Connect with us

Gulf

പുകവലിയില്‍നിന്ന് മോചനം നേടാന്‍ റമസാന്‍ മികച്ച അവസരമെന്ന് വിദഗ്ധര്‍

Published

|

Last Updated

ദോഹ:പുകവലി ശീലിച്ചവര്‍ മോചനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റമസാന്‍ വ്രതകാലം മികച്ച അവസരമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സ്‌മോകിംഗ് സെസ്സേഷന്‍ ക്ലിനിക്ക് മേധാവി ഡോ. അഹ്മദ് അല്‍ മുഅല്ല. പുകവലി രഹിതമായ ആരോഗ്യമുള്ള ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തിലേക്കു ചുവടു വെക്കാന്‍ റമസാന്‍ ഉപയോഗപ്പെടുത്താം. ഇതൊരു തന്ത്രപ്രധാനമായ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

റമസാനിലെ കുടുംബങ്ങളുടെ സന്ദര്‍ശനം, പ്രാര്‍ഥനകള്‍ എന്നീ സന്ദര്‍ഭങ്ങളെല്ലാം പുകവലിയില്‍നിന്നു മാറിനില്‍ക്കാനുള്ള അവസരങ്ങളാണ്. പുകവലിയില്‍നിന്നു മാറി നില്‍ക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കും. പ്രധാനമായും പ്രമേഹരോഗികളാണ് ഇതു ശ്രദ്ധിക്കേണ്ടത്. ഇത് ബ്ലഡ് ഷുഗറിന്റെ അളവും ബ്ലഡ് സര്‍കുലേഷനും മെച്ചപ്പെടുത്തും. ഇന്‍സുലിന്‍ സ്വീകരിക്കുന്നത് വര്‍ധിക്കും. കൊഴുപ്പിന്റെ അളവ് കുറയുകയും സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യാം. പുകവലിയില്‍നിന്ന് പിന്തിരിയുന്നതിന് പ്രയാസം അനുഭവപ്പെടുന്നവര്‍ ഡോക്ടര്‍മാരെ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
എച്ച് എം സിയുയുടെ സ്‌മോക്കേഴ്‌സ് സെസ്സേഷന്‍ ക്ലിനിക്കില്‍ പുവകലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും ചികിത്സയും ലഭിക്കും. ചികിത്സയിലൂടെ പുകവലിശീലത്തില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാന്‍ സാധിക്കും. നിക്കോട്ടിന്‍ ഉപയോഗം ഒഴിവിക്കാനുള്ള മാര്‍ഗങ്ങളാണ് ക്ലിനിക്ക് നല്‍കുന്നത്. വ്യായാമം, ഇഫ്താറിനു ശേഷം ധാരാളം വെള്ളം കുടിക്കല്‍, പുകവലിക്കാരില്‍നിന്നും അകന്നു കഴിയുക തുടങ്ങിയ ശീലങ്ങളിലൂടെ പുകവലി കുറക്കാന്‍ സാധിക്കും.

ശീഷ കഫേകളുള്‍പ്പെടെ പുകവലിക്കാര്‍ പതിവായി സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങളില്‍നിന്നും വിട്ടു നില്‍ക്കണം. പുകവലിക്കാര്‍ക്കിടയില്‍ നിന്നും മറ്റുള്ളവരും മാറി നില്‍ക്കേണ്ടതുണ്ട്. പുകശ്വസിക്കുന്നതു കൊണ്ടും ഇത്തരം കേന്ദ്രങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതുകൊണ്ടും മാത്രം നിരവധി പേര്‍ക്ക് ഹൃദ്‌രോഗമുള്‍പ്പെടെയുള്ള രോഗം വരുന്നതായും ഡോ. അഹ്മദ് അല്‍ മുല്ല പറഞ്ഞു. പുകവലി അന്നനാളത്തിലെ കാന്‍സര്‍, ഹൃദ്‌രോഗം, പക്ഷാഘാതം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കു കാരണമാകും. അന്നനാളത്തിലെ കാന്‍സര്‍ നേരിട്ട് പുകവലികൊണ്ടുണ്ടാകുന്ന രോഗമാണ്. കാര്‍ബണ്‍മോണോക്‌സൈഡിന്റെ സാന്നിധ്യമാണ് രോഗകാരണം. ഇതു മറ്റു വിവിധ കാന്‍സര്‍ ബാധക്കും ഇടയാക്കുന്നു. 45ലധികം വിഷാംശമുള്ള കെമിക്കലുകളാണ് സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

---- facebook comment plugin here -----

Latest