Connect with us

Editorial

സദാനന്ദ ഗൗഡയുടെ മുതലക്കണ്ണീര്‍

Published

|

Last Updated

മുസ്‌ലിം യുവാക്കള്‍ക്കെതിരെ വ്യാജ തീവ്രവാദ കേസുകള്‍ വര്‍ധിച്ചുവരുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് ആശങ്കയുണ്ടത്രെ. എന്‍ ഡി എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികങ്ങളുടെ ഭാഗമായി അലിഗഢില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയാണ് തീവ്രവാദത്തിന്റെ പേരില്‍ നടക്കുന്ന മുസ്‌ലിം വേട്ടയിലും പോലീസ് കസ്റ്റഡിയില്‍ അവര്‍ അനുഭവിക്കുന്ന പീഡനങ്ങളിലും ആശങ്ക പ്രകടിപ്പിച്ചത്. കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് പലപ്പോഴും മുസ്‌ലിം യുവാക്കള്‍ക്കെതിരെ ഭീകരവാദം ആരോപിച്ചത്. കസ്റ്റഡിയില്‍ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം മൂന്നാം മുറ പ്രയോഗത്തിന് വിധേയമായ ഇവര്‍ കേസുകള്‍ കോടതിയിലെത്തുമ്പോഴാണ് തെളിവില്ലെന്ന കാരണത്താല്‍ മോചിതരാകുന്നത്. നിരപരാധികള്‍ വേട്ടയാടപ്പെടുന്ന ഈ സ്ഥിതിവിശേഷം അവസാനിപ്പിക്കാന്‍ നിയമം പരിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് ഗൗഡ പറയുന്നത്.

ക്രിമിനല്‍ നടപടി ക്രമങ്ങളില്‍ പരിഷ്‌കരണം വരുത്തുന്നതിനായി നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും ക്രിമിനല്‍ നടപടി ക്രമങ്ങള്‍, ജാമ്യം, പ്രോസിക്യൂഷന്റെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.
2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായി തടവില്‍ കഴിയേണ്ടി വന്ന ഒമ്പത് മുസ്‌ലിം യുവാക്കളെയും ബാബരി വാര്‍ഷിക സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ നിസാറുദ്ദീന്‍ അഹമ്മദിനെയും ജയ്‌ഷേ മുഹമ്മദ് തീവ്രവാദ ഗൂഢാലോചനയില്‍ പങ്ക് സംശയിച്ച് അറസ്റ്റ് ചെയ്ത 10 പേരില്‍ ഏഴുപേരെയും നിരപരാധികളാണെന്ന് കണ്ട് അടുത്തിടെ കോടതികള്‍ വിട്ടയച്ചത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി നിയമപരിഷ്‌കരണത്തെക്കുറിച്ചു പറഞ്ഞത്. മുന്‍ ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ അടക്കം പലരും നേരത്തെ ചൂണ്ടിക്കാട്ടിയതാണ് ഈ വസ്തുത. ഈയിടെ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍, വധശിക്ഷക്ക് വിധിക്കപ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുന്നവരില്‍ 75 ശതമാനവും ന്യൂനപക്ഷ മതവിഭാഗങ്ങളും ദളിതരുമാണെന്ന് കണ്ടെത്തിയതും ചേര്‍ത്തു വായിക്കാകുന്നതാണ്. ഭീകര, തീവ്രവാദ കേസുളിലാണ് ഇവരില്‍ ഏറെ പേരും പ്രതി ചേര്‍ക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

എവിടെ ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം “മുസ്‌ലിം സംഘടന”കളുടെ മേല്‍ കെട്ടിവെച്ചു കുറെ മുസ്‌ലിം യുവാക്കളെ ജയിലിലടക്കുക, അവരെ മൃഗീയമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുക, തെളിവുണ്ടാക്കാന്‍ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുക, യഥാര്‍ഥ കുറ്റവാളികള്‍ നിയമത്തിന് പിടികൊടുക്കാതെ വിലസുക ഇതൊക്കെയാണ് കുറേകാലമായി രാജ്യത്ത് നടക്കുന്നത്. ഇതിന് സഹായകമായി ടാഡ, പോട്ട, യു എ പി എ എന്നിങ്ങനെ ചില കരിനിയമങ്ങളും സൃഷ്ടിക്കുന്നു. 24 മണിക്കൂറില്‍ അധികം ഒരു പൗരനെ തടഞ്ഞുവെക്കാന്‍ പോലീസിനു അധികാരമില്ല. കൂടുതല്‍ സമയം തടവില്‍ വെക്കണമെങ്കില്‍ അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി മതിയായ കാരണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്നിരിക്കെ പ്രതികള്‍ക്ക് ജാമ്യത്തിനുള്ള അവകാശം പോലും നിഷേധിച്ച് വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിക്കാകുന്ന തരത്തിലുള്ള വകുപ്പുകളാണ് ഈ കരിനിയമങ്ങളിലെല്ലാംഉള്ളത്.

ഇതുപയോഗിച്ചു മതന്യൂനപക്ഷങ്ങളെ മാത്രമല്ല, രാഷ്ട്രീയ പ്രതിയോഗികളെ പോലും വേട്ടയാടുകയാണ്. ബാബരി ധ്വംസനത്തെ തുടര്‍ന്ന് രൂപം കൊടുത്ത ടാഡ പ്രകാരം 70,000 ത്തില്‍ അധികം മുസ്‌ലിം യുവാക്കളെയാണ് ജയിലിലടച്ച് ക്രൂരമായ പീഡനത്തിനിരയാക്കിയത്. മുസ്‌ലിംകള്‍ അല്ലാത്ത രണ്ട് പേര്‍ മാത്രമാണ് ഈ നിയമത്തില്‍ കുരുങ്ങിയത്. മഹാരാഷ്ട്ര ജയിലുകളില്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് യാതൊരു കുറ്റകൃത്യ പശ്ചാത്തലവും ഇല്ലാത്തവരാണ് ഈ നിയമത്തിന് ഇരയായവരില്‍ ഏറെ പേരുമെന്നാണ്. ഇക്കാലയളവില്‍ നടന്ന ബോംബെ കൂട്ടക്കരുതിയിലെ ഉത്തരവാദികളെന്ന് ശ്രീ കൃഷ്ണ കമ്മീഷന്‍ വിധിയെഴുതിയ ബാല്‍ താക്കറെക്കോ കൂട്ടാളികള്‍ക്കോ എതിരെ ടാഡ പ്രയോഗിച്ചില്ല.

രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ മുസ്‌ലിം വേട്ടയില്‍ ആശങ്ക അഭിനയിക്കുന്നുെവന്നല്ലാതെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ഉണ്ടാകുന്നില്ല. മതന്യൂനപക്ഷങ്ങളല്ല, ആര്‍ എസ് എസിനെയും ബി ജെ പിയെയും പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്ന് ഷിന്‍ഡെ പ്രസ്താവിച്ചത് ജയ്പൂര്‍ എ ഐ സി സി സമ്മേളനത്തിലാണ്. എന്നാല്‍ ഭൂരിപക്ഷ സമൂദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഒരു നടപടിക്കും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സന്നദ്ധമായില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമാക്കിയായിരിക്കണം സദാനന്ദ ഗൗഡയുടെ ഇപ്പോഴത്തെ പ്രസ്താവന. അതിലപ്പും അദ്ദേഹം പറയുന്നത് പോലെയുള്ള നിയമ പരിഷ്‌കരണം പ്രതീക്ഷിക്കുന്നത് പിന്നീട് നിരാശക്ക് ഇടവരുത്തുകയേ ഉള്ളു.

Latest