Connect with us

Kerala

പൂഞ്ഞാര്‍, അഴീക്കോട്, വട്ടിയൂര്‍ക്കാവ് തോല്‍വി സി പി എം പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം: പൂഞ്ഞാര്‍, അഴിക്കോട്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൂഞ്ഞാറില്‍ രണ്ട് തവണ പിണറായി വിജയന്‍ പങ്കെടുത്ത മണ്ഡലം കമ്മിറ്റി കൂടിയിട്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. പാര്‍ട്ടി അവിടെ നിര്‍ജീവമായിരുന്നു. പൂഞ്ഞാറിലെ തോല്‍വി കോട്ടയം ജില്ലാ കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യണം. വീഴ്ചക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൂഞ്ഞാര്‍ പരാജയം പ്രത്യേകം പരിശോധിക്കണം. പാര്‍ട്ടി വോട്ടുകള്‍ പോലും പി സി ജോര്‍ജിന് ചോര്‍ന്നു.
ചില മണ്ഡലങ്ങളിലേറ്റ തോല്‍വി സംഘടനാപരമായി പരിശോധിക്കേണ്ടതുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ എം വി നികേഷ്‌കുമാര്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരിശോധിക്കണം. എം വി നികേഷ്‌കുമാര്‍ വിജയിക്കുമെന്നാണ് പാര്‍ട്ടി നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഫലം മറിച്ചായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ ടി എന്‍ സീമ മൂന്നാംസ്ഥനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇക്കാര്യം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. മന്ത്രിമാരുടെ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. സെക്രട്ടേറിയറ്റിന് തുടര്‍ച്ചയായി ഈ മാസം 10, 11 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയും യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും സെക്രട്ടേറിയറ്റ് നടത്തി. സംസ്ഥാന കമ്മിറ്റിയും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. ബി ജെ പിയുടെ വളര്‍ച്ച ഗൗരവമായി കാണണം. പ്രത്യേകിച്ചും ബി ജെ പി ഏഴ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതും ഒരു മണ്ഡലത്തില്‍ വിജയിച്ചതും ഗൗരവമുള്ളതാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ തുടക്കം നന്നായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന വലുതും ചെറുതുമായ എല്ലാ വികസന പദ്ധതികള്‍ക്കും പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചു. മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം. സര്‍ക്കാറിന്റെ ഭാവി വികസന പരിപാടികള്‍ ക്രമീകരിച്ച് നടപ്പാക്കണം. 10,11 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
ഇടതു മുന്നണിക്കുണ്ടായത് ചരിത്രവിജയമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സി പി എമ്മിന് മികവ് പുലര്‍ത്താനായി. യു ഡി എഫ് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളും അഴിമതിയും ജനങ്ങളെ ബോധ്യപ്പെടുത്താനായി. തൃപ്പൂണിത്തറയില്‍ എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനം ഉചിതമായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
സി പി എം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക തരുമ്പോള്‍ ജില്ലാ കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. പാര്‍ട്ടി എം എല്‍ എമാര്‍ക്ക് വികസന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പൊതു മാനദണ്ഡം ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.