Connect with us

Kerala

നീലാംബരിയില്‍ അമ്പിളി തെളിഞ്ഞു; വിശുദ്ധ റമസാന് തുടക്കം

Published

|

Last Updated

കോഴിക്കോട്: സുകൃതങ്ങളുടെ നിറവുമായി വിശുദ്ധ റമസാന്‍ പിറന്നു. കോഴിക്കോടിനടുത്ത് മാസപ്പിറവി കണ്ടത് അടിസ്ഥാനമാക്കിയാണ് വിവിധ ഖാസിമാര്‍ ഇന്ന് റമസാന്‍ ഒന്ന് ആയി പ്രഖ്യാപിച്ചത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് റമസാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എം അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി അറിയിച്ചു. പ്രാര്‍ഥനയുടെ പകലിരവുകളാണ് ഇനി. അനുഗ്രഹം, പാപമോചനം, നരകമോക്ഷം എന്നീ മൂന്ന് ഭാഗങ്ങളിലൂന്നിയുള്ള ഒരു മാസം. പകല്‍ മുഴുവന്‍ അന്നപാനീയങ്ങളോട് അകന്നുനിന്ന് മനസ്സും ശരീരവും സ്രഷ്ടാവിലേക്ക് സമര്‍പ്പിക്കുകയാണ് ഇനിയുള്ള മുപ്പത് നാള്‍ വിശ്വാസികളുടെ ദൗത്യം.

പുണ്യമതത്തിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ആണ്ടിലൊരിക്കല്‍ വിരുന്നെത്തുന്ന വിശുദ്ധ റമസാന്‍. വൈകാരിക വിക്ഷോഭങ്ങളെ വ്രതാനുഷ്ഠാനത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിയുന്നതിലൂടെ പട്ടിണി എന്തെന്ന് തിരിച്ചറിയുന്നു.

സഹജീവികളോട് സഹാനുഭൂതിയുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ് ഇതിലൂടെ. മനസ്സും ശരീരവും സംസ്‌കരിച്ചെടുക്കുകയെന്ന വലിയ ദൗത്യനിര്‍വഹണമാണ് വിശ്വാസിക്ക് മുന്നിലുള്ളത്. വ്രതാനുഷ്ഠാനം എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല റമസാന്‍ പുണ്യം. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട പുണ്യമാസം കൂടിയാണിത്. ഖുര്‍ആന്‍ പാരായണത്തിലൂടെ സായൂജ്യമടയാന്‍ വിശ്വാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ആരാധന കര്‍മങ്ങളുടെ പ്രതിഫലം ഇരട്ടികളായി ഉയരുന്നുവെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്.

റമസാന്‍ വിശുദ്ധി ഉള്‍ക്കൊണ്ട് മതസംഘടനകള്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. റമസാന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. “വിശ്വാസിയുടെ വിളവെടുപ്പ് കാലം” എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന റമസാന്‍ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകള്‍ക്ക് കീഴില്‍ കേരളത്തിലും മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന് പുറത്തും ഐ സി എഫിന് കീഴില്‍ വിദേശ രാജ്യങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 17ന് കരുണാനാളുകളില്‍ കാരുണ്യ കൈനീട്ടം എന്ന ശീര്‍ഷകത്തില്‍ റിലീഫ് ഡേ സംഘടിപ്പിക്കും. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യും.

Latest