Connect with us

Kerala

വോട്ട് കച്ചവടക്കാരെ പൊതുസമൂഹത്തിനറിയാം: മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട്: സുന്നി സംഘടനകളെയും കാന്തപുരത്തെയും നിലവാരം കുറഞ്ഞ ഭാഷയിലും ശൈലിയിലും അധിക്ഷേപിച്ചു കൊണ്ട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിന്റെ മാറിവന്ന രാഷ്ട്രീയ ചുറ്റുപാടില്‍ നൂറ്റി നാല്‍പ്പത് മണ്ഡലങ്ങളിലും സുന്നി പ്രസ്ഥാനം സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് കേരളീയ സമൂഹം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവ് ചെറുക്കുന്നതിന് മതേതര ശക്തികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വര്‍ഗീയ ശക്തികളുമായി ഒരു രീതിയിലും അനുരഞ്ജനത്തിന് ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഈ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലും മുമ്പ് വടകരയും ബേപ്പൂരുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് ആരുമായാണ് വോട്ട് കച്ചവടം നടത്തിയതെന്ന് ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്നായറിയാം. ഈ തിരഞ്ഞെടുപ്പില്‍ ലീഗിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്ന മജീദിനോട് സഹതാപമുണ്ട്. ഫലം ഈ രീതിയിലാണോ ലീഗ് വിശകലനം ചെയ്തത്? ഈ തിരഞ്ഞെടുപ്പില്‍ കാന്തപുരത്തെ തേടി മര്‍കസിലെത്തിയ ഡോ. എം കെ മുനീര്‍ മുതല്‍ പി കെ ബഷീര്‍ വരെയും ഇ സുലൈമാന്‍ മുസ്‌ലിയാരെ വന്നുകണ്ട പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും വോട്ട് കച്ചവടത്തിനാണോ എത്തിയതെന്ന് മജീദ് വ്യക്തമാക്കണം.

ലീഗ് സെക്രട്ടറി ഇപ്പോള്‍ സുന്നി പ്രസ്ഥാനത്തിനെതിരെ തിരിഞ്ഞതില്‍ വ്യക്തമായ അജന്‍ഡകളുണ്ട്. പാര്‍ട്ടി സെക്രട്ടറിസ്ഥാനം നിലനിര്‍ത്താനെങ്കിലും ചിലരെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ന്യൂനപക്ഷ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നേറിയപ്പോള്‍ വര്‍ഗീയ കക്ഷികളോട് പ്രീണന സമീപനം സ്വീകരിച്ചത് തങ്ങളുടെ തെറ്റാണെന്ന് തിരിച്ചറിയാനെങ്കിലും ലീഗിന് കഴിയണം. ഗുജാറത്തിലെ ഇരകള്‍ക്ക് വീട് വെക്കാന്‍ പിരിച്ച പണത്തിന്റെ കണക്കുപോലും പറയാന്‍ കഴിയാത്തവരാണ് ഗുജറാത്തിലെ കാന്തപുരത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത്. കോടികളുടെ കണക്കും മോദി ബന്ധങ്ങളുമൊക്കെ കാലങ്ങളായി ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന നുണക്കഥകളാണ്.

അഖിലേന്ത്യാ മശാഇഖ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ഡല്‍ഹി സൂഫി സമ്മേളനം നടന്നത്. ഡല്‍ഹിയില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സാധാരണമാണ്. ഈ സമ്മേളനത്തില്‍ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തും ഇത്തരം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ സുന്നി നേതാക്കള്‍ ഉന്നയിച്ച പ്രധാന ആവശ്യം വര്‍ഗീയ ധ്രൂവീകരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്നതായിരുന്നു.
വ്യാജ ആരോപണങ്ങളുന്നയിച്ച് സുന്നി സമൂഹത്തെ നിഷ്‌ക്രിയമാക്കാമെന്ന് കരുതുന്നവരോട് സഹതാപമേ ഉള്ളൂവെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, അഡ്വ എ കെ ഇസ്മാഈല്‍ വഫ, എ സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.

Latest