Connect with us

Ramzan

പൈശാചികതയില്‍ നിന്ന് മോചനം

Published

|

Last Updated

പാനീയങ്ങളില്‍ മയക്ക് മരുന്ന് നല്‍കി കവര്‍ച്ച നടത്തുന്നത് സാര്‍വത്രികമായിരിക്കുന്നു. സഹയാത്രികരുമായി സൗഹൃദം സ്ഥാപിച്ചും സഹായം അഭിനയിച്ചും ഡോള്‍ഫിന്‍ പോലുള്ള മയക്ക് ഗുളിക പാനീയങ്ങളില്‍ ചേര്‍ത്ത് നല്‍കും. മയങ്ങുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്ത് മുങ്ങിക്കളയും. ഇങ്ങനെയൊരു തട്ടിപ്പുവീരന്‍ നമ്മോടൊപ്പമുണ്ട്. മനുഷ്യനെ കൊള്ളയടിക്കാന്‍ അവന്‍ സദാശ്രമിച്ചുകൊണ്ടിരിക്കുന്നു. സല്‍കര്‍മങ്ങള്‍ മുടക്കാനും കലക്കാനും വികലമാക്കാനും ശപഥം ചെയ്ത് രംഗത്തിറങ്ങിയവനാണവന്‍. വഞ്ചനാവലയുമായി തക്കം പാര്‍ത്തിരിക്കുകയാണവന്‍. അവനാണ് സാക്ഷാല്‍ പിശാച്. മനുഷ്യന്റെ ജന്മശത്രു. നിശ്ചയം പിശാചിനെ നിങ്ങള്‍ ശത്രുവായിത്തന്നെ കാണണം (വി.ഖുര്‍ആന്‍). വഞ്ചിക്കാതിരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും അവന് കഴിയില്ല. അത്രമേല്‍ മോശമാണവന്‍. ശരീരത്തില്‍ രക്തചംക്രമണമുള്ളിടത്തെല്ലാം അവന്റെ പ്രവര്‍ത്തന മേഖലയാണ്. അവന്‍ നമ്മുടെ വിശ്വാസ വീക്ഷണങ്ങളേയും ആരാധനാ കര്‍മ്മങ്ങളേയും കവര്‍ന്നെടുക്കാന്‍ സദാശ്രമിച്ചുക്കൊണ്ടിരിക്കും. വിശ്വാസികളെ നേര്‍ക്കുനേരെ കൊള്ളയടിക്കുകയല്ല. മയക്കിയും ഉറക്കിയും സ്വബോധം നഷ്ടപ്പെടുത്തിയുമാണ് മോഷ്ടിക്കുക. ദുര്‍ബോധനമാണവന്റെ മുഖമുദ്ര. കുതന്ത്ര പ്രയോഗത്തിലൂടെയാണ് കവര്‍ച്ച. പക്ഷേ റമസാനില്‍ പിശാച് നിഷ്‌ക്രിയനാകും. നോമ്പുകാരില്‍ അവന്റെ സ്വാധീനം നഷ്ടപ്പെടും. മയക്ക് വെടിവെച്ച് തട്ടിപ്പ് നടത്താനുള്ള അവസരം നിഷേധിക്കപ്പെടും. പിശാച് നിരാശനാകും. നിരന്തരമായ ആഹാരക്രമവും ആസ്വാദന ത്വരയുമെല്ലാം പൈശാചിക ചോദനകളെ പ്രചോദിപ്പിക്കുന്നു. ഭൗതിക സാഹചര്യങ്ങള്‍ അതിനെ വീണ്ടും ശക്തിപ്പെടുത്തുന്നു. അപ്പോള്‍ മനുഷ്യനിലെ മൃഗീയതയും പൈശാചികതയും പുറത്തു ചാടുന്നു. മനുഷ്യപ്പിശാചുക്കള്‍ ഉറഞ്ഞുതുള്ളുന്നു. ഇത്തരം പൈശാചിക വൈകൃതങ്ങളെ തടഞ്ഞുവെക്കുകയും മാനവികതയെ ഉജ്ജ്വലിപ്പിച്ച് നിലനിര്‍ത്തുകയും ചെയ്യുന്ന നല്ല കാലമാണ് പരിശുദ്ധിയുടെ റമസാന്‍. ശരീരം പട്ടിണികിടക്കുമ്പോള്‍ പിശാച് പമ്പകടക്കും. മൃഗീയത ക്ഷയിക്കും. മാനവികത പ്രകാശിക്കും. മനസ്സിനെ നിയന്ത്രിക്കുമ്പോള്‍ നന്മകളാല്‍ സമൃദ്ധമാകും. സംസ്‌കരണം സാധ്യമാകും. നോമ്പ് പരിചയാണ് എന്ന തിരുവചനം എന്തുമാത്രം ശ്രദ്ധേയമാണ്.

Latest