Connect with us

Kozhikode

മര്‍കസിന്റെ തണലില്‍ നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്ക് ഗൃഹപ്രവേശം

Published

|

Last Updated

മുക്കം: പ്രകൃതിക്ഷോഭത്തിലും ആകസ്മികമായി വന്നു പെട്ട ദുരന്തത്തിലും കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് ഇന്ന് മര്‍കസിന്റെ തണലില്‍ ഗൃഹപ്രവേശം. കോഴിക്കോട് ജില്ലയിലെ താത്തൂരിലാണ് താത്തൂര്‍ മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ മര്‍കസ് ഡ്രീം വാലി പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച പത്ത് സ്‌നേഹ ഭവനങ്ങള്‍ ഇന്ന് തുറന്നു കൊടുക്കുന്നത്. പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും ഒലിച്ചുപോയതിനെത്തുടര്‍ന്ന് നിസ്സഹായാവസ്ഥയിലായ അബ്ദുല്‍ ഹമീദിന്റെ കുടുംബവും വയനാട് ജില്ലയിലെ പാടിയില്‍ കടുത്ത ദുരിതവും പേറി ജീവിതം നയിക്കുന്ന വിധവയായ റഷീദയുടെ കുടുംബവും അന്ധയായ തിരുവണ്ണൂരിലെ സയ്യിദത്ത് റഹ്മയും കുടുംബവുമടക്കമുള്ളവര്‍ക്കാണ് സ്വസ്ഥമായി കിടന്നുറങ്ങാനൊരു വീടെന്ന സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകുന്നത്.
താത്തൂര്‍ ശുഹദാ മഖാം മസ്ജിദ് പരിപാലന കമ്മിറ്റി നല്‍കിയ ഒരേക്കര്‍ 16 സെന്റ് സ്ഥലത്താണ് അന്‍പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടുകള്‍ നിര്‍മിച്ചത്. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയില്‍ രാജ്യത്താകമാനം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മര്‍കസിന്റെ പുതിയ ഭവന പദ്ധതിയാണ് ഡ്രീം വാലി.
രണ്ട് ബെഡ് റൂം, ഡൈനിംഗ് ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവയടങ്ങിയതാണ് വീടുകള്‍. ഈ കുടുംബങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ മര്‍കസ് ഏറ്റെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് താത്തൂര്‍ ശുഹദാ നഗറില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലിബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. സംസ്ഥാന തദ്ദേശ സ്വയം വകുപ്പ് മന്ത്രി കെ ടി ജലീല്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍,എം കെ രാഘവന്‍ എം പി, എം എല്‍ എ മാരായ പി ടി എ റഹീം, വി അബ്ദുറഹ്മാന്‍, കാരാട്ട് റസാഖ്, ജോര്‍ജ് എം തോമസ്, വി കെ സി മുഹമ്മദ് കോയ, പി വി അന്‍വര്‍ തുടങ്ങിയവര്‍ പ്രസഗിക്കും.

Latest