Connect with us

Sports

അലിയുടെ കരിയര്‍ - ഒറ്റ നോട്ടത്തില്‍

Published

|

Last Updated

1960 സെപ്തംബര്‍ 5 – റോം ഒളിമ്പിക്‌സില്‍ ലൈറ്റ് വെയ്റ്റ് ബോക്‌സിംഗില്‍ മുഹമ്മദ് അലി ചാമ്പ്യനായി (അന്ന് കാഷ്യസ് ക്ലേ എന്നായിരുന്നു പേര്). പോളണ്ടിന്റെ ബിഗ്നീ പെര്‍സികോസ്‌കിയെ ഫൈനലില്‍ തോല്‍പ്പിച്ചു.

1960 ഒക്‌ടോബര്‍ 29 – പ്രൊഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറ്റം. ജന്മനഗരമായ കെന്റകിയിലെ ലൂയിസ്‌വില്ലെയില്‍ നടന്ന മത്സരത്തില്‍ ടുനെ ഹന്‍സാക്കറിനെ ആറ് റൗണ്ട് പോരില്‍ കീഴടക്കി. വെസ്റ്റ് വിര്‍ജിനിയയിലെ ഫയറ്റെവില്ലയുടെ പോലീസ് മേധാവി ആയിരുന്നു ഹന്‍സാകര്‍.

1964 ഫെബ്രുവരി 25 – ഇരുപത്തിരണ്ടാം വയസില്‍ സണ്ണി ലിസ്റ്റനെ തോല്‍പ്പിച്ച് ആദ്യമായി ഹെവിവെയ്റ്റ് ചാമ്പ്യനായി. തുടരെ പത്തൊമ്പത് ജയങ്ങളുമായിട്ടായിരുന്നു അലി ഹെവിവെയ്റ്റ് കിരീടപ്പോരിന് ഇറങ്ങിയത്. മിയാമി ബീച്ചിലെ മത്സരം ആറ് റൗണ്ടില്‍ തീര്‍ന്നു.

1967 മാര്‍ച്ച് 22 – തുടരെ എട്ട് ജയങ്ങള്‍. ഇതില്‍ സണ്ണി ലിസ്റ്റന്‍, മുന്‍ ചാമ്പ്യന്‍ ഫ്‌ളോയ്ഡ് പാറ്റേഴ്‌സന്‍ എന്നിവര്‍ക്കെതിരെയും ജയം. സോറ ഫോളിയെ ഏഴാം റൗണ്ടില്‍ ഇടിച്ച് നിലത്തിടുകയുണ്ടായി. ഈ ഇടിക്ക് ശേഷമാണ് നിര്‍ബന്ധിത സൈനിക സേവനം എന്ന യു എസ് സര്‍ക്കാറിന്റെ ആവശ്യം അലി തള്ളിക്കളഞ്ഞത്. വിലക്ക് വന്നു, തടവ് ശിക്ഷ ലഭിച്ചു, മെഡലുകള്‍ തിരിച്ചെടുക്കപ്പെട്ടു.

1970 ഒക്‌ടോബര്‍ 26 – മൂന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ അലി ഇടിക്കൂട്ടില്‍ തിരിച്ചെത്തി. അറ്റ്‌ലാന്റയില്‍ ജെറി ക്വാറിക്കെതിരെ വിജയത്തോടെ രണ്ടാം വരവ് ആഘോഷിച്ചു.

1971 മാര്‍ച്ച് എട്ട് – ഹെവിവെയ്റ്റ് ചാമ്പ്യനായ ജോ ഫ്രേസിയറും അലിയും തമ്മില്‍ ഏറ്റുമുട്ടി. നൂറ്റാണ്ടിന്റെ ഇടി എന്നാണ് ഇതറിയപ്പെടുന്നത്. അലി വിട്ടു നിന്ന കാലത്ത് ബോക്‌സിംഗിലെ രാജകീയ പട്ടം സ്വന്തമാക്കിയ ഫ്രേസിയര്‍ അലിയെ പോലെ അപരാജിതനായിരുന്നു. പതിനഞ്ച് റൗണ്ടുകള്‍ നീണ്ടു നിന്ന പോരില്‍, അലി ആയിരുന്നു തുടക്കത്തില്‍ ആധിപത്യം സ്ഥാപിച്ചത്. പതിയെ ഫ്രേസിയര്‍ അലിയെ വലച്ചു. ലോകം ഉറ്റുനോക്കിയ പോരില്‍ അലി വീണു.

1973 മാര്‍ച്ച് 31 – അലിയുടെ അടുത്ത തോല്‍വി കെന്‍ നോര്‍ട്ടനോട്, അലിയുടെ താടിയെല്ല് തകര്‍ന്നു. ആറ് മാസങ്ങള്‍ക്ക് ശേഷം ഇരുവരും മുഖാമുഖം വന്നു. ഇത്തവണ, അലി ജയിച്ചു.

1974 ജനുവരി 28- അലി മുന്‍ ചാമ്പ്യന്‍ ജോ ഫ്രേസിയറെ തോല്‍പ്പിക്കുന്നു. ഫ്രേസിയര്‍ ജോര്‍ജ് ഫോര്‍മാനോട് തോറ്റതിനാല്‍ തന്നെ അലിക്ക് ഹെവിവെയ്റ്റ് കിരീടം വീണ്ടെടുക്കാന്‍ ആ ജയത്തോടെ സാധിച്ചില്ല.

1974 ഒക്‌ടോബര്‍ 30 – കാട്ടിലെ ഗര്‍ജനം എന്ന വിശേഷണം ലഭിച്ച പോരാട്ടമായിരുന്നു ഹെവിവെയ്റ്റ് ചാമ്പ്യന്‍ ജോര്‍ജ് ഫോര്‍മാനും അലിയും തമ്മിലുള്ളത്. പതിവ് പോലെ നൃത്തച്ചുവടുകളോടെയല്ല അലി എതിരാളിയെ നേരിട്ടത്. ഭൂരിഭാഗം സമയവും മുഖം മുഷ്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചു. ഫോര്‍മാനെ പരമാവധി ക്ഷീണിതനാക്കാനായിരുന്നു അലി പരിശ്രമിച്ചത്. ഇടക്ക് പഞ്ച് ചെയ്യും. എട്ടാം റൗണ്ടില്‍ അലി മത്സരം ജയിച്ചു. രണ്ടാം ഹെവിവെയ്റ്റ് കിരീടം സ്വന്തമാക്കി.

1975 ഒക്‌ടോബര്‍ 1 – ഫ്രേസിയറും അലിയും തമ്മില്‍ റീമാച്ച്. പതിനഞ്ചാം റൗണ്ടില്‍ അലിയെ നേരിടാന്‍ ഫ്രേസിയര്‍ എത്തിയില്ല. അലി ജയിച്ചു.

1978 ഫെബ്രുവരി 15 – ലിയോണ്‍ സ്പിങ്ക്‌സിന് മുന്നില്‍ അലിക്ക് കിരീടം അടിയറവ് വെക്കേണ്ടി വന്നു. 1976 ഒളിമ്പിക് സ്വര്‍ണം നേടിയ സ്പിങ്ക്‌സ് ഏഴ് പ്രൊഫഷണല്‍ മത്സര പരിചയവുമായിട്ടാണ് അലിയെ അട്ടിമറിച്ചത്.

1978 സെപ്തംബര്‍ 15- റീമാച്ചില്‍ സ്പിങ്ക്‌സിനെ കീഴടക്കി അലി മൂന്നാം ഹെവിവെയ്റ്റ് കിരീടം സ്വന്തമാക്കി. മൂന്ന് തവണ ബോക്‌സിംഗ് ചാമ്പ്യനാകുന്ന ആദ്യ താരവുമായി അലി. വിരമിക്കുകയും ചെയ്തു.

1980 ഒക്‌ടോബര്‍ 2 – മുപ്പത്തെട്ടാം വയസില്‍ തിരിച്ചുവരവിന് ശ്രമം. ലാറി ഹോംസിനോട് തോറ്റ് അലി ഇനിയൊരു തിരിച്ചുവരവില്ലെന്ന് സൂചന നല്‍കി മടങ്ങി. പത്ത് റൗണ്ടിന് ശേഷം ക്ഷീണിതനായ അലി പരിശീലകന്റെ നിര്‍ബന്ധത്തിന് വഴങ്ങി പിന്‍മാറുകയായിരുന്നു.

1981 ഡിസംബര്‍ 11- ട്രെവര്‍ ബെര്‍ബിക്കിനോട് തോറ്റ് അലി പൂര്‍ണമായും ബോക്‌സിംഗില്‍ നിന്ന് പിന്‍മാറി.

---- facebook comment plugin here -----

Latest