Connect with us

Kerala

ഹെെക്കോടതി ഉത്തരവിന് പിന്നാലെ മലാപറമ്പ് സ്കൂൾ അടച്ചുപൂട്ടി

Published

|

Last Updated

കൊച്ചി/കോഴിക്കോട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എഇഒ കെഎസ് കുസുമം അടച്ചുപൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനെ സംരക്ഷണ സമിതി എതിര്‍ത്തില്ല. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടച്ചുപൂട്ടല്‍ നടപടികളെ എതിര്‍ക്കില്ലെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ പൂട്ടിയതോടെ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ കലക്ടറേറ്റില്‍ താത്കാലിക പഠന സൗകര്യം ഒരുക്കും.

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചൂപൂട്ടണമെന്ന് ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്‌കൂള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അതിന് ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസില്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ്. അതിനാല്‍ മറ്റൊരു തീരുമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

സ്‌കൂള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സമരം നടക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജനകീയ സമരങ്ങളോ പ്രക്ഷോഭങ്ങളോ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസമാകാന്‍ പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സ്‌കൂള്‍ മാനേജര്‍ പ്രതികരിച്ചു.

Latest