Connect with us

National

മഥുര സംഘര്‍ഷം: ആള്‍ദൈവ സംഘടനക്ക് 12,000 കോടിയുടെ ആസ്തി

Published

|

Last Updated

#ഖാസിം എ ഖാദര്‍
ന്യൂഡല്‍ഹി: മഥുരയില്‍ പോലീസ് സുപ്രണ്ട് ഉള്‍പ്പെടെ 24 പേരുടെ മണത്തിനിടയാക്കിയ പ്രക്ഷോഭം നയിച്ച സംഘടനയുടെ ആസ്തി 12,000 കോടിയിലധികം രൂപ. മഥുര ജവഹര്‍ ബാഗിലെ 280 ഏക്കര്‍ ഭൂമി കൈയേറിയ മരിച്ച ആള്‍ദൈവം ജയ്ഗുരുദേവിന്റെ സംഘടനയായ സദ്ഭാരത് വിധിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനക്ക് ഇത്രയും ആസ്തിയോടൊപ്പം പ്രത്യേക നിയമവ്യവസ്ഥ, ഭരണഘടന, പീനല്‍ കോഡ്, ജയില്‍, ആയുധധാരികളായ സൈനിക ബറ്റാലിയനുകള്‍ എന്നിവയും ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ പോലീസുകാരും കൈയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇതടക്കമുള്ള തെളിവുകള്‍ പോലീസ് കണ്ടെത്തിയത്. കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ മഥുര ഡല്‍ഹി ഹൈവേക്ക് സമീപമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അതിസമ്പന്ന ആശ്രമമുള്‍പ്പെടുന്ന സാമ്രാജ്യം. ആശ്രമത്തിന് കീഴിലുള്ള ഭൂമി മാത്രം 4000 കോടിയിലധികം വിലവരുന്നതാണ്. പ്രതിദിനം 10 മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ള ആശ്രമത്തില്‍ മേഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളും 100 കോടിയിലധികം ബേങ്ക് നിക്ഷേപവുമുണ്ട്. ബാബ ഗുരുദേവിന്റെ പേരില്‍ ഒരു സ്‌കൂളും പെട്രോള്‍ പമ്പും മഥുരയിലുണ്ട്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സദ്ഭാരത് വിധിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ അംഗങ്ങളാണ്, 2012ല്‍ അന്തരിച്ച തുളസ് മഹാരാജ് എന്ന ബാബ ജയ്ഗുരുദേവിന്റെ അനുയായികള്‍. 2014ല്‍ സമരത്തിന്റെ ഭാഗമായി ധര്‍ണയുടെ മറവില്‍ മഥുര ജവഹര്‍ പാര്‍ക്കിലെ 280 ഏക്കറോളം ഭൂമി കൈയേറുകയായിരുന്നു. പിന്നീട്, ഇവിടുത്തെ ജനത്തെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം കുറ്റം പോലീസിനുമേല്‍ കെട്ടിവെക്കുകയായിരുന്നു ഉദ്ദേശ്യം. സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ സംഘടനയിലെ ആളുകളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പതിവായി പരിശീലനം നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്നെത്തിയ മൂവായിരത്തോളം പേരാണ് രണ്ട് വര്‍ഷമായി ജവാഹര്‍ബാഗിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ക്യാമ്പ് ചെയ്യുന്നത്. ഇവരുടെ വിലാസം, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍, ചിത്രങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവര്‍ക്ക് പുറത്തുപോകാന്‍ അനുവാദം ഇല്ലായിരുന്നെ ന്നും നിര്‍ബന്ധമാണെങ്കില്‍ പാസ് വാങ്ങേണ്ടിയിരുന്നുവെ ന്നും ഐ ജി. സി മിശ്ര പറഞ്ഞു. ക്യാമ്പില്‍ നക്‌സല്‍ സാന്നിധ്യവും പോലീസ് സംശയിക്കുന്നുണ്ട്. അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചിരുന്നതായി വിവരമുണ്ട്.
അതേസമയം, 24 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം സര്‍ക്കാറും പൊലീസും നിഷേധിച്ചു. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ഒരു മാസം മുമ്പേ ആരംഭിച്ചതാണ്. തോക്കുകളും വാളുകളും ഗ്രനേഡുകളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു. 2000 എല്‍ പി ജി സിലിന്‍ഡറുകളാണ് അവര്‍ ബോംബിന് പകരം ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. ഒപ്പം കല്ലുകളും ഗ്രനേഡുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് ഇവര്‍ പോലീസിനെ ആക്രമിച്ചത്.