Connect with us

Palakkad

അമൃത് പദ്ധതി: നഗര നവീകരണ പദ്ധതികളുടെ രൂപരേഖ തയാറാക്കി

Published

|

Last Updated

പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരസഭയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ സര്‍വീസ് ലെവല്‍ ഇംപ്രീവ്‌മെന്റെ പദ്ധതി തയാറാക്കുന്നതിനുള്ള സ്റ്റോക്ക് ഹോള്‍ഡര്‍മാരുടെ യോഗം നഗരസഭാധ്യക്ഷ പ്രമീള ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
എം ബി രാജേഷ് എം പി, ശാഫി പറമ്പില്‍ എം എല്‍ എ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, സ്റ്റോക്ക് ഹോള്‍ഡര്‍മാര്‍ മുതലായവര്‍ പങ്കെടുത്തു.
നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി നഗരസഭയിലൂടെ പോകുന്ന പ്രധാന തോടുകളിലേയും മഴവെള്ള ചാലുകളിലേയും മണ്ണ് നീക്കം ചെയ്ത്, പാര്‍ശ്വഭിത്തികള്‍ പുനഃസ്ഥാപിച്ച് സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് യോഗം തീരുമാനിച്ചു. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും തുല്യമായ രീതിയില്‍ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനും വാട്ടാര്‍ ടാങ്കുകള്‍ നിര്‍മിക്കുന്നതിനും 1950 കാലഘട്ടത്തില്‍ സ്ഥാപിച്ച കാലാവധി കഴിഞ്ഞ പ്രധാന പൈപ്പുകള്‍ നിരന്തരം പൊട്ടി ജല വിതരണം തടസ്സപ്പെടുന്ന നിലവിലെ സാഹചര്യം ഒഴിവാക്കാന്‍ കാലാവധി കഴിഞ്ഞ പ്രധാന പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ യോഗം വിഭാവനം ചെയ്തു. മലമ്പുഴയില്‍ പുതിയ ജല ശുദ്ധീകരണശാലകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള ശുദ്ധീകരണ ശാലകള്‍ പുനരുജ്ജീവീപ്പിക്കുന്നതിനുമുള്ള പദ്ധതികളും ഉരുത്തിരിഞ്ഞു. മലിനജല സംസ്‌കരണത്തിനും കക്കൂസ് മാലിന്യ സംസ്‌കരണത്തിനുമുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭക്ക് കൈമാറി കിട്ടിയിട്ടുള്ള വിവിധ ലേ ഔട്ടുകളിലെ 31 പാര്‍ക്കുകളും, വിവിധ പൊതു കുളങ്ങളും നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി.
നഗരത്തിലെ കാല്‍നട യാത്രക്കാരുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ നടപ്പാതകളും മോയന്‍ സ്‌കൂള്‍, മിഷന്‍ സ്‌കൂള്‍, പി എം ജി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനും തീരുമാനമായി.
ജി ബി റോഡില്‍ അടച്ചു പൂട്ടിയ റെയില്‍വേ ഗെയ്റ്റ് മുറിച്ച് കടക്കുന്നതിന് എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിന് സ്ഥല പരിശോധനക്ക് റെയില്‍വേ തയാറായ വിവരം നഗരസഭാ വൈസ് ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ഐ എം എ ജംഗ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള ഇറിഗേഷന്‍ കനാല്‍ കവര്‍ ചെയ്ത് പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നിര്‍ദേശം യോഗം അംഗീകരിച്ചു.
നഗരത്തിലെ പട്ടിക്കര ബൈപാസിലെ ഡ്രെയിന്‍ സ്ലാബിട്ട് മൂടി ലോറി പാര്‍ക്കിംഗ് ആക്കി മാറ്റുന്നതിനും തീരുമാനിച്ചു. കൂടാതെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും യോഗം തീരുമാനിച്ചു.
അമൃത് പദ്ധതിക്ക് കേന്ദ്ര വിഹിതമായി പദ്ധതി തുകയുടെ 50 ശതമാനവും സംസ്ഥാന വിഹിതമായി 30 ശതമാനവുമാണ് ലഭിക്കുന്നത് ശേഷിക്കുന്ന 20 ശതമാനം തുക നഗരസഭ കണ്ടെത്തേണ്ടതുണ്ട്.
എം പിയുടെയും എം എല്‍ എയുടെയും പ്രാദേശിക വികസന ഫണ്ടുകളില്‍ നിന്നും നിയമാനുസൃതമായി പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് നല്‍കാമെന്ന് എം ബി രാജേഷ് എം പിയും ശാഫി പറമ്പില്‍ എം എല്‍ എയും ഉറപ്പു നല്‍കി. മുനിസിപ്പല്‍ എന്‍ജിനീയര്‍ എം ശങ്കരന്‍കുട്ടി നന്ദി രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest