Connect with us

Idukki

കോണ്‍ഗ്രസ് വിഭാഗീയത തുറന്നു കാട്ടി പി ടി തോമസ് എം എല്‍ എക്ക് ഉജ്ജ്വല സ്വീകരണം

Published

|

Last Updated

തൊടുപുഴ:ജില്ലയിലെ കോണ്‍ഗ്രസ് എ വിഭാഗത്തിലെ വിഭാഗീയത തുറന്നു കാട്ടി തൃക്കാക്കര എം എല്‍ എ പി ടി തോമസിന് തൊടുപുഴയില്‍ ഉജ്ജ്വല സ്വീകരണം. എ ഗ്രൂപ്പിലെ പി.ടി തോമസ് വിഭാഗവും ഐ ഗ്രൂപ്പും സംയുക്തമായി യൂത്തു കോണ്‍ഗ്രസ് തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ ബാനറിലാണ് സ്വീകരണ സമ്മേളനം ഒരുക്കിയത്. ഡി സി സി പ്രസിഡന്റ് റോയി. കെ.പൗലോസ് അടക്കമുളള എ വിഭാഗക്കാര്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല. ഡി സി സി പ്രസിഡന്റിനെ ക്ഷണിച്ചിരുന്നുവെന്ന് സംഘാടകര്‍ പറയുമ്പോള്‍ റോയി.കെ.പൗലോസിനെ അവഗണിച്ചുവെന്നാണ് അദ്ദേഹത്തിന് ഒപ്പമുളളവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളിലോ ഫളക്‌സുകളിലോ ഡി സി സി പ്രസിഡന്റിന്റെ പേരുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ റോയി കെ പൗലോസ് തയ്യാറായിട്ടുമില്ല.
ഇന്നലെ വൈകിട്ട് തൊടുപുഴ റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും വാദ്യമേള അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പി ടി തോമസിനെ സമ്മേളന വേദിയായ മുനിസിപ്പല്‍ മൈതാനിയിലേക്ക് ആനയിച്ചത്. ഡി സി സി ഭാരവാഹികളായ ജോണ്‍ നെടിയപാലയും എന്‍ ഐ ബെന്നിയും പി ടിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. ചാറല്‍ മഴ വകവെക്കാതെ നൂറുകണക്കിന് പേര്‍ സ്വീകരണ ജാഥയില്‍ അണിനിരന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീമാണ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. യു ഡി എഫിനെ തോല്‍പ്പിക്കുന്നത് ജനങ്ങളല്ല. യു ഡി എഫ് തന്നെയാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും കണ്ടതെന്നും ടി എം സലീം പറഞ്ഞു. രാഷ്ട്രീയത്തില്‍ കയറ്റങ്ങളും ഇറക്കങ്ങളും സ്വാഭാവികമാണെന്നും സത്യസന്ധമായ നിലപാടുകള്‍ ഏതെങ്കിലും കാലത്ത് അംഗീകരിക്കപ്പെടുമെന്നും പറഞ്ഞായിരുന്നു പി ടി തോമസിന്റെ നന്ദി പ്രസംഗത്തിന്റെ തുടക്കം. ഒരു പ്രത്യേക നിലപാടിന്റെ പേരില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ താന്‍ ഏറെ വേദനിച്ചു. ഇടുക്കി ഒഴിച്ചുളള ഏതെങ്കിലും ലോകസഭാ മണ്ഡലത്തിന്റെ ചുമതല നല്‍കണമെന്നാണ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചത്. തന്റെ സാന്നിധ്യം പോലും ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ഡീന്‍ കുര്യാക്കോസിന് തിരിച്ചടിയാകരുതെന്ന നിര്‍ബന്ധം മൂലമായിരുന്നു ഇത്. തനിക്ക് ചുമതല ലഭിച്ച കാസര്‍ഗോഡ് മണ്ഡലത്തില്‍ ഒരാഴ്ച കൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ടി സിദ്ധീഖ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പായിരുന്നു.
തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ചാലക്കുടിയിലാണ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി തൃക്കാക്കരയില്‍ നിയോഗിക്കപ്പെടുകയായിരുന്നു.

 

Latest