Connect with us

Gulf

ശൈഖ് മുഹമ്മദ് 'വായനാദേശം' പ്രചാരണം പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: വിശുദ്ധ റമസാനില്‍ അറബ്-മുസ്‌ലിം രാജ്യങ്ങള്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കുമായി 50 ലക്ഷം പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പ്രചാരണം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. അഭയാര്‍ഥി ക്യാമ്പുകളില്‍ നിസ്സഹായരായി കഴിയുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ എത്തിക്കുന്നതിനാണ് പ്രാധാന്യം. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെയും മാനവകുലത്തിന് ആവശ്യമായ സേവനങ്ങള്‍ നല്‍കാനുള്ള യു എ ഇയുടെ അതിതാത്പര്യത്തിന്റെയും ഭാഗമായാണ് പദ്ധതി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് “റീഡിംഗ് നാഷന്‍” പ്രചാരണം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. “ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേഗമേറിയ മാര്‍ഗം അജ്ഞത ഉന്മൂലനം ചെയ്യലാണ്. ഭക്ഷണം കിട്ടാതെ വിശന്നുവലയുന്ന മനസ്സുകള്‍ക്ക് അത് ലഭ്യമാക്കാനുള്ള പദ്ധതികളും സ്വീകരിക്കും” ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ചില രാജ്യങ്ങളില്‍ 30 കുട്ടികള്‍ക്ക് ഒരു പുസ്തകമാണുള്ളത്. അവര്‍ക്ക് പിന്തുണ നല്‍കലും ആവശ്യമായ അറിവ് പ്രദാനം ചെയ്യലും തങ്ങളുടെ മത-സാംസ്‌കാരിക കടമയാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പ്രചാരണം വിജയിപ്പിക്കുന്നതിനായി വാണിജ്യ പ്രമുഖര്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ ആളുകളുടെയും പിന്തുണ ശൈഖ് മുഹമ്മദ് തേടി.
വിദ്യാഭ്യാസ പരിപാടികള്‍ പിന്തുണക്കാന്‍ 10 ലക്ഷം പുസ്തകങ്ങളാണ് നല്‍കുന്നത്. യു എ ഇയിലെ മനുഷ്യാവകാശ സംഘടനകളാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ശാസ്ത്ര അറിവുകള്‍ വര്‍ധിപ്പിക്കാനാവശ്യമായ 20 ലക്ഷം പുസ്തകങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ വിതരണം ചെയ്യും. ബാക്കി 20 ലക്ഷം പുസ്തകങ്ങള്‍ അറബ്-ഇസ്‌ലാമിക് ലോകരാജ്യങ്ങളിലെ 2,000 സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കും. അറബ്‌ലോകത്തെ 10,000ത്തോളം വരുന്ന സ്‌കൂളുകള്‍ക്ക് സ്വന്തമായി ലൈബ്രറി പോലും ഇല്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ സ്‌കൂളില്‍ പോവാന്‍ കഴിയാതെ വിദ്യാഭ്യാസം അന്യമായി കഴിയുന്നത്.
പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്ന ജനങ്ങള്‍ നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് പണം സംഭാവന ചെയ്യുകയോ കാമ്പയിന്‍ വെബ്‌സൈറ്റിലൂടെയോ അറിയിക്കണം. അബുദാബി നാഷണല്‍ ബേങ്ക്, ദുബൈ ഇസ്‌ലാമിക് ബേങ്ക്, ഷാര്‍ജ ഇസ്‌ലാമിക് ബേങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബേങ്ക് എന്നിവിടങ്ങളില്‍ ഓരോ പുസ്തകത്തിനും 10 ദിര്‍ഹം സംഭാവന നല്‍കാം. കൂടാതെ മിര്‍ദിഫ് സിറ്റി സെന്റര്‍, ഫെസ്റ്റിവല്‍ സിറ്റി, മെഗാ മാള്‍, ദുബൈ മറീന മാള്‍, ദുബൈ മാള്‍ എന്നിവിടങ്ങളിലെ പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെയും സംഭാവന നല്‍കാം.
താമസക്കാര്‍ക്ക് “റീഡ്” എന്ന് ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് നാല് നമ്പറുകളിലേക്ക് എസ് എം എസ് ചെയ്ത് സംഭാവന നല്‍കാം. 30 ദിര്‍ഹം സംഭാവന ചെയ്യുന്നവര്‍ 9030 എന്ന നമ്പറിലേക്കും 90 ദിര്‍ഹമാണെങ്കില്‍ 9090 എന്ന നമ്പറിലേക്കും 300 ദിര്‍ഹമാണെങ്കില്‍ 9300 നമ്പറിലേക്കും 900 ദിര്‍ഹമാണെങ്കില്‍ 9900 നമ്പറിലേക്കും എസ് എം എസ് ചെയ്യണം. ഒരാള്‍ക്ക് 90 പുസ്തകങ്ങള്‍ വരെ സംഭാവന ചെയ്യാം. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെയും ദുബൈ കെയേര്‍സിന്റെയും ബേങ്ക് അക്കൗണ്ടുകളിലും പണം നിക്ഷേപിക്കാം. വിവരങ്ങള്‍ക്ക് www.readingnation.ae വെബ്‌സൈറ്റിലോ 044504550 നമ്പറിലോ ബന്ധപ്പെടാം.
ശൈഖ് മുഹമ്മദിന്റെ റമസാന്‍ പ്രചാരണ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിള്‍, മാധ്യമ സ്ഥാപനങ്ങള്‍, ദേശീയ സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഉള്‍പെട്ടതാണ് കമ്മിറ്റി.
കമ്മിറ്റിയുടെ ആദ്യയോഗം മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് സെക്രട്ടറി ജനറലും യു എ ഇ ക്യാബിനറ്റ് കാര്യ ഭാവി മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും ദുബൈ കെയേര്‍സ് ചെയര്‍പേഴ്‌സണുമായ റീം ബിന്‍ത് ഇബ്‌റാഹീം അല്‍ ഹാശിമി, യു എ ഇ പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല ബിന്‍ത് സാലിം അല്‍ മുഹൈരി, ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മോന അല്‍ മര്‍റി എന്നിവരും എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ദുബൈ കെയേര്‍സ്, ഡു ടെലി കമ്മ്യൂണിക്കേഷന്‍, ഇത്തിസാലാത്ത്, അബുദാബി മീഡിയ, ദുബൈ മീഡിയ ഇന്‍കോര്‍പറേറ്റഡ്, അറബ് മീഡിയ ഗ്രൂപ്പ്, ദേശീയ അറബിക്-ഇംഗ്ലീഷ് പത്ര പ്രസിദ്ധീകരണങ്ങള്‍, ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest