Connect with us

Malappuram

പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ സര്‍വ്വീസ് വീണ്ടും തുടങ്ങിയേക്കും

Published

|

Last Updated

മലപ്പുറം: മുടങ്ങിക്കിടക്കുന്ന പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. നഗരസഭാ ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് കൊച്ചിന്‍ സര്‍വ്വീസസുമായി രണ്ടു തവണയായി ചര്‍ച്ചകള്‍ നടത്തി. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും വ്യവസ്ഥയും കൊച്ചിന്‍ സര്‍വ്വീസസ് പൊന്നാനി നഗരസഭക്കു മുന്നില്‍ വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നഗരസഭ തീരുമാനമെടുത്തിട്ടില്ല. നിലവിലെ ജങ്കാര്‍ ജെട്ടി പുതിയ ഫിഷിംഗ് ഹാര്‍ബറിനോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളാണ് കൊച്ചിന്‍ സര്‍വ്വീസസ് മുന്നോട്ടു വെച്ചിരിക്കുന്നത്. യാത്രക്കാരുമായി പോവുകയായിരുന്ന ചങ്ങാടം നിയന്ത്രണം വിട്ട് കടലിലേക്ക് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് പൊന്നാനി അഴിമുഖം പടിഞ്ഞാറെക്കര ഫെറി സര്‍വ്വീസ് അനിശ്ചിതത്വത്തിലായത്.
അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയ ചങ്ങാടം നിറുത്തിയെങ്കിലും പകരം ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിഞ്ഞ ഭരണസമിതിക്കായില്ല. നേരത്തെ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റേയും കൊച്ചിന്‍ സര്‍വ്വീസസിന്റേയും ജങ്കാര്‍ അഴിമുഖത്ത് സര്‍വ്വീസ് നടത്തിയിരുന്നു. വരുമാന നഷ്ടത്തെ തുടര്‍ന്ന് ഇവ നിര്‍ത്തലാക്കിയതോടെയാണ് ചങ്ങാടം സര്‍വ്വീസ് ആരംഭിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സഹായകമായ അഴിമുഖത്തെ ഫെറി സര്‍വ്വീസ് നിലച്ചതോടെ കടുത്ത യാത്രാ ക്ലേശമാണ് പടിഞ്ഞാറെക്കര മേഖലയിലുള്ളവര്‍ക്ക് നേരിടേണ്ടി വന്നത്.
യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാസഞ്ചര്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചെങ്കിലും യാതൊരു ഗുണവും ലഭിച്ചില്ല. പൂര്‍ണമായും സുരക്ഷിതത്വമുള്ള ജങ്കാര്‍ സര്‍വ്വീസ് അഴിമുഖത്ത് ആരംഭിക്കണമെന്ന നിരന്തര ആവശ്യം ഉയര്‍ന്നതോടെയാണ് പൊന്നാനി നഗരസഭാ”അധികൃതര്‍ കൊച്ചിന്‍ സര്‍വ്വീസസുമായി ചര്‍ച്ചക്ക് തയ്യാറായത്. നഗരസഭക്ക് കാര്യമായ വരുമാനമില്ലെങ്കിലും നഷ്ടം സഹിക്കേണ്ടിവരാത്ത രീതിയില്‍ സര്‍വ്വീസ് നടത്താന്‍ സന്നദ്ധതയുള്ള ജങ്കാര്‍ നടത്തിപ്പുകാരെയാണ് നഗരസഭ കാത്തിരിക്കുന്നത്.
ചമ്രവട്ടം പാലം തുറന്നതോടെ ജങ്കാര്‍ വഴിയുള്ള വാഹനങ്ങളുടെ യാത്രയില്‍ ഗണ്യമായ കുറവുണ്ടായതാണ് സര്‍വ്വീസ് വരുമാന നഷ്ടത്തിലേക്കെത്താന്‍ ഇടയാക്കിയത്. പടിഞ്ഞാറെക്കര ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നിലവില്‍ ബോട്ട് സര്‍വീസ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേരിട്ട് നടത്തുന്നുണ്ട്.