Connect with us

Editorial

അനാസ്ഥയുടെ ശമ്പളം

Published

|

Last Updated

കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചിരിക്കുകയാണ്. സ്‌കൂള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റീസ് പി സി ഘോഷ് അധ്യക്ഷനായ ബെഞ്ച് തള്ളി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ് മാനേജ്‌മെന്റ് നടപടിയെന്ന വാദവും സ്‌കൂള്‍ അടച്ചുപൂട്ടിയാല്‍ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന വാദവും കോടതി അംഗീകരിച്ചില്ല. വാണിജ്യ ആവശ്യത്തിനാണ് മാനേജ്‌മെന്റ് സ്‌കൂള്‍ പൂട്ടുന്നതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും സ്വീകരിച്ചില്ല.
ജൂണ്‍ ആറിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും പി ടി എക്കും ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. അന്നൊന്നും അതിനു ശ്രമിക്കാതെ ഇപ്പോള്‍ ഈ വൈകിയ വേളയില്‍ അപ്പീലുമായി വന്നത് ന്യായികരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അഭിപ്രയപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമങ്ങളിലെ ചട്ടം ആറ് (10), വിദ്യാഭ്യാസ അവകാശത്തിന്റെ മാതൃനിയമത്തെക്കാള്‍ മുന്നോട്ടുപോയെന്നും അതിനാല്‍ സ്‌കൂളുകള്‍ പൂട്ടുന്നതിന് ഈ ചട്ടം നിബന്ധനയാക്കരുതെന്നുമാണ് ഹൈക്കോടതി വിധിക്കാധാരമായി പറഞ്ഞിരുന്നത്. ചട്ടം വിശകലനം ചെയ്ത് കോടതിയുടെ രീതി അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിനുതന്നെ എതിരാണെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതും കോടതി മുഖവിലക്കെടുത്തില്ല. ഹൈക്കോടതി നിര്‍ദേശിച്ച പോലെ അടച്ചുപൂട്ടല്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി ജൂണ്‍ എട്ടിന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവുമായി രണ്ട് തവണ അധികൃതര്‍ സ്‌കൂളില്‍ എത്തിയെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. ഇതേ ചൊല്ലി സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമുണ്ടായി.
കോഴിക്കോട് ജില്ലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മലാപ്പറമ്പ് സ്‌കൂളിന് 130 വര്‍ഷം പഴക്കമുണ്ട്. ആദായകരമല്ലാത്തതിനാല്‍ ഇത് അടച്ചുപൂട്ടാന്‍ 2014ല്‍ മാനേജ്‌മെന്റ് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയതാണ്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്നീട് ആ തീരുമാനം റദ്ദാക്കുകയുണ്ടായി. തുടര്‍ന്ന് മാനേജര്‍ അതീവ രഹസ്യമായി രാത്രിയില്‍ സ്‌കൂളിന്റെ കെട്ടിടം പൊളിച്ചുനീക്കി. നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് കെട്ടിടം പുനസ്ഥാപിച്ചത്. നിലവില്‍ 60 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരാഴ്ച മുമ്പ് 40 കുട്ടികളും നാല് അധ്യാപകരുമുള്ള തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി കിരാലൂരിലെ പരശുരാമ മെമ്മോറിയില്‍ എല്‍ പി സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു. സ്ഥാപനം സാമ്പത്തികമായി നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂലവിധി നേടിയത്. അവിടെയും നാട്ടുകാരുടെ ചെറുത്തുനില്‍പിനിടെയായിരുന്നു നടപടി. ഇതുപോലെ നിരവധി എയ്ഡഡ് സ്‌കൂളുകളുടെ അടച്ചുപൂട്ടാനുള്ള അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ കിടപ്പുണ്ട്. കിരാലൂരില്‍ സംഭവിച്ചതുപോലെ പൂട്ടാന്‍ അനുമതി നല്‍കിയാല്‍ ആ സ്‌കൂളും താമസിയാതെ ഓര്‍മയാകും. കിരാലൂരിലും മലാപ്പറമ്പിലും കോടതി വിധികള്‍ മാനേജ്‌മെന്റിന് അനുകൂലമായ സാഹചര്യത്തില്‍ കൂടുതല്‍ സകൂളുകള്‍ പൂട്ടനാനുള്ള അനുമതിക്കായി രംഗത്തുവരാന്‍ സാധ്യതയുമുണ്ട്. കോടതികളില്‍ നിന്ന് ഇതുപോലുള്ള ഉത്തരവുകള്‍ തുടര്‍ന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി അവതാളത്തിലാകും.
അനാദായകരമെന്ന പേരില്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് താത്പര്യമാണെന്ന ആരോപണവുമുണ്ട്. അതത് പ്രദേശത്തെ കണ്ണായ സ്ഥലങ്ങളിലാണ് മിക്ക സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ആ ഭൂമിക്ക് ഉയര്‍ന്ന വില ലഭിക്കും. അടച്ചുപൂട്ടിയാല്‍ സ്‌കൂളിനോടു ചേര്‍ന്നുള്ള ഭൂമി റിയല്‍ എസ്റ്റേറ്റ് ബിസിനസിന് ഉപയോഗിക്കാനും കഴിയും. എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റ് വളരെ തുച്ഛമാണ്. സ്‌കൂള്‍ നടത്താന്‍ മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്ന ഘടകം അധ്യാപക നിയമനമാണ.് ദശലക്ഷങ്ങളാണ് അധ്യാപക നിയമത്തിന് ഈടാക്കുന്നത്. ആദായകരമല്ലാത്ത സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാനും കഴിയില്ലെന്നതിനാല്‍ മാനേജ്‌മെന്റിന് വേറെ വഴി സ്വീകരിക്കുകയല്ലാതെ നിര്‍വാഹമില്ല. നഷ്ടം സഹിച്ചു സ്‌കൂളുകള്‍ നടത്തിക്കൊണ്ട് പോകാന്‍ ആരാണ് സന്നദ്ധമാകുക? അതേ സമയം അടച്ചുപൂട്ടുന്ന സ്‌കൂളിന്റെ പരിസരത്തുള്ള കുട്ടികളെ ഭാവിയും കണക്കിലെടുക്കേണ്ടതുണ്ട്. എയ്ഡഡ് സ്‌കൂള്‍ നടത്തിപ്പില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടാല്‍ ബദല്‍ സംവിധാനം എന്താണെന്ന് വിദ്യാഭ്യാസവകാശ നിയമത്തില്‍ പറയുന്നില്ല. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള പരിഹാരം. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച തികഞ്ഞ അനാസ്ഥയാണ് കോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണം. ഇനിയെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.