Connect with us

Kerala

ഹംസക്കുട്ടിയുടെ മരണം: ലീഗ് പ്രകടനത്തില്‍ നിന്നുള്ള ആക്രമണം മരണത്തിലേക്കെത്തിച്ചെന്ന് കുടുംബം

Published

|

Last Updated

തിരൂര്‍: എസ് വൈ എസ് വളവന്നൂര്‍ ടി കെ പാറ യൂനിറ്റ് പ്രസിഡന്റ് അമ്പലത്തിങ്ങല്‍ കുഞ്ഞിപ്പയെന്ന ഹംസക്കുട്ടി(48)യുടെ മരണം മുസ്‌ലിംലീഗിന്റെ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ആക്രമണവും മര്‍ദനവും മൂലമാണെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിതാവിനു നേരെ പലതവണ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ഗുണ്ടും എറിഞ്ഞ ശേഷം മര്‍ദിക്കുകയായിരുന്നെന്ന് ഹംസക്കുട്ടിയുടെ മക്കളായ മുഹമ്മദ് ശഫീഖ്, അബ്ദുല്‍ റശീദ് എന്നിവര്‍ പറഞ്ഞു. വീണുകിടന്ന ഹംസക്കുട്ടിക്കു നേരെയും കയ്യേറ്റ ശ്രമം നടന്നതായും ആശുപത്രിയിലേക്കുള്ള വഴി തടസപ്പെടുത്തിയും ലീഗ് ഗുണ്ടകള്‍ തങ്ങളെ ദ്രോഹിച്ചതായി കുടുംബം പറഞ്ഞു. ഒരു മണിക്കൂറോളം ഹംസക്കുട്ടിയുടെ വീടിനു മുന്നില്‍ മാത്രം പ്രകടനം തമ്പടിച്ചിരുന്നു. അക്രമ സംഭവത്തിനു ശേഷം ആശുപത്രിയിലേക്കുള്ള വഴി തടസപ്പെടുത്താതെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ പിതാവിനെ ഞങ്ങള്‍ക്ക് നഷ്ടപ്പെടില്ലായിരുന്നെന്ന് മക്കള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. മുസ്‌ലിംലീഗ് പ്രകടനത്തില്‍ നിന്നുണ്ടായ ആക്രമണമാണ് മരണത്തിനിടയാക്കിയത്. വസ്തുത ഇതായിരിക്കെ സ്വാഭാവിക മരണമാണിതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് കുടുംബത്തോടുള്ള കടുത്ത ദ്രോഹമാണെന്നും ഹംസക്കുട്ടിയുടെ കുടുംബം കൂട്ടിച്ചേര്‍ത്തു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കുടുംബം വ്യക്തമാക്കി.
ലീഗിന്റെ ആഹ്ലാദ പ്രകടനത്തില്‍ നിന്നുണ്ടായ അക്രമങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ മക്കള്‍ സംഭവം വിവരിക്കുന്നതിങ്ങനെ: തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഞങ്ങളുടെ വീടിനു നേരെ ലീഗുകാര്‍ ഗുണ്ടുകളും പടക്കങ്ങളും എറിഞ്ഞിരുന്നു. എറിഞ്ഞ ആളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇവര്‍ സമീപത്തെ വീടുകളിലും ഇതുപോലെ ഗുണ്ടെറിഞ്ഞു. അയല്‍വാസികള്‍ ചേര്‍ന്ന് ഈ സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസില്‍ പരാതി നല്‍കി. അപ്പോഴും പിതാവ് കേസ് വേണ്ടെന്നും ഗുണ്ടെറിഞ്ഞവരെല്ലാം ഒരേ നാട്ടുകാരും അയല്‍വാസികളും തന്നെയല്ലേ എന്നായിരുന്നു പറഞ്ഞിരുന്നത്. സമാധാനം ആഗ്രഹിച്ചിരുന്ന ഞങ്ങളുടെ പിതാവിനെയാണ് ഇവര്‍ അടുത്ത ദിവസം അക്രമിച്ച് കൊലപ്പെടുത്തിയത്. ഏഴ് വര്‍ഷം മുമ്പ് ഹൃദ്രോഗമുണ്ടായിരുന്നപ്പോള്‍ ചികിത്സിച്ചിരുന്നു. അതിനു ശേഷം യാതൊരു പ്രശ്‌നവും ഇല്ല. ഉപ്പ ആരോഗ്യവാനായിരുന്നു. വീട്ടു വളപ്പില്‍ പതിവായി കൃഷി ചെയ്തിരുന്നു.
നാട്ടിലെ പൊതു പ്രവര്‍ത്തന രംഗത്തെല്ലാം ഓടി നടന്നിരുന്നു. സംഭവം നടക്കുന്നതിനു തൊട്ടു മുമ്പായി കടുങ്ങാത്തുകുണ്ട് ജുമാമസ്ജില്‍ വെച്ചു നടന്ന പള്ളികമ്മിറ്റി യോഗത്തില്‍ പങ്കെടുത്തായിരുന്നു വീട്ടിലെത്തിയത്. പിന്നീട് ലീഗിന്റെ പ്രകടനം വീട്ടിനു മുന്നില്‍ കുറെ നേരം തമ്പടിച്ചു. അപ്പോള്‍ പ്രകടനത്തില്‍ നിന്നും വീട്ടിനു നേരെ ഗുണ്ട് എറിഞ്ഞിരുന്നു.
വീട്ടുമുറ്റത്തുണ്ടായിരുന്ന ഓലയില്‍ തീപിടിച്ചതു കണ്ടപ്പോഴാണ് പിതാവ് മുറ്റത്തേക്ക് ഇറങ്ങി അവരോട് പോവാന്‍ ആവശ്യപ്പെട്ടത്. ഇതു കേള്‍ക്കാതെ അവര്‍ വീണ്ടും പടക്കമെറിഞ്ഞ് അവിടെ നിന്നു. ഉപ്പ ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ഇവര്‍ സംഘം ചേര്‍ന്ന് ഉപ്പയെ കയ്യേറ്റം ചെയ്യുകയാണ് ചെയ്തത്. അപ്പോഴേക്കും ഉപ്പ തളര്‍ന്നു വീണിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പിതാവിനു നേരെ പലതവണ മര്‍ദനമുണ്ടായി. ഈ സമയം ഉപ്പയുടെ കാലിനടിയിലേക്കും വീട്ടുമുറ്റത്തേക്കും ഗുണ്ട് പലതവണ എറിഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഉപ്പ അസ്വസ്ഥത പ്രകടിപ്പിച്ചതും തളര്‍ന്നു വീണതും.
അപ്പോഴേക്കും പ്രകടനം മുന്നോട്ട് പോയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഞങ്ങളെ ലീഗുകാര്‍ അനുവദിച്ചിരുന്നില്ല. വഴിമാറാന്‍ കെഞ്ചി പറഞ്ഞെങ്കിലും വേണമെങ്കില്‍ തലയുടെ മുകളിലൂടെ പൊയ്‌ക്കോളൂ എന്നായിരുന്നു അവരുടെ മറുപടി. ഈ സംഭവങ്ങളെല്ലാം ഞങ്ങള്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭിക്കാന്‍ പോലീസ് ഉന്നതാധികാരികള്‍ ഇടപെടണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. വാര്‍ത്താ സമ്മേളനത്തില്‍ ഹംസക്കുട്ടിയുടെ സഹോദരന്‍ അബ്ദുല്‍ സമദ്, സഹോദര പുത്രന്‍ എ വി ഫാസില്‍, അമ്മാവന്റെ മകന്‍ ടി പി മന്‍സൂര്‍, പി സി മുഹമ്മദ്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Latest