Connect with us

International

പാക്കിസ്ഥാനില്‍ അഞ്ച് നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇസില്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ അഞ്ച് പാക്കിസ്ഥാന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു. പാക് യുദ്ധക്കപ്പല്‍ തട്ടിയെടുത്ത് അമേരിക്കന്‍ നാവിക സേനയുടെ ഇന്ധനം നിറക്കാനുള്ള കപ്പലുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. സൈനിക കോടതിയിലാണ് ഇത് സംബന്ധിച്ച രഹസ്യ വിചാരണ നടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സബ് ലഫ്റ്റനന്റ് ഹമാദ് അഹ്മദിനു പുറമെ നാല് നാവിക ഉദ്യോഗസ്ഥര്‍ 2014 സെപ്തംബറില്‍ കറാച്ചി നേവല്‍ ഡോക്‌യാഡില്‍ നടന്ന ആക്രമണത്തില്‍ പങ്കാളികളായെന്ന് നാവിക ട്രിബ്യൂണല്‍ കണ്ടെത്തി. ആക്രമണകാരികള്‍ യുദ്ധക്കപ്പലായ പി എന്‍ എസ് സുല്‍ഫിഖര്‍ തട്ടിയെടുത്ത് അമേരിക്കന്‍ നാവികസേനയുടെ ഇന്ധനക്കപ്പല്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം തന്റെ മകന് ന്യായമായ വിചാരണയോ നിയമസഹായമോ ലഭിച്ചില്ലെന്ന് ഹമാദിന്റെ പിതാവായ സഈദ് പറഞ്ഞു. കറാച്ചിയിലെ ജയിലിലെത്തി മകനെയും സഹപ്രവര്‍ത്തകരായിരുന്ന ഇര്‍ഫാനുല്ല, മുഹമദ് ഹമാദ്, അര്‍സലാന്‍ നസീര്‍, ഹാഷിം നസീര്‍ എന്നിവരെയും കണ്ടപ്പോഴാണ് ശിക്ഷാ വിധി സംബന്ധിച്ച് അറിയുന്നത്. നാല് മുതല്‍ അഞ്ച് വര്‍ഷംവരെ മാത്രം സര്‍വീസ് ഉള്ള തന്റെ മകനും മറ്റുള്ളവര്‍ക്കും യുദ്ധക്കപ്പല്‍ പിടിച്ചെടുത്ത് ഇസിലിന് കൈമാറാന്‍ കഴിയില്ലെന്നും അപ്പീല്‍ പോകുമെന്നും സഈദ് പറഞ്ഞു.

Latest