Connect with us

Kerala

കോണ്‍ഗ്രസ് തോല്‍വി പരിശോധിക്കാന്‍ നാല് സമിതികള്‍

Published

|

Last Updated

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കാന്‍ നാല് മേഖലകള്‍ തിരിച്ച് സമിതി രൂപവത്കരിക്കാന്‍ കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വാര്‍ഡ് തലം മുതല്‍ കെ പി സി സി വരെ പുനഃക്രമീകരണം നടത്തും. ഇതിനായി നയരേഖ തയ്യാറാക്കുന്നതിന് വി ഡി സതീശന്‍ കണ്‍വീനറായി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റിനെതിരെ ഇന്നലെയും യോഗത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ന്നു. സുധീരനെതിരെ ആഞ്ഞടിച്ച കെ ബാബു, അപ്രായോഗികമായ മദ്യനയമാണ് നടപ്പാക്കിയതെന്നും ഇത് നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും വ്യക്തമാക്കി. പാര്‍ട്ടി നേതൃതലത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗത്തിന് ശേഷം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പാര്‍ട്ടിയുടെ മദ്യനയത്തില്‍ മാറ്റം വരുത്തില്ല. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണ്. നാല് മേഖലകള്‍ തിരിച്ച് രൂപവത്കരിച്ച സമിതി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. സുധീരന്‍ നേരത്തെ തന്നെ നയരേഖ തയ്യാറാക്കിയിരുന്നെങ്കിലും രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ വിശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിച്ചില്ല. അവതരിപ്പിച്ചാല്‍ എ- ഐ ഗ്രൂപ്പുകള്‍ ഭൂരിപക്ഷമുപയോഗിച്ച് തള്ളുമെന്ന സാഹചര്യം വന്നതോടെയാണ് ഇത് മാറ്റിയത്.
തന്നെ പാര്‍ട്ടിക്ക് കൊള്ളാത്തവനാണെന്ന തോന്നലുണ്ടാക്കിയെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു കുറ്റപ്പെടുത്തി. മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് കളങ്കിതനാക്കി തോല്‍പ്പിച്ചു. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാവില്ല. മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിഞ്ഞു. അതുപോലെ തന്നെ പാര്‍ട്ടിക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ട്.
ഡല്‍ഹിയില്‍ ഏഴ് ദിവസം നീണ്ടുനിന്ന സീറ്റുതര്‍ക്കം തന്റെ തോല്‍വിക്ക് കാരണമായി. യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം അപ്രായോഗികമാണെന്നറിഞ്ഞിട്ടും അത് നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തനിക്കു താല്‍പ്പര്യമില്ലാത്ത വകുപ്പ് തന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും ബാബു വിമര്‍ശനമുന്നയിച്ചു. അതിനിടെ, തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ക്യാമ്പിന്റെ രണ്ടാം ദിനത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ സംഘടിതമായി രംഗത്തുവന്നു. പാര്‍ട്ടിയുടെ സംഘടനാതല പരാജയം തോല്‍വിക്കു കാരണമായെന്നും തോല്‍വിയുടെ മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്നും ഗ്രൂപ്പുകള്‍ ആരോപിച്ചു. നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് പറഞ്ഞ്് വിഡി സതീശനായിരുന്നു ചര്‍ച്ച തുടങ്ങിവെച്ചത്. കെസി ജോസഫ്, എം എം ഹസന്‍, ബെന്നി ബെഹനാന്‍, കെ സുധാകരന്‍ എന്നിവര്‍ അത് ഏറ്റുപിടിച്ചു. എ ഗ്രൂപ്പ് നേതാക്കളാണ് പ്രധാനമായും സുധീരനെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്. മദ്യനയം മുതല്‍ പാര്‍ട്ടിയിലെ അഭിപ്രായഭിന്നത പ്രകടമായിരുന്നുവെന്നും അത് തിരഞ്ഞെടുപ്പുവരെ തുടരുകയും അത് പരാജയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കെ ശിവദാസന്‍നായര്‍ കുറ്റപ്പെടുത്തി.

Latest