Connect with us

Sports

കോപയില്‍ കൊളംബിയക്ക് വിജയത്തുടക്കം

Published

|

Last Updated

സാന്റകാര്‍ല: കോപ അമേരിക്കയിലെ ഉദ്ഘാടനപ്പോരില്‍ കൊളംബിയക്ക് മികച്ച വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ യു എസ് എയെ തോല്‍പ്പിച്ചു. എ സി മിലാന്‍ താരം സപാറ്റയും റയല്‍മാഡ്രിഡിന്റെ ഹാമിഷ് റോഡ്രിഗസുമാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ പെക്കര്‍മാന്റെ കൊളംബിയ രണ്ട് ഗോളുകള്‍ക്ക് മേല്‍ക്കൈ സ്ഥാപിച്ചു.
രണ്ടാം പകുതിയില്‍ കുറേക്കൂടി ഭാവനാത്മകമായി പന്ത് തട്ടിയ ക്ലിന്‍സ്മാന്റെ യു എസ് നിര രണ്ട് സുവര്‍ണാവസരങ്ങള്‍ നേടിയെടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഓസ്പിന മികച്ച ഫോമിലായിരുന്നു. 1994 ലോകകപ്പില്‍ കൊളംബിയയെ അട്ടിമറിച്ചതു പോലൊരു ജയമാണ് ക്ലിന്‍സ്മാന്‍ മനസില്‍ താലോലിച്ചത്. എന്നാല്‍, 2014 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമിന്റെ ഫോം പോലും പ്രദര്‍ശിപ്പിക്കാതെ ടീം കളം വിടുകയായിരുന്നു.
എട്ടാം മിനുട്ടില്‍ തന്നെ സെറ്റ് പീസില്‍ നിന്ന് സപാറ്റ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍. ഫരീദ് ഡയസിന്റെ ക്രോസ് ബോള്‍ ബോക്‌സിനുള്ളില്‍ ഡിഫന്‍ഡ് ചെയ്യുന്നതിനിടെ യെഡ്‌ലിന്റെ കൈയില്‍ തട്ടിയതാണ് പെനാല്‍റ്റിക്ക് കാരണം.
അമേരിക്കന്‍ താരങ്ങള്‍ മെക്‌സിക്കന്‍ റഫറി റോബര്‍ടോ ഗാര്‍സിയയോട് പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച കോസ്റ്റാറിക്കയാണ് യു എസ് എയുടെ എതിരാളി. കൊളംബിയ പരാഗ്വെയെ നേരിടും.

Latest