Connect with us

Editorial

മനുഷ്യാവകാശ കമ്മീഷനെന്ന കടലാസ് പുലി

Published

|

Last Updated

മൂര്‍ച്ചയുള്ള പല്ലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നു സര്‍ക്കാറിനോട് മനുഷ്യാവകാശ കമമീഷന്‍. നിലവില്‍ പല്ല് കൊഴിഞ്ഞ സിംഹം കണക്കെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട കേസുകളിലെ തങ്ങളുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് കമ്മീഷനെന്ന് അതിന്റെ ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്ത് പരിതപിക്കുന്നു. മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള സംവിധാനങ്ങളില്ല. തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളില്‍ അതീവ ഗൗരവത്തോടെയാണ് കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം പലപ്പോഴും ഒറ്റപ്പെട്ട മേഖലകളില്‍ പരിമിതമായ സൗകര്യങ്ങള്‍ വെച്ചായിരിക്കും നടത്തുന്നത്. ഇതില്‍ നിന്ന് ലഭ്യമായ തെളിവുകള്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും പരിഗണനക്ക് വിടും. തുടര്‍ന്ന് പരിഹാര നടപടികളോ ഇരകള്‍ക്ക് ധനസഹായമോ സര്‍ക്കാറിന് നിര്‍ദേശിക്കുന്നതോടെ അവസാനിക്കുന്നു കമ്മീഷന്റെ ചുമതലകള്‍. ശിപാര്‍ശകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനുള്ള അധികാരം കമ്മീഷനില്ല. അതുണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം വേണ്ടത്ര ഫലവത്താകുകയുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്.
മനുഷ്യാവകാശ കമ്മീഷന്റെ ഈ ആവശ്യകതയെ ബലപ്പെടുത്തുന്നതാണ് കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന ഉദാസീനത. കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍,അതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടി സംബന്ധിച്ച വിവരമടക്കം എല്ലാ വര്‍ഷവും നിയമ സഭകളില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. കമ്മീഷന്റെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നിരസിക്കുകയാണെങ്കില്‍ അതിനുള്ള വ്യക്തമായ കാരണം സഭയെ ബോധ്യുപ്പെടുത്തുകയും വേണം. എന്നാല്‍ ഒരു സംസ്ഥാനത്തും ഇത് പാലിക്കാറില്ല. കേരളത്തില്‍ ഒരു വ്യാഴവട്ടക്കാലമായി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ നിയമ വകുപ്പ് സമ്മതിച്ചതാണ്. 2001 ലെ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് നിയമ സഭയില്‍ അവസാനമായി വെച്ചത്. നിയമ വകുപ്പാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടത്. റിപ്പോര്‍ട്ട് സമര്‍പ്പണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ നിയമ വകുപ്പിനെ നിയഭസഭാ സമിതി രൂക്ഷമായി വിമര്‍ശിക്കുകയും ഇക്കാര്യത്തിലുള്ള ഉദ്യോഗസ്ഥരുടെ കൃത്യവിലോപം സഭയോടുള്ള അവഹേളനമായി കണക്കാക്കി അവര്‍ക്കെതിരെ അടിയന്തിര ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സര്‍ക്കാറിനോ ഉദ്യോഗസ്ഥര്‍ക്കോ ഒരു കുലുക്കവുമില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചു വരുന്ന കേരളത്തില്‍ അത്തരം സംഭവങ്ങള്‍ക്കെതിരെ വിശദീകരണമാവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസയക്കുകയും അത് വാര്‍ത്തയാകുകയും ചെയ്യാറുണ്ട്. നോട്ടീസയക്കുന്ന സംഭവങ്ങളില്‍ ചെറിയൊരു ശതമാനത്തില്‍ മാത്രമേ തുടരന്വേഷണവും ശിപാര്‍ശാ സമര്‍പ്പണവും നടക്കുന്നുള്ളു. അത് പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെങ്കില്‍് എന്തിനാണ് ഇത്തരമൊരു സംവിധാനം തുടരുന്നത്? ആര്‍ക്കു വേണ്ടിയാണിത്?
രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചു വരികയാണ്. രാജ്യസുരക്ഷയുടെ പേരില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. കുറ്റകൃത്യങ്ങളില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്കെതിരെ ചോദ്യം ചെയ്യലിന്റെ മറവില്‍ പോലീസ് അതിക്രൂരമായ മുന്നാംമുറ പ്രയോഗിക്കുന്നു. ശരാശരി 170-180 കസ്റ്റഡി മരണങ്ങളും 2500 ജയിലില്‍ വെച്ചുള്ള മരണങ്ങളും നടക്കുന്നുണ്ട് രാജ്യത്ത്. കേരളത്തിലെ ജയില്‍ തടവുകാരില്‍ 40 ശതമാനവും നിരപരാധികളാണെന്ന് ഇതിനിടെ സംസ്ഥാന ജയില്‍ കാര്യാലയം തന്നെ വെളിപ്പെടുത്തിയയാണ്. ജാതി സമ്പദായത്തിന്റെ പേരില്‍ ദളിതര്‍ കൊടിയ വിവേചനവും പീഢനവും അനുഭവിക്കുന്നു. ഭീകര വിരുദ്ധ നടപടികളുടെ മറപിടിച്ചു ഒരു സമൂദായത്തെയാകെ വേട്ടയാടുന്നു. ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ചിന്റെ 2013ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ പ്രബുദ്ധമായ സമൂഹവും സ്വതന്ത്ര മാധ്യമങ്ങളും നിഷ്പക്ഷ ജൂഡീഷ്യറിയുമുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനം വര്‍ധിച്ചു വരികയാണെന്നാണ്. പോലീസ് പരിഷ്‌കാരങ്ങള്‍, ആരോഗ്യ സംരക്ഷണം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സര്‍ക്കാര്‍ നടപടികളില്‍ ആരംഭ ശൂരത്വം മാത്രമേ ഉള്ളുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
1993-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1994ലാണ് രാജ്യത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാന്‍ അധികാമുള്ള സംവിധാനമെന്ന നിലയില്‍ ഇന്ത്യന്‍ സമൂഹം കമ്മീഷനില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരുന്നത്. ഈ പ്രതീക്ഷ നിറവേറ്റാന്‍ കമ്മീഷനാകുന്നില്ലെന്നാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയുള്ള അതിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ബോധ്യമാകുന്നത്. ജസ്റ്റിസ് എച്ച് എല്‍ ദത്ത് ചൂണ്ടിക്കാട്ടിയത് പോലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കമമീഷന് ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ക്ക് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുന്നതിലപ്പുറം കുറ്റക്കാരെ പ്രൊസിക്യൂട്ട് ചെയ്യാനുള്ള അധികാരവും കൂടി അവര്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്റെ ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍ണമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest