Connect with us

Malappuram

റമസാനില്‍ മുപ്പതിന കര്‍മ പദ്ധതിയുമായി മഅ്ദിന്‍

Published

|

Last Updated

മലപ്പുറം: ആത്മീയ-കാരുണ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ഊന്നല്‍കൊടുത്ത് വിശുദ്ധ റമസാനില്‍ മഅ്ദിന്‍ അക്കാദമി നടപ്പാക്കുന്ന മുപ്പതിന റമസാന്‍ കര്‍മപദ്ധതികള്‍ക്ക് തുടക്കമായി. ഒരുമാസം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളില്‍ അഞ്ചു ലക്ഷം കുടുംബങ്ങളിലേക്ക് ധര്‍മ-കാരുണ്യ സന്ദേശമെത്തിക്കും. ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന കാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്മരണ വേദികള്‍ എന്നിവയുള്‍ക്കൊള്ളുന്ന കാമ്പയിന്‍ പരിപാടികള്‍ സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ കഴിഞ്ഞദിവസം സ്വലാത്ത് നഗറില്‍ ഉദ്ഘാടനം ചെയ്തു.
ഇന്നലെ മുതല്‍ ആരംഭിച്ച ഇഫ്താര്‍ സംഗമങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ഇഫ്താറില്‍, മലപ്പുറത്തെയും പരിസരങ്ങളിലെയും വീടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ ആയിരക്കണക്കിനു പേര്‍ക്കാണ് നോമ്പുതുറയൊരുക്കുക. 5.30 മുതല്‍ ഇഫ്താര്‍ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ ഗ്രാന്റ് മസ്ജിദില്‍ വിജ്ഞാനവേദിയും ദുആ മജ്‌ലിസുമുണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. റയ്യാന്‍ എന്ന പേരില്‍ രണ്ടാഴ്ച നീളുന്ന വനിതാ പഠനവേദിക്ക് ശനിയാഴ്ച തുടക്കമാവും.
വിവിധ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ നയിക്കുന്ന ക്ലാസുകള്‍ക്ക് പുറമെ സംശയ നിവാരണത്തിനും അവസരമുണ്ടാവും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 തൊട്ട് പ്രത്യേക ആത്മീയ മജ്‌ലിസ് ഒരുക്കുന്നുണ്ട്. നോമ്പ് മുപ്പത്‌വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് ക്ലാസും ഇഅ്തികാഫ് ജല്‍സയുമുണ്ടാകും. ജല്‍സക്കെത്തുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. റംസാനില്‍ വിടപറഞ്ഞ ഇസ്‌ലാമിക ചരിത്രത്തിലെ 52 മഹാരഥന്മാരെ അനുസ്മരിക്കുന്ന ചരിത്രപഠനവും പ്രാര്‍ത്ഥനാ സദസ്സും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.
നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും നടക്കും. വിശ്വാസ സംരക്ഷണത്തിന് ധീരമായി പോരാടിയ 313 ബദ്‌രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്‍ത്ഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. റമസാന്‍ 21ന് മഹല്ലുകളിലൂടെ പൈതൃകയാത്രയും തറാവീഹിനു ശേഷം വഅള് പരമ്പരയുടെ ഉദ്ഘാടനവും നടക്കും.
ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണിതൊട്ട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിന്‍ കാലയളവില്‍ നടപ്പിലാക്കുന്നുണ്ട്. അന്ധ-ബധിരരായവര്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണവും ഓറിയന്റേഷന്‍ ക്യാമ്പും റംസാന്‍ 25ന് നടക്കും.
സ്വലാത്ത് നഗറിലെ റംസാന്‍ പരിപാടികളില്‍ നേരിട്ടു സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്കായി പരിപാടികള്‍ മഅ്ദിന്‍ വെബ്‌സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്.