Connect with us

Sports

മുഹമ്മദലിയില്‍ മുഴങ്ങിയത് വംശീയ വിരുദ്ധതയുടെ വാക്കുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍: മുഹമ്മദലിയുടെ വാക്കുകളില്‍ ധിക്കാരത്തിന്റെ അലകള്‍ കാണുന്നവരുണ്ട്. എന്നാല്‍ ആ വാക്കുകള്‍ ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും നിഷ്‌കളങ്കതയുടെയും നിദര്‍ശനങ്ങളായിരുന്നു. വംശീയവിരുദ്ധമായ അവബോധങ്ങളും യുദ്ധവിരുദ്ധമായ നിശ്ചദാര്‍ഢ്യവും വിശുദ്ധമതത്തിലുള്ള വിശ്വാസ ദാര്‍ഢ്യവും ആ വാക്കുകളില്‍ മുഴങ്ങുന്നു.
വിയറ്റ്‌നാം ആക്രമണത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ അമേരിക്കന്‍ ഭരണകൂടം ഉത്തരവിട്ടപ്പോള്‍ മുഹമ്മദലി ഗര്‍ജിച്ചു: “വെളുത്ത വര്‍ഗക്കാരന്റെ അധീശത്വം നിലനിര്‍ത്താന്‍ മാത്രമായി പതിനായിരം മൈല്‍ സഞ്ചരിച്ച് ആളുകളെ കൊന്നൊടുക്കാനും ചുട്ടെരിക്കാനും എന്നെ കിട്ടില്ല. ഇത്തരം പാപപങ്കിലമായ അനീതികള്‍ അവസാനിക്കേണ്ട കാലവും ദിവസവുമാണിത്.” 1964ല്‍ സോണി ലിസ്റ്റണുമായുള്ള പോരാട്ടത്തിന് തൊട്ടു മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ പിന്നീട് അദ്ദേഹത്തിന്റെ ഇടിക്കൂട്ടിലെ പ്രകടനത്തെ അടയാളപ്പെടുത്താനുള്ള പ്രയോഗമായി മാറി: പൂമ്പാറ്റയെപ്പോലെ പാറി നടക്കുക; കടന്നലിനെപ്പോലെ കുത്തുക, അലറുക യുവാവേ അലറുക”. 1964 ഫെബ്രുവരി 25ന് സോണി ലിസ്റ്റണെ തോല്‍പ്പിച്ച ശേഷം മുഹമ്മദലി ഇങ്ങനെ വിളിച്ചു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ രാജാവാകുന്നു. ഞാന്‍ ഇന്ന് സുന്ദരനാണ്. ഞാന്‍ ഇന്ന് താന്തോന്നിയുമാണ്. ഞാന്‍ ലോകത്തെ കുലുക്കിയിരിക്കുന്നു. എന്ന് പറഞ്ഞുവെന്ന് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു വാചകമാണ് മുഹമ്മദലിയുടെ പ്രതികരണങ്ങളില്‍ ഏറ്റവും മനോഹരമായി പറയപ്പെടുന്നത്: എനിക്ക് നിങ്ങളുടെ മുമ്പില്‍ വിനീതനാകാനാകില്ല. കാരണം നിങ്ങള്‍ എന്നെപ്പോലെ തന്നെ മഹാനാണ്.
1971ല്‍ തനിക്കെതിരായ കുറ്റാരോപണങ്ങള്‍ സുപ്രീം കോടതി തള്ളിയപ്പോള്‍ മുഹമ്മദലി പറഞ്ഞത് ഇങ്ങനെ: “ഞാന്‍ എന്റെ ആഘോഷം ഇതിനകം നടത്തിക്കഴിഞ്ഞു. ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയായിരുന്നു”. “എന്റെ പേര് സെര്‍ബിയയിലും പാക്കിസ്ഥാനിലും മൊറോക്കോയിലും മുഴങ്ങുന്നുണ്ട്. ഈ രാജ്യങ്ങളൊന്നും കെന്റുക്കി ഡെര്‍ബി ശ്രദ്ധിക്കുന്നവരല്ല” എന്നായിരുന്നു 1977ല്‍ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ മുഹമ്മദലി അമേരിക്കന്‍ പൊങ്ങച്ചത്തെ പരിഹസിച്ചത്. മനുഷ്യന്‍ എന്ന നിലക്കുള്ള തന്റെ പരിമിതിയും നിസ്സാരതയും മുഹമ്മദലിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. സൂപ്പര്‍മാന്‍ എന്ന കോമിക് കഥാപാത്രത്തെ നേരിടുന്ന മുഹമ്മദലിയെ ചിത്രീകരിച്ച പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ മുഹമ്മദലി പറഞ്ഞു: നീതിക്കും സത്യത്തിനുമായി പോരാടാന്‍ മാത്രമേ എനിക്ക് സാധിക്കൂ. എനിക്ക് ആരെയും രക്ഷിക്കാനാകില്ല. സൂപ്പര്‍മാന്‍ കഥാപാത്രമാണ്. ഞാന്‍ ഒരു മനുഷ്യനാണ്” കറുത്ത വര്‍ഗക്കാരനെന്ന നിലയില്‍ താനനുഭവിച്ച വേദനകള്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുഹമ്മദലി ഒരിക്കല്‍ പറഞ്ഞു: ഞാന്‍ ഇടിക്കൂട്ടില്‍ വാങ്ങിയ ഇടികള്‍ എനിക്ക് 57 മില്യണ്‍ ഡോളര്‍ നേടിത്തന്നു. അതില്‍ പകുതിയും ഞാന്‍ സമ്പാദിച്ചു. എന്നാല്‍ എത്രയോ കറുത്ത വര്‍ഗക്കാര്‍ വെടിയേറ്റും കുത്തേറ്റും മരിച്ചു വീഴുന്നു. അവര്‍ ഇടി കൊള്ളുന്നു. ഒരു ചില്ലിക്കാശ് പോലും നേടാതെ.
1984 ഒക്‌ടോബര്‍ 28ന് ഹൂസ്റ്റണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മഹാനായ പോരാളി തന്നെ ജീവിതം പഠിപ്പിച്ച തത്വം ഇങ്ങനെ അടയാളപ്പെടുത്തി: റിസ്‌കെടുക്കാന്‍ ആവശ്യത്തിന് ധൈര്യമില്ലാത്ത ഒരു മനുഷ്യന്‍ ഒന്നും നേടാന്‍ പോകുന്നില്ല.