Connect with us

Malappuram

വിദ്യ നേടാന്‍ അഭ്യാസം

Published

|

Last Updated

മലപ്പുറം: വിദ്യാര്‍ഥികളുടെ ദുരിത യാത്ര പതിവുപോലെ ഈ വര്‍ഷവും തുടങ്ങി. കൃത്യ സമയത്ത് സ്‌കൂളിലും വീട്ടിലുമെത്താന്‍ കടമ്പകള്‍ ഏറെ കടക്കണം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യേണ്ടവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ബസില്‍ കയറിപ്പറ്റണമെങ്കില്‍ ഗുസ്തി പിടിക്കണം.
അകത്ത് കയറിയാല്‍ ജീവനക്കാരുടെ പഴിയും കേള്‍ക്കണം. ഇത്തരത്തിലാണ് വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തിന്റെ യാത്ര. ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടു പോകുന്നുവെന്ന പരാതിയും ഇത്തവണ ആദ്യമേ ഉയര്‍ന്നു കഴിഞ്ഞു. പല ഓട്ടോ ഡ്രൈവര്‍മാരും സൗകര്യമുള്ളതിലും കൂടുതല്‍ കുട്ടികളെ കയറ്റിയാണ് ഓടുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകള്‍ ഫലം കാണാത്തതാണ് ഇത്തരം അനധികൃത യാത്രകള്‍ തുടരാന്‍ കാരണം. സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രം നടത്തുന്ന പരിശോധന പിന്നീട് അവസാനിപ്പിക്കുന്നതാണ് നിയമലംഘനം തുടരാന്‍ സഹായകമാകുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യര്‍ഥികള്‍ക്ക് ബസ് യാത്ര പരീക്ഷണമാണ്. വിദ്യാര്‍ഥികളെ കണ്ടാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെയും കുട്ടികള്‍ കയറുന്നതിന് മുമ്പെ ബെല്ലടിക്കുന്നതുമെല്ലാം ബസ് ജീവനക്കാരുടെ സ്ഥിരം പല്ലവിയാണ്. അപകടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും മത്സരയോട്ടത്തിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. മഴക്കാലം കൂടിയായതോടെ ഇരട്ടി ദുരിതമാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യാത്ര. കെ എസ് ആര്‍ ടി സിയില്‍ പൂര്‍ണമായി സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ ഒരു പരിധിവരെ യാത്രാ പ്രശ്‌നം പരിഹരിക്കാനാകും. പ്ലസ് വണ്‍ ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതിനാല്‍ സമീപത്തെ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ കൂടുതല്‍ പേര്‍ക്കും ബസ് സര്‍വീസുകളെ തന്നെ ആശ്രയിക്കേണ്ടി വരും.

---- facebook comment plugin here -----

Latest