Connect with us

Gulf

റമസാന്‍; ദുബൈയില്‍ ട്രാഫിക് പട്രോളിംഗ് ശക്തമാക്കും

Published

|

Last Updated

കേണല്‍ സൈഫ്
മുഹൈര്‍ അല്‍ മസ്‌റൂഇ

ദുബൈ: വിശുദ്ധ റമസാനില്‍ ഗതാഗത സുരക്ഷ ഉറപ്പുവരുത്താന്‍ എമിറേറ്റിലെ റോഡുകളില്‍ ഓരോ മണിക്കൂറിലും പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് ദുബൈ ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ സ്വന്തം ജീവന് സുരക്ഷ കല്‍പിക്കുകയും അതോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
റമസാന്‍ പ്രമാണിച്ച് സര്‍ക്കാര്‍ മേഖലകളില്‍ മിക്കതും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുക. ചില സ്വകാര്യ സ്ഥാപനങ്ങള്‍ മൂന്നു വരെയുമാണ് പ്രവര്‍ത്തിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴിനും ഒന്‍പതിനും ഇടയിലും വൈകുന്നേരം മൂന്നിനും അഞ്ചിനും ഇടയിലും റോഡുകളില്‍ ഗതാഗതത്തിരക്ക് രൂക്ഷമാകും. ഈ സമയങ്ങളിലെ അശ്രദ്ധ വലിയ അപകടം വിളിച്ചുവരുത്തും. രാവിലെ ഓഫീസുകളിലെത്തേണ്ടവരും വൈകുന്നേരം തിരിച്ച് താമസകേന്ദ്രങ്ങളിലെത്തേണ്ടവരും വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് ശ്രദ്ധാപൂര്‍വം സഞ്ചരിക്കണമെന്ന് കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ നിര്‍ദേശം നല്‍കി. വൈകുന്നേരങ്ങളില്‍ സൂര്യാസ്തമയത്തിന് 30 മിനിറ്റ് മുമ്പാകും റോഡുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുക.
ആരെങ്കിലും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിന്റെ ടോള്‍ഫ്രീ നമ്പറായ 8004353ല്‍ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്മാര്‍ട് ഫോണുകള്‍ വഴി ദുബൈ പോലീസിന്റെ “വി ആര്‍ ആള്‍ പോലീസ്” പ്രോഗ്രാമിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും നിയമലംഘന വിവരങ്ങള്‍ കൈമാറാം. പ്രധാന റോഡുകളെക്കൂടാതെ ചെറിയ റോഡുകളിലും മസ്ജിദുകള്‍ക്ക് മുമ്പിലും ശക്തമായ പരിശോനയുണ്ടാകും.
കഴിഞ്ഞ വര്‍ഷത്തെ റമസാനില്‍ 201 ഗതാഗത അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തില്‍ 10 പേര്‍ മരിക്കുകയും 147 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷത്തിലെ ആദ്യ നാല് മാസത്തില്‍ 64 പേരാണ് എമിറേറ്റിലെ ഗതാഗത അപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ദുബൈയിലുണ്ടായ 3,078 റോഡപകടങ്ങളില്‍ 166 പേരാണ് മരണപ്പെട്ടതെന്ന് ട്രാഫിക് മേധാവി കേണല്‍ സൈഫ് മുഹൈര്‍ വ്യക്തമാക്കി. പരുക്കന്‍ ഡ്രൈവിംഗും നിര തെറ്റിച്ചുമോടിച്ച വാഹനങ്ങള്‍ വരുത്തിയ 622 അപകടങ്ങളില്‍ 34 ജീവനുകള്‍ പൊലിഞ്ഞു. ഓരോ വാഹനങ്ങള്‍ക്കുമിടയിലും നിശ്ചിത അകലം പാലിക്കാതെ സഞ്ചരിച്ച വാഹനങ്ങള്‍ വരുത്തിയ 597 അപകടങ്ങളില്‍ 42 പേരും മരിച്ചു.