Connect with us

Gulf

പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നു ആക്ഷേപം

Published

|

Last Updated

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഖത്വറിലെ പ്രവാസി ഇന്ത്യക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കുകയോ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഇന്ത്യന്‍ സമൂഹത്തിന് അനുമതി നല്‍കുകയോ ചെയ്തില്ലെന്ന് പരാതി. ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും പ്രവാസി ഇന്ത്യക്കാര്‍ കടന്നുവന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി വരുമ്പോള്‍ ആശയവിനിമയം നടത്തുന്നതിന് ഇന്ത്യന്‍ സാമൂഹിക പ്രതിനിധികള്‍ക്ക് അവസരം നല്‍കാതെ അംബാഡര്‍ ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് സംഘടനകളുടെ പരാതി.
ഖത്വറില്‍ ജീവിക്കുന്ന ആറര ലക്ഷം പ്രവാസികളെ ഒരു തരത്തിലും സംബോധ ചെയ്യാത്തതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണമെന്ന് ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിച്ച പ്രസംഗമായിരുന്നില്ല അത്. രാഷ്ട്രീയ പ്രസംഗമായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ തന്നെ പൊള്ളയായ അവകാശവാദങ്ങളായിരുന്നു. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ സ്വന്തം പട്ടികയില്‍ ചേര്‍ക്കാനാണ് അദ്ദേഹം സന്നദ്ധമായത്. ആധാര്‍ കാര്‍ഡിനെ നേരത്തേ എതിര്‍ത്തവരാണിവര്‍. ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് തടയുന്നതിനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതോ പ്രവാസികളുടെ പുനരധിവാസം പോലുള്ള ഒരു വിഷയത്തെയും സ്പര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും കെ കെ ഉസ്മാന്‍ പറഞ്ഞു.
എംബസിയില്‍ അഭയം തേടിയെത്തുന്ന സാധാരണ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ വേണമെന്ന കാലങ്ങളായുള്ള ആവശ്യമുള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതിന് നടപടികളായില്ലെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോടൊപ്പം വന്ന വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോസ്ഥരും ഒരക്ഷരം മിണ്ടിയില്ല. തൊഴിലാളികളിലുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് പൊതുവായി നടത്തിയ അഭിപ്രായത്തില്‍ മാത്രം ഒതുക്കുകയായിരുന്നു. തൊഴില്‍ കരാറിന്റെ പരിധിയില്‍ വരാത്ത വീട്ടു ജോലിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബോധന ചെയ്യുന്നതിനോ പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിനോ ചര്‍ച്ചകളുണ്ടായില്ല. നഴ്‌സുമാരുള്‍പ്പെടെയുള്ള തൊഴില്‍ വിഭാഗങ്ങള്‍ക്ക് മിനിമം വേതനം നടപ്പിലാക്കണം പോലുള്ള നിര്‍ദേശങ്ങള്‍ മിഡില്‍ ഈസ്റ്റ് മൈഗ്രന്റ് റൈറ്റ് ഫോറം മുന്നോട്ടു വെച്ചിരുന്നു.
പ്രധാനമന്ത്രി വരുമ്പോള്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ശരിയായ രീതിയില്‍ ഉയര്‍ത്തുന്നതില്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സാമൂഹിക സംവിധാനങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്ന് സംസ്‌കൃതി പ്രതിനിധി പി എന്‍ ബാബുരാജന്‍ പറഞ്ഞു. എല്ലാ സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെങ്കിലും അപെക്‌സ് ബോഡികള്‍ക്ക് വര്‍ധിച്ച ചുമതലയുണ്ട്. മോദിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ പലരും കാണിച്ച താത്പര്യം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മുന്നില്‍ കൊണ്ടുവരുന്നതില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഐ സി സി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെയും അംബാസിഡര്‍ നോക്കു കുത്തിയാക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്. ഇതേച്ചൊല്ലി അംബാസിഡര്‍ക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അമര്‍ഷമുയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക സംഘടനകള്‍ക്കും ഭാരവാഹികള്‍ക്കും വരെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ സ്വന്തക്കാര്‍ക്ക് കുടുംബ സമേതം പ്രവേശനം നല്‍കുന്ന സാഹചര്യമുണ്ടായെന്നും മോദിക്ക് മുദ്രാവാക്യം വിളിക്കാനായി ഒരു മാനദണ്ഡവും പാലിക്കാതെ ഭക്തന്‍മാരെ കൊണ്ടുവന്നുവെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു സംഘടനാ ഭാരവാഹി പറഞ്ഞു.

Latest