Connect with us

Eranakulam

സെന്‍കുമാറിന്റെ ഹരജി 24ലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി പി സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. ഇതോടെ പത്ത് ദിവസത്തെ അവധി കഴിഞ്ഞാല്‍ സെന്‍കുമാര്‍ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡിയുടെ ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്നാണ് സൂചന.
നിയമ പ്രശ്‌നങ്ങളുള്ളതിനാല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹരജി മാറ്റിയത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് നേരിട്ടെത്തിയാണ് നാലാഴ്ച സമയം ചോദിച്ചത്. എന്നാല്‍, കൂടുതല്‍ സമയം അനുവദിക്കുന്നതിനെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്നാണ് ജസ്റ്റിസ് എന്‍ കെ ബാലക്യഷ്ണന്‍ അടങ്ങിയ ട്രൈബ്യൂണല്‍ ബഞ്ച് 24 ന് കേസ് പരിഗണിക്കാന്‍ മാറ്റിയത്. 24 ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
കേരള പോലിസ് ചട്ടത്തിന്റെയും അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെയും ലംഘനമാണ് തന്റെ സ്ഥലമാറ്റത്തിലൂടെ നടന്നതെന്ന് ചൂണ്ടികാട്ടിയാണ് സെന്‍കുമാര്‍ പരാതി നല്‍കിയത്. സീനിയോറിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ പോലിസ് മേധാവിയായി നിയമിച്ച നടപടി കേരള പോലിസ് ആക്ടിന്റെ ലംഘനമാണ്. കേരള പോലിസ് ആക്ടിന്റെ 97(2) ഇ വകുപ്പ് പ്രകാരമാണ് സ്ഥലം മാറ്റമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
പൊതുജനങ്ങള്‍ക്കിടയില്‍ അത്യപ്തി ഉളവാക്കുന്ന പ്രവ്യത്തിയുണ്ടായാല്‍ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്ന വകുപ്പാണിത്. എന്നാല്‍, ഈ പ്രവ്യത്തി എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പൊതുജന താത്പര്യം മാനിച്ചില്ല. പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ഡി ജി പി തസ്തികയിലുള്ള വ്യക്തിയെ സ്ഥലം മാറ്റണമെങ്കില്‍ ചുരുങ്ങിയത് രണ്ട് വര്‍ത്തെയെങ്കിലും തുടര്‍ച്ചയായി സേവനമുണ്ടാകണമെന്നാണ്.
എന്നാല്‍, 2015 ല്‍ നിയമിതനായ തന്നെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം മറികടന്നാണ് രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി സ്ഥലം മാറ്റിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

Latest