Connect with us

Kerala

പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം

Published

|

Last Updated

കരുനാഗപ്പള്ളി: വാഹനപരിശോധനക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനഗപ്പള്ളി തുറയില്‍കുന്ന് പടന്നേല്‍ ശ്യാ (34) മിനാണ് പോലീസിന്റെ മര്‍ദനമേറ്റത്. ഇതു സംബന്ധിച്ച് യുവാവ് എസ് പിക്ക് പരാതി നല്‍കി. .
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷനു സമീപത്തുള്ള റോഡിലൂടെ സഹോദരന്‍ സാമും മറ്റൊരാളുമായി ബൈക്കില്‍ പോകവെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെ അഡീഷനല്‍ എസ് ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു നിര്‍ത്തിയതായി പരാതിയില്‍ പറയുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാരോപിച്ചാണ് തടഞ്ഞത്. ബൈക്കിന് പിന്നിലിരുന്ന സഹോദരന്‍ സാമിനെ പോലീസ് മര്‍ദിക്കാന്‍ ശ്രമിച്ചതായും ഇത് തടയാന്‍ ശ്രമിച്ചതില്‍ ക്ഷുഭിതരായ പോലീസ് ശ്യാമിനെയും കൂടെ ഉണ്ടായിരുന്ന സഹോദരനെയും സുഹൃത്തിനെയും ജീപ്പില്‍ കയറ്റി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും സെല്ലില്‍ അടച്ച ശേഷം ശ്യാമിനെ മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. കുനിച്ച് നിര്‍ത്തി പുറത്ത് ഇടിക്കുകയും മലര്‍ത്തി കിടത്തിയശേഷം മര്‍ദിക്കുകയും കാലിന്റെ പാദത്തില്‍ ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. മുഖത്തും അടികൊണ്ട പാടുകളുണ്ട്. രാത്രിയിലാണ് യുവാക്കളെ പുറത്തുവിടുന്നത്. പിന്നീട് ശ്യാം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസും പറയുന്നു.

Latest