Connect with us

Sports

നിത അംബാനിക്ക് ഒളിമ്പിക് ബമ്പര്‍

Published

|

Last Updated

മുംബൈ: രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐ ഒ സി) അംഗമാകാന്‍ ഇന്ത്യന്‍ കായിക രംഗത്തെയും വാണിജ്യരംഗത്തെയും ശക്തമായ വനിതാ സാന്നിധ്യമായ നിത അംബാനിക്ക് നാമനിര്‍ദേശം. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതക്ക് ഐ ഒ സി നാമനിര്‍ദേശം നല്‍കുന്നത്. ആഗസ്റ്റിലെ 129താമത് യോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിത അംബാനിക്ക് എഴുപത് വയസ് വരെ ഐ ഒ സി അംഗമായിരിക്കാം.
റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍പേഴ്‌സനായ നിത അംബാനി റിയലന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യയാണ്. ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ മേല്‍നോട്ടം വഹിക്കുന്ന നിത ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മുഖ്യ സംഘാടകരില്‍ ഒരാളാണ്.
ലോക കായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെ അംഗത്വത്തില്‍ കൊണ്ടുവരുക എന്ന ലക്ഷ്യമാണ് നിത അംബാനിക്ക് ലഭിച്ച നാമനിര്‍ദേശം.
ആഗസ്റ്റ് രണ്ട് മുതല്‍ നാല് വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഐ ഒ സി 129 താമത് സെഷനില്‍ നിതക്ക് അംബാനിക്ക് അംഗത്വം ലഭിച്ചാല്‍ ഇന്ത്യക്ക് ചരിത്ര നിമിഷമാകും.
നാമനിര്‍ദേശം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് നിത പ്രതികരിച്ചു. ഇന്ത്യയെയും ഇന്ത്യന്‍ വനിതകളുടെയും അഭിമാനസ്തംഭമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും നിത പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, മേരി കോം, ലിയാണ്ടര്‍ പെയ്‌സ് എന്നിവര്‍ നിത അംബാനിക്ക് ട്വിറ്റര്‍ വഴി അഭിനന്ദനം അറിയിച്ചു.

Latest