Connect with us

Gulf

റമസാന്‍ സുരക്ഷ: കാല്‍നടയാത്രക്കാര്‍ക്ക് റിഫ്‌ളക്ടര്‍ ബ്രേസ്‌ലെറ്റ് നല്‍കും

Published

|

Last Updated

റിഫഌക്ടവീവ് ബ്രേസ്‌ലെറ്റ് പ്രദര്‍ശിപ്പിക്കുന്ന
മേജര്‍ ജാബിര്‍ മുഹമ്മദ് റാശിദ് ഉദൈബ

ദോഹ: റമസാനില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്ക് റിഫഌക്ടറുള്ള ബ്രേസ്‌ലെറ്റ് വിതരണം ചെയ്യുന്നു. രാത്രിയില്‍ കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയുന്നതിനാണ് കാല്‍നടയാത്രക്കാര്‍ക്ക് കൈയില്‍ ധരിക്കാവുന്ന പച്ചയും മഞ്ഞയും കലര്‍ന്ന റിഫഌക്ടവീവ് ബ്രേസ്‌ലെറ്റ് വിതരണം ചെയ്യുന്നത്. പ്രത്യേകിച്ച് റോഡ് മുറിച്ചുകടക്കുമ്പോള്‍ കാല്‍നടയാത്രക്കാരെ തിരിച്ചറിയുന്നതിന് ഇത് ഡ്രൈവര്‍മാരെ സാധിക്കും.
ഗരങ്കാവോ രാവുകളില്‍ (റമസാന്‍ പതിനാലിന്റെ രാത്രിയിലെ കുട്ടികളുടെ ആഘോഷം) കുട്ടികളെ വാഹനങ്ങള്‍ ഇടിക്കാതിരിക്കാന്‍ അവര്‍ക്ക് ഗരങ്കാവോ റിഫഌക്ടീവ് ബാഗുകള്‍ നല്‍കും. ഇതാദ്യമായാണ് കാല്‍നടയാത്രക്കാര്‍ക്ക് റിഫഌക്ടീവ് ബ്രേസ്‌ലെറ്റുകള്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന ദോഹ കോര്‍ണിഷിലും തിരക്കേറിയ വാണിജ്യ തെരുവുകളിലും കാല്‍നടയാത്രക്കാര്‍ക്ക് പാലങ്ങള്‍ നിര്‍മിക്കുമെന്നും മീഡിയ, ട്രാഫിക് അവേര്‍നെസ്സ് ഡിപാര്‍ട്ട്‌മെന്റ് അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് റാശിദ് ഉദൈബ പറഞ്ഞു. സല്‍വ റോഡ്, അല്‍ വക്‌റ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളിലും അപകടങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്.
കുട്ടികള്‍ക്ക് അയ്യായിരത്തോളം ഗരങ്കാവോ ബാഗുകള്‍ വിതരണം ചെയ്യും. പ്രധാന ഷോപ്പിംഗ് കോംപ്ലക്‌സുകളിലുള്ള ട്രാഫിക് സുരക്ഷ ബോധവത്കരണ പവലിയനുകളില്‍ നിന്ന് റമസാന്‍ ആദ്യ ദിനം മുതല്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും.
ലാന്‍ഡ് മാര്‍ക് മാള്‍, വില്ലാജിയോ, അല്‍ ഖോര്‍ മാള്‍ തുടങ്ങിയയിടങ്ങളില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഇത്തരം പവലിയനുകള്‍ ഉണ്ടാകും. വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും റമസാനില്‍ ട്രാഫിക് സുരക്ഷാ ബോധവത്കരണം നല്‍കും. പ്രവാസി സമൂഹവും ചാരിറ്റികളും സംഘടിപ്പിക്കുന്ന ഇഫ്താറുകളില്‍ ട്രാഫിക് സുരക്ഷയെ സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ ഉണ്ടാകും. ശക്തമായ ബോധവത്കരണത്തിലൂടെ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം അപകടം 33 ശതമാനം കുറക്കാന്‍ സാധിച്ചു. അപകട മരണം ലക്ഷം പേരില്‍ 4.8ഉം ട്രാഫിക് നിയമലംഘനം 4.7ഉം ശതമാനമായി കുറക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചിട്ടുണ്ട്.