Connect with us

Editorial

പുതിയ സര്‍ക്കാര്‍

Published

|

Last Updated

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുകയാണ്. മുഖ്യമന്ത്രിപദത്തില്‍ തുടക്കക്കാരനെങ്കിലും പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കേരളം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും തുടരുന്നതിനോടൊപ്പം അവരുടെ വീഴ്ചകള്‍ പരിഹരിച്ചു കൊണ്ടുള്ള ക്രിയാത്മകവും വികസനോന്മുഖവുമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളും സാരഥികളും മാറുന്നുവെങ്കിലും ഭരണകൂടം തുടര്‍ച്ച തന്നെയാണ്. മദ്യനിരോധം പോലെയുള്ള മുന്‍ സര്‍ക്കാറിന്റെ ജനപ്രിയ വാഗ്ദാനങ്ങളും വികസന പദ്ധതികളും പാടേ നിരാകരിക്കുന്ന വിവേക ശൂന്യമായ നിലപാടല്ല, അവയോട് ക്രിയാത്മകമായ സമീപനമാണ് പുതിയ സര്‍ക്കാറില്‍ നിന്ന് ഉണ്ടാകേണ്ടത്.
സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ സര്‍ക്കാറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. 2011ല്‍ വി എസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള മുന്‍ ഇടത് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ 3700 കോടി രൂപയോളം പൊതുഖജനാവില്‍ മിച്ചമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലിയായ ഖജനാവാണ് പുതിയ സര്‍ക്കാറിനെ ഏല്‍പ്പിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തന്നെ വായ്പയെടുക്കേണ്ട ദുരവസ്ഥയിലാണിന്ന് സംസ്ഥാനം. നികുതി വരുമാനത്തിലെ കുറവും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധി ഇത്രമേല്‍ രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2011 നവംബറില്‍ യു ഡി എഫ് സര്‍ക്കാര്‍ പാസ്സാക്കിയ ധന ഉത്തരവാദിത്വ (ഭേദഗതി) നിയമമനുസരിച്ചു റവന്യൂ കമ്മിയും ധന കമ്മിയും കുറക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പൊതുകടം മുമ്പൊന്നുമില്ലാത്ത വിധം കുത്തനെ ഉയര്‍ന്നു. ഇന്നത്തെ നിലയില്‍ പോയാല്‍ റവന്യൂ കമ്മി 23,000 കോടി വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്ക് കൂട്ടല്‍. ഇതടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന് ഒരു വെല്ലുവിളി തന്നെയാണ്. സാമ്പത്തിക വിദഗ്ധനായ തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ധനകാര്യ വകുപ്പ് ഈ വെല്ലുവിളികളെ അതിജീവിക്കുമെന്നാണ് കരുതപ്പെടുന്നത്.
ക്രമസമാധാനവും സ്ത്രീസുരക്ഷയും ഉറപ്പ് വരുത്തുകയാണ് മറ്റൊരു പ്രധാന കാര്യം. സംസ്ഥാനത്ത് സമീപകാലത്തായി കുറ്റകൃത്യങ്ങളും സ്ത്രീപീഡനവും വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ക്വട്ടേഷന്‍ സംഘങ്ങളെയും ഗുണ്ടകളെയും ക്രിമിനലുകളെയുംകൊണ്ട് കേരള ജനത പൊറുതിമുട്ടിയിരിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളും രാഷ്ട്രീയസംഘട്ടനങ്ങളും വര്‍ധിച്ചു വരുന്നു. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ ബി ജെ പിയും ആര്‍ എസ് എസും സംസ്ഥാനത്തെങ്ങും അഴിഞ്ഞാടുകയാണ്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാറുള്ള പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭരണത്തില്‍ തങ്ങളുടെ രഹസ്യ അജന്‍ഡകള്‍ നടപ്പാക്കുക ദുഷ്‌കരമായിരിക്കുമെന്ന് മനസ്സിലാക്കിയ സംഘ്പരിവാര്‍ ശക്തികള്‍, അക്രമങ്ങള്‍ അഴിച്ചു വിട്ടു അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു നാട്ടില്‍ കുഴപ്പവും അരാജകത്വവും സൃഷ്ടിക്കാനുള്ള പുറപ്പാടിലാണെന്ന് തിരഞ്ഞടുപ്പിന്റെ വിജയാഹഌദത്തോടനുബന്ധിച്ചു അരങ്ങേറിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഗുണ്ടായിസത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിമാര്‍ പരസ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നു.
സ്ത്രീപീഡനത്തില്‍ ദേശീയ തലത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് കേരളം. തൊഴിലിടങ്ങളിലും പൊതുയാത്രകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണിന്ന്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീപീഡന വിരുദ്ധ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയിട്ടും നാടിനെ നടുക്കിയ ജിഷ വധത്തിന് സാക്ഷിയായി എന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമായിരുന്നു. കേസന്വേഷണം ഒരു മാസം പിന്നിട്ടിട്ടും ജിഷയുടെ ഘാതകരെ കണ്ടെത്താനാകെ നിയമപാലകര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയുമാണ്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും പോലീസ് സംവിധാനവും ആഭ്യന്തര വകുപ്പും കൂടുതല്‍ ഊര്‍ജസ്വലമാകേണ്ടതുണ്ട്.
മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്‌ലിം സമൂഹം തികച്ചും അസംതൃപ്തരായിരുന്നു കഴിഞ്ഞ ഭരണത്തില്‍. മൃദുഹിന്ദുത്വ സമീപനത്തിന്റെ ഫലമായി ന്യൂനപക്ഷങ്ങളുടെ പുരോഗതിയും വികസനവും ലക്ഷ്യംവെച്ചുളള പല പരിപാടികളോടും യു ഡി എഫ് സര്‍ക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥ തലങ്ങളിലും മുസ്‌ലിം വിരുദ്ധത ശക്തമാണ്. ഇതിന് അറുതി വരുത്തുകയും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. മതന്യൂനപക്ഷങ്ങളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ടാണ് ഇടതുമുന്നണി തിരഞ്ഞടുപ്പില്‍ അഭൂതപൂര്‍വമായ വിജയം കൈവരിച്ചതെന്നത് സ്മരണീയമാണ്. അഴിമതി കര്‍ശനമായി തടഞ്ഞും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിച്ചും ഭരണ മേഖലയില്‍ കലശലായ ശുദ്ധീകരണം ആവശ്യമാണ്. ഭരണച്ചെലവ് നിയന്ത്രിക്കാനായി മന്ത്രിമാരുടെ എണ്ണം കുറച്ചും പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം കുറക്കുമെന്ന പ്രഖ്യാപനത്തിലൂടെയും ആശാവഹമായ തുടക്കം കുറിച്ച പുതിയ സര്‍ക്കാറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും അതിനനുസൃതം മാതൃകാപരവും ജനക്ഷേമകരവുമായിരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.