Connect with us

Saudi Arabia

വെള്ളിയാഴ്ച സൂര്യന്‍ വിശുദ്ധ കഅബക്ക് മുകളില്‍

Published

|

Last Updated

റിയാദ്: മെയ് 27 ന് വെള്ളിയാഴ്ച 12.18 നു സൂര്യന്‍ വിശുദ്ധ കഅബയുടെ നേരെ മുകളില്‍ വരുമെന്ന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുല്‍ഹിം ബിന്‍ മുഹമ്മദ് ഹിന്ദി വ്യക്തമാക്കി. അന്ന് സൂര്യന്‍ ഉദിച്ചുയര്‍ന്നു സൗദിയുടെ ചക്രവാളത്തിനു 90 ഡിഗ്രി മുകളില്‍ എത്തുമ്പോള്‍ വിശുദ്ധ കഅബാലയത്തിന്റെ നേരെ മുകളിലായിരിക്കും സൂര്യന്റെ സ്ഥാനം എന്നും വളരെ കുറഞ്ഞ സമയം മാത്രമാണെങ്കിലും ഇതുമൂലം വിദൂര സ്ഥലങ്ങളിലുള്ളവര്‍ക്ക് വിശുദ്ധ കഅബയുടെ ദിശ മനസ്സിലാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ്ണ ശീത സീസണുകള്‍ക്കിടയിലായി വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് സൂര്യന്‍ വിശുദ്ധ കഅബയുടെ നേരെ മുകളില്‍ എത്തുക. അത് ഈ വര്‍ഷം മെയ് 27 നും ജൂലൈ 15 നുമാണ്. അടുത്ത വെള്ളിയാഴ്ച ജുമുഅനിസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുന്ന സമയത്തായിരിക്കും അത് സംഭവിക്കുക.
സൂര്യന്‍ ദക്ഷിണായനരേഖയുടെയും ഉത്തരായനരേഖയുടെയും ഇടയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ പ്രാപഞ്ചിക പ്രതിഭാസം ഓരോ വര്‍ഷവും ഉണ്ടാവുന്നു ഈ രേഖകള്‍ ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി തെക്ക് ഭാഗത്തും വടക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂര്യന്‍ വിശുദ്ധ കഅബക്ക് മുകളില്‍ വരുന്ന സമയത്ത് സൂര്യനെ ദര്‍ശിക്കുവാന്‍ സാധിക്കുന്ന വിദൂര ദിക്കുകളിലുള്ളവര്‍ക്ക് വളരെ കൃത്യമായി വിശുദ്ധ കഅബയുടെ ദിശ മനസ്സിലാക്കുവാന്‍ സാധിക്കും ഈ രീതിയില്‍ ഹിജ്‌റയുടെ ആറാം നൂറ്റാണ്ടു മുതല്‍ കഅബയുടെ ദിശ നിര്‍ണ്ണയിക്കുന്ന പതിവ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.