Connect with us

Kasargod

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കാസര്‍കോട് നഗരം

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. പൊതുവെ തിരക്കേറിയ നഗരത്തില്‍ മഴ കൂടി പെയ്തു തുടങ്ങിയതോടെ യാത്രാദുരിതം ഇരട്ടിക്കുകയാണ്. ട്രാഫിക് നിയന്ത്രണത്തിന് യാതൊരു സൗകര്യങ്ങളുമില്ലാത്തത് മൂലം നഗരത്തിലെ റോഡുകളില്‍ യാത്രാസുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്.
പുതിയ ബസ്സ്റ്റാന്‍ഡ്, പ്രസ്‌ക്ലബ്ബ്, പഴയ ബസ്സ്റ്റാന്‍ഡ്, ക്രോസ് റോഡുകള്‍, ട്രാഫിക് ജംഗ്ഷന്‍, മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് മുന്‍വശം എന്നിവിടങ്ങളാണ് ഗതാഗതകുരുക്ക് ശക്തമായി അനുഭവപ്പെടുന്നത്. വാഹനപെരുപ്പവും ഗതാഗതക്കുരുക്കും മൂലം പുതിയ ബസ്സ്റ്റാന്റ് നിന്ന് ബാങ്ക് റോഡിലെത്താന്‍ മണിക്കൂറുകളെടുക്കേണ്ട അവസ്ഥയാണ്.
വഴിയോരങ്ങളിലെ അനധികൃത പാര്‍ക്കിംഗ്, ഓട്ടോറിക്ഷകളുടെ അനാവശ്യമായ കറക്കം, വീതിയില്ലാത്ത റോഡുകള്‍ ഇതൊക്കെയാണ് നഗരത്തെ മണിക്കൂറുകളോളം സ്തംഭനാവസ്ഥയിലാക്കുന്നത്. നഗരത്തില്‍ പതിവാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസിനും സാധിക്കുന്നില്ല. അതിന് പുറമെ, പ്രസ് ക്ലബ്ബിലെയും പള്ളം ജംഗ്ഷനിലെയും ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തന രഹിതമായതും നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.
ഇവിടങ്ങളില്‍ പകല്‍ നേരങ്ങളില്‍ ഹോംഗാര്‍ഡുകളുടെ സാന്നിധ്യമുണ്ടെങ്കിലും പലപ്പോഴും പ്രായോഗികമാകുന്നില്ല. പൊതുവെ തിരക്ക് കൂടിയ നാലു റോഡുകള്‍ സംഗമിക്കുന്നയിടമാണ് പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍. ട്രാഫിക് സിഗ്‌നല്‍ കണ്ണടച്ചതോടെ ഇവിടം കടന്നുകിട്ടാനുള്ള പെടാപാട് ഏറെയാണ്. അനിയന്ത്രിതമായ ഗതാഗതക്കുരുക്കു മൂലം ഇവിടങ്ങളില്‍ ചെറുതും വലുതമായ അപകടവും പതിവാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ പോലും അപകടം നടന്നുകഴിഞ്ഞതിന് ശേഷമാണ് സജീവമാകുന്നത് തന്നെ.
സ്‌കൂള്‍ തുറന്നതും റമസാന്‍ വിപണി ഉണര്‍ന്നതും നഗരത്തിലെ തിരക്ക് ഒന്നുകൂടി രൂക്ഷമാക്കിയിരിക്കുകയാണ്.

Latest