Connect with us

Ramzan

മര്‍ഹബാ യാ ശഹ്‌റ റമസാന്‍

Published

|

Last Updated

#വെണ്ണക്കോട് ശുക്കൂര്‍ സഖാഫി

വിശുദ്ധിയുടെ വസന്തം വീണ്ടും സമാഗതമായി. വിശ്വാസികള്‍ക്ക് വിജയ വിളമ്പരമായി. വിമലീകരണ മന്ത്രവുമായി മാസങ്ങളുടെ നേതാവും ക്ഷണിക്കപ്പെട്ട അതിഥിയുമായി… ഓഫറുകള്‍ക്ക് പിന്നാലെ ഓടുന്നവര്‍ക്ക് മെഗാ ഓഫറുകളുമായി റമസാന്‍ വിരുന്നെത്തിയിരിക്കുന്നു. നല്ല സ്വീകരണവും മികച്ച അംഗീകാരവും ലഭിക്കുക എന്നത് ആരും ആഗ്രഹിക്കുന്ന അംഗീകാരമാണ്. ക്ഷണിക്കപ്പെട്ട അതിഥിയോ അറിയപ്പെട്ട നേതാവോ ആകുമ്പോള്‍ വിശേഷിച്ചും. ആകസ്മികമായെത്തുന്ന അതിഥിക്ക് ലഭിക്കുന്ന അംഗീകാരം പോരാ, പ്രതീക്ഷയോടെ ക്ഷണിച്ച് വരുത്തുന്ന വിരുന്നകാരന്. അതിഥി വി ഐ പി ആകുമ്പോള്‍ മുന്തിയ പരിഗണന തന്നെ നല്‍കേണ്ടി വരും. മാനിക്കാതിരിക്കാന്‍ മാന്യന്മാര്‍ക്ക് കഴിയില്ല.

വിളിച്ചു വരുത്തി അപമാനിക്കുന്നത് നമുക്ക് വെറുപ്പാണ്. അവഗണന ആരും ഇഷ്ടപ്പെടില്ല. നേതാവാകുമ്പോള്‍ അത് മഹാ അപരാധമാകും. ചിലപ്പോള്‍ ശിക്ഷാര്‍ഹവും. പ്രധാമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവനെ സൈബര്‍സെല്‍ പിടികൂടിയത് നാം വായിച്ചതാണല്ലോ. കരിങ്കൊടി കാട്ടുന്നത് പോലും പ്രശ്‌നമാകും കിട്ടുന്ന വിഭവങ്ങളേക്കാള്‍ പ്രധാനം ലഭിക്കുന്ന പരിഗണനയും ആദരവുമാണ്. നല്ല മനോഭാവത്തില്‍ നിന്ന് മാത്രമേ മികച്ച അംഗീകാരം ലഭിക്കുകയുള്ളൂ. വലിയ പ്രതീക്ഷയോടെ നിരന്തരം ക്ഷണിച്ചുവരുത്തിയ വിരുന്നുകാരന്റെ റോളിലുള്ള പുണ്യമാസത്തെ ഊഷ്മളമായി സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്. സമുന്നതനായ നേതാവിനു ലഭിക്കേണ്ട രാജോചിതമായ വരവേല്‍പ്പ്. പഴുതടച്ച പരിഗണനയാണ് പരമപ്രധാനമെന്ന് ചുരുക്കം.

റമസാന്റെ മഹത്വം അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുക, പരമാവധി ആരാധനാ നിരതരാകാന്‍ പ്രതിജ്ഞയെടുക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുക, റമസാന്‍ അനുകൂല ചിന്താഗതി വളര്‍ത്തിയെടുക്കുക, കുറ്റവാസനകളോട് സമരസപ്പെടുക, മുഖവും അകവും വൃത്തിയാക്കുന്ന സംസ്‌കരണ പ്രക്രിയയില്‍ സജീവമാവുക തുടങ്ങിയവ ആദരവിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ടതാണ്. റമസാനെ ആദരിക്കുന്നവന്‍ ഒരിക്കലും നിന്ദ്യരാകില്ല. പുതിയ പുരസ്‌കാരങ്ങള്‍ അവരെ തേടി വന്നുകൊണ്ടിരിക്കും. ആദ്യ രാത്രി മുതല്‍ അല്ലാഹുവിന്റെ കടാക്ഷവും മാലാഖമാരുടെ പ്രാര്‍ഥനയും ലഭിച്ചുകൊണ്ടിരിക്കും. ഒരു മലക്ക് മുഴുവന്‍ വിശ്വാസികളുടേയും പാപാമോചനത്തിന് വേണ്ടി പ്രാര്‍ഥിച്ചാല്‍ തന്നെ അവരുടെ സര്‍വപാപങ്ങളും പൊറുക്കപ്പെടും. എങ്കില്‍ മുഴുവന്‍ മലക്കുകളും പ്രാര്‍ഥിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക (തഫ്‌സീര്‍ ഖുര്‍തുബി വാള്യം 15 പേജ് 295)
റമസാനെ അനാദരിക്കുന്നവരും അവഗണിക്കുന്നവരും അനുദിനം അധഃപതിച്ചുകൊണ്ടിരിക്കും.

അല്ലാഹുവും അവന്റെ ആകാശലോകത്തുള്ള മലക്കുകളും അവനെ നിരന്തരം ശപിച്ചുകൊണ്ടിരിക്കും. റമസാന്‍ സ്‌പെഷ്യല്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് തടയപ്പെടുക തന്നെയും-റമസാന്റെ നന്മയും പുണ്യവും നിഷേധിക്കപ്പെടുന്നവരാണ് സകല നന്മകളും നിരാകരിക്കപ്പെടുന്നവരെന്ന് നിരവധി ഹദീസുകളിലുണ്ട്. റമസാനിലൂടെ സത്യവിശ്വാസി ആസ്വദിക്കുന്ന ആത്മീയ ആനന്ദം അതിന്റെ ജീവന്‍ തുടിപ്പോടെ സംവേദനം ചെയ്യാന്‍ അക്ഷരങ്ങളിലൂടെ സാധ്യമല്ല. വരണ്ട് വിണ്ട് കീറി ഊഷരമായി കിടക്കുന്ന മനുഷ്യ ഹൃദയങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങുന്ന കുളിര്‍മാരിയില്‍ വ്രതമനുഷ്ഠിച്ച് വരണ്ടുണങ്ങിയ വിശ്വാസിയുടെ നാവിലും ഹൃദയത്തിലും പ്രത്യാശയുടെ ആലിപ്പഴ വര്‍ഷമായി-ദൈവാനുഗ്രഹത്തിന്റെ പെരുമഴക്കാലമായി റമസാനിനെ വിശ്വാസിലോകം അനുഭവിക്കുന്നു. കോരിച്ചൊരിയുന്ന മഴയില്‍ കുഴിയും പുകയും തോടും കുളവുമെല്ലാം നിറഞ്ഞ് കവിയുന്നത് പോലെ റമസാനിന്റെ ദിനരാത്രങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷവും കാരുണ്യവും കവിഞ്ഞൊഴുകും. സത്യവിശ്വാസികള്‍ക്ക് ആശ്വാസവും ആവേശവുമാണ് റമസാന്‍.

Latest