Connect with us

Articles

ചെങ്കടല്‍ തീര്‍ത്ത ആവേശം

Published

|

Last Updated

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ നഗരത്തിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രവര്‍ത്തകരെ അകത്തേക്ക് കയറ്റി തുടങ്ങിയത്. ഒരു മണിക്കൂറിനകം തന്നെ സ്റ്റേഡിയത്തിന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞു കവിഞ്ഞു. സത്യപ്രതിജ്ഞ തുടങ്ങിയ വൈകീട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയവും പരിസരവും ജനസാഗരമായി. എവിടെ നോക്കിയാലും ചെങ്കൊടി മാത്രം. ചുവന്ന തൊപ്പികളും വസ്ത്രങ്ങളുമൊക്കെയായി ചെമ്പട്ട് വിരിച്ച പ്രതീതിയായിരുന്നു സ്റ്റേഡിയത്തില്‍. ആരവങ്ങളും മുദ്രാവാക്യങ്ങളും അഭിവാദ്യങ്ങളുമായി ആവേശം കൈവിടാതെ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാക്കളെ കാണാന്‍ സ്റ്റേഡിയത്തില്‍ ഇടംപിടിച്ചു.
രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ മുന്‍നിരക്കാരെല്ലാം സത്യപ്രതിജ്ഞക്ക് സാക്ഷിയാകാനെത്തി. സ്റ്റേഡിയത്തില്‍ എത്തിയ എല്ലാവര്‍ക്കും സത്യപ്രതിജ്ഞ കാണാന്‍ കഴിയുന്ന രീതിയില്‍ നാല് വശങ്ങളിലായി വലിയ സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു. സ്റ്റേഡിയത്തിന് മുന്നില്‍ ഇരിപ്പിടം കിട്ടാത്തവര്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ സ്ഥാനംപിടിച്ചു. സ്റ്റേഡിയത്തിലേക്ക് ഓരോ നേതാക്കളെത്തുന്നതനുസരിച്ച് അണികളുടെ മുദ്രാവാക്യം വിളികളും മുഴങ്ങി. നാലിന് സത്യ പ്രതിജ്ഞയോടടുത്തപ്പോഴാണ് മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം സ്‌റ്റേഡിയത്തിലേക്ക് കടന്നുവന്നത്. വന്‍ ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളും കരഘോഷങ്ങളുമായി പ്രവര്‍ത്തകര്‍ വി എസിനെ വരവേറ്റു.
ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്കിരിക്കാനുള്ള സൗകര്യമാണ് സ്റ്റേജില്‍ ഒരുക്കിയിരുന്നത്. സ്റ്റേജിന് മുന്‍വശം മുതല്‍ ഗാലറി വരെ നീളുന്ന മേല്‍ക്കൂരയോടുകൂടിയാണ് വി ഐ പികള്‍ക്ക് സൗകര്യമൊരുക്കിയത്. സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുള്ള ആദ്യഗേറ്റ് വഴിയാണ് നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക് പ്രവേശിച്ചത്. അനക്‌സിന് മുന്നിലൂടെയുള്ള ഗേറ്റിലൂടെയാണ് വി ഐ പികള്‍ പ്രവേശിച്ചത്. മറ്റ് രണ്ട് ഗേറ്റുകളാണ് പൊതുജനത്തിനായി തുറന്നു നല്‍കിയത്. വൈകീട്ട് മൂന്നിന് എം ബി എസ് യൂത്ത് സ്‌ക്വയറിന്റെ സംഗീത പരിപാടി അരങ്ങേറി.
കൃത്യം നാലിന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങി. ആദ്യം പിണറായി വിജയന്‍. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി അഭിവാദ്യമര്‍പ്പിച്ച് പിണറായി വേദിയിലേക്ക് കയറി. ഗവര്‍ണറുടെ ഇരിപ്പിടത്തിന് വലതുവശത്തായി സ്ഥാപിച്ചിരുന്ന റാമ്പിന് മുന്നിലേക്ക്. ആര്‍പ്പുവിളികളും മുദ്രാവാക്യം വിളികളുമൊക്കെയായി പ്രവര്‍ത്തകരുടെ അണമുറിയാത്ത ആവേശത്തിനിടെ പിണറായിക്ക് ഗവര്‍ണര്‍ പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യ പ്രതിജ്ഞ തുടങ്ങിയതോടെ സ്റ്റേഡിയം തികഞ്ഞ നിശബ്ദതക്ക് വഴിമാറി. തങ്ങളുടെ പ്രിയ നേതാവിന്റെ സത്യപ്രതിജ്ഞ പ്രവര്‍ത്തകര്‍ ഗൗരവത്തോടെ തന്നെ വീക്ഷിച്ചു. ചുവന്ന റോസാപ്പൂക്കള്‍ നിറച്ച പൂച്ചെണ്ട് സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ പിണറായിക്ക് സമ്മാനിച്ചു. ശേഷം നിലക്കാത്ത കൈയടികളും അഭിവാദ്യങ്ങളുമായി പിണറായി വേദിയില്‍ ഇടംപിടിച്ചു.
തൊട്ടുപിന്നാലെ മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ബാലന്‍, കെ ടി ജലീല്‍, ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മെഴ്‌സിക്കുട്ടി അമ്മ, എ സി മൊയ്തീന്‍, അഡ്വ. കെ രാജു, ടി പി രാമകൃഷ്ണന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ കെ ഷൈലജ ടീച്ചര്‍, ജി സുധാകരന്‍, അഡ്വ. വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഡോ. ടി എന്‍ തോമസ് ഐസക്ക് ഓരോരുത്തരും വേദിയിലേക്ക്. പ്രവര്‍ത്തകരുടെ അണമുറിയാത്ത ആഹ്ലാദ പ്രകടനത്തിനിടയില്‍ ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഓരോരുത്തരുടെയും സത്യപ്രതിജ്ഞക്ക് അകമ്പടി സേവിച്ചുകൊണ്ട് നിര്‍ത്താതെ കയ്യടിച്ചാണ് പ്രവര്‍ത്തകര്‍ സന്തോഷം പ്രകടിപ്പിച്ചത്. ഇതിനിടെ കെ ടി ജലീലിന്റെയും ഇ പി ജയരാജന്റെയും ഡോ. തോമസ് ഐസക്കിന്റെയും സത്യപ്രതിജ്ഞക്ക് പതിന്‍മടങ്ങ് ആവേശാരവങ്ങളുയര്‍ന്നു. ഓരോരു ത്തര്‍ക്കും ചുവന്ന പൂച്ചെണ്ടുകള്‍ സമ്മാനി ച്ചാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്.
കൃത്യം ഒരു മണിക്കൂര്‍കൊണ്ട് സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഇതിന് ശേഷവും മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും ഏറെനേരം വേദിയില്‍ തന്നെ തുടര്‍ന്നു. സത്യപ്രതിജ്ഞക്ക് ശേഷം വേദിയിലെത്തിയ പ്രവര്‍ത്തകരെ നിരാശപ്പെടുത്താനും മുഖ്യമന്ത്രി തയ്യാറായില്ല. പ്രവര്‍ത്തകരുടെ ഇഷ്ടത്തിനൊത്ത് അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും പിണറായിയും മന്ത്രിമാരും സമയം കണ്ടെത്തി. ഇതിനിടെ പിണറായി കുടുംബാംഗങ്ങളെയും വേദിയിലേക്ക് വിളിപ്പിച്ചു. ഇതെല്ലാം പൂര്‍ത്തിയായ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലേക്ക് പോയത്.

 

---- facebook comment plugin here -----

Latest