Connect with us

Gulf

അറബ് യുവത വാണിജ്യ സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നു

Published

|

Last Updated

ദുബൈ: അറബ് സമൂഹത്തിലെ യുവതലമുറ കൂടുതലായി വാണിജ്യ സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇപ്പോഴുള്ള യുവതലമുറയില്‍ നല്ലൊരു ഭാഗവും വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യപ്പെടുന്നവരാണെന്ന് പഠനം. മേഖലയിലെ പ്രമുഖ പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്‍സിയായ അസ്ദാഅ് ബര്‍സോണ്‍ മാസ്റ്റെല്ലറിന്റെ എട്ടാമത് വാര്‍ഷിക അറബ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം. ദുബൈയില്‍ 22, 23 തിയതികളില്‍ നടന്ന തഅ്തീല്‍ മിന സോഷ്യല്‍ ഇംപാക്ട് ആന്‍ഡ് സി എസ് ആര്‍ ഫോറത്തില്‍ സംസാരിക്കവെ അസ്ദാഅ് ബര്‍സോണ്‍ മാസ്റ്റെല്ലര്‍ സ്ഥാപകന്‍ സുനില്‍ ജോണാണ് ഈ വിവരം അറിയിച്ചത്.
മുന്‍തലമുറകളെ അപേക്ഷിച്ച് നിങ്ങളുടെ തലമുറ ഒരു വാണിജ്യ സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ചായിരുന്നു സര്‍വേയില്‍ യുവാക്കളോട് ആരാഞ്ഞത്. 54 ശതമാനവും ഈ തീരുമാനത്തോട് യോജിക്കുന്നുവെന്ന മറുപടിയാണ് നല്‍കിയത്. മൂന്നു മേഖലകളില്‍ നടത്തിയ സര്‍വേയില്‍ ജി സി സിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അനുകൂല മറുപടി നല്‍കിയത്. 62 ശതമാനം പേരാണ് ജി സി സിയില്‍ പുതുസംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആവേശപൂര്‍വം പ്രതികരിച്ചത്. നോര്‍ത്ത് ആഫ്രിക്കയില്‍ നിന്ന് 54ഉം ലെവന്റില്‍ നിന്ന് 44 ശതമാനം പേരും അനുകൂല മറുപടി നല്‍കി.
സര്‍വേയില്‍ പ്രതികരിച്ച 36 ശതമാനം യുവാക്കളും അടുത്ത അഞ്ചു വര്‍ഷംകൊണ്ട് സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ജി സി സിയില്‍ നിന്ന് 37, നോര്‍ത്ത് ആഫ്രിക്കയില്‍ നിന്ന് 39, ലെവന്റില്‍ നിന്ന് 31 ശതമാനം പേരാണ് പ്രതികരിച്ചത്.
പെന്‍ ഷോയിന്‍ ബെര്‍ലാന്‍ഡ് (പി എസ് ബി) നടത്തിയ അഭിമുഖത്തില്‍ റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, റീട്ടെയില്‍ എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് അറബ് യുവത പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കൂടുതലായും താത്പര്യം പ്രകടിപ്പിച്ചത്. 18നും 24നും ഇടയില്‍ പ്രായമുള്ള 3,500 യുവതീ-യുവാക്കളെയാണ് പി എസ് ബി അഭിമുഖം നടത്തിയത്. 2016 ജനുവരി 11 മുതല്‍ ഫെബ്രുവരി 22 വരെ നടത്തിയ അഭിമുഖത്തില്‍ യു എ ഇ, സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍, ലെബനോന്‍, ലിബിയ, ഫലസ്തീന്‍, ടുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, യമന്‍ എന്നിവിടങ്ങളിലെ യുവസമൂഹത്തെയാണ് ഉള്‍പെടുത്തിയത്.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യുവസമൂഹം മുന്‍ഗണന നല്‍കിയത് റിയല്‍ എസ്റ്റേറ്റ് മേഖലക്കാണ്. 24 ശതമാനം യുവതക്കും താത്പര്യം പ്രോപ്പര്‍ട്ടി റിലേറ്റഡ് കമ്പനികളോടാണ്. അതേസമയം ലെവന്റ് മേഖലയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും യുവതക്ക് ടെക്‌നോളജി സംരംഭത്തോടാണ് താത്പര്യം. ലെവന്റില്‍നിന്ന് 15ഉം നോര്‍ത്ത് ആഫ്രിക്കയില്‍നിന്നും 18ഉം ശതമാനം പേരാണ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട കമ്പനി തുടങ്ങുന്നത് സംബന്ധിച്ച് അനുഭാവപൂര്‍വം പ്രതികരിച്ചത്. എന്നാല്‍ റീട്ടെയില്‍ മേഖലയിലെ സംരംഭത്തോട് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത് ലെവന്റിലെ യുവതയാണ്. (15 ശതമാനം). നോര്‍ത്ത് ആഫ്രിക്കയില്‍നിന്ന് 16 ശതമാനം അനുകൂല പ്രതികരണം നടത്തി. ഗള്‍ഫ് മേഖലയില്‍നിന്ന് വെറും ഒന്‍പത് ശതമാനം പേരാണ് റീട്ടെയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍. അതേസമയം യുവസംരംഭകരെ സര്‍ക്കാര്‍ വളരെയധികം പ്രോത്സാഹിപ്പിക്കുമെന്ന് അറബ് യുവത വിശ്വാസം പ്രകടിപ്പിച്ചു. 39 ശതമാനം പേരും പറഞ്ഞത് വായ്പയടക്കമുള്ള കാര്യങ്ങള്‍ ഗവണ്‍മെന്റ് ചെയ്തുതരുമെന്നാണ്. സംരംഭം തുടങ്ങുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നിയമ വ്യവസ്ഥകളെക്കുറിച്ചും ചുവപ്പുനാട പ്രശ്‌നങ്ങളെക്കുറിച്ചും 19 ശതമാനം പേര്‍ ചോദിച്ചറിഞ്ഞു.
മിഡില്‍ ഈസ്റ്റിലെ ഗവണ്‍മെന്റുകളെല്ലാംതന്നെ സംരംഭങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് സുനില്‍ ജോണ്‍ പറഞ്ഞു. ലോകബേങ്കിന്റെ കണക്ക് പ്രകാരം 2020 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റിലുടനീളം എട്ടു മുതല്‍ 10 കോടി വരെ ജോലിസാധ്യതയുണ്ട്.

Latest