തേണ്ടതുണ്ടായിരുന്നു. അപകടത്തെ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യാനും ഇന്‍ഷ്വറന്‍സ് കമ്പനികളെ സമീപിക്കാന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷനുകളിലേക്ക് പോകുകയും വേണമായിരുന്നു. അപകടം രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ഇലക്‌ട്രോണിക് രൂപത്തില്‍ ആക്കിയിരിക്കുകയാണ്. മാത്രമല്ല, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് മെത്രാഷ് 2 മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ അപകട റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കാം. നേരത്തെ ഇതിന് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷനുകളെ സമീപിക്കണമായിരുന്നു.