Connect with us

Gulf

രാജ്യത്ത് പകുതിയിലേറെ ജനവാസം ലേബര്‍ ക്യാമ്പുകളിലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ: നാള്‍ക്കുനാള്‍ ജനസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് പകുതിയിലേറെപ്പേരും വസിക്കുന്നത് ലേബര്‍ ക്യാമ്പുകളില്‍. ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ടിലാണിതുള്ളത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന്റെ തോത് ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പ് സമാഹരിച്ച കണക്കുകള്‍ അനുസരിച്ചാണ് 60 ശതമാനം പേര്‍ ലേബര്‍ ക്യാമ്പുകളില്‍ ജീവിക്കുന്നത്. 2010ല്‍ ഇത് 54 ശതമാനമായിരുന്നു.
വ്യവസായ മേഖലയിലെ ലേബര്‍ ക്യാമ്പുകളില്‍ നിര്‍മാണ മേഖലിയല്‍ പ്രവര്‍ത്തിക്കുന്ന അവിദഗ്ധ തൊഴിലാളികളും റീട്ടെയില്‍, സര്‍വീസ് മേഖലയിലെ ജീവനക്കാരുമുള്‍പ്പെടെയുള്ളവരാണ് ലേബര്‍ ക്യാമ്പുകളിലെ താമസക്കാര്‍. 2010നും 2015നുമിടയിലുള്ള അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ വര്‍ധനയാണുണ്ടായത്. ഇപ്പോള്‍ 14.4 ലക്ഷം പേര്‍ ലേബര്‍ ക്യാമ്പുകളില്‍ ജീവിക്കുന്നുവെന്നാണ് കണക്ക്. അഞ്ചു വര്‍ഷത്തിനിടെ 525,000 പേരാണ് വര്‍ധിച്ചത്.
അതേസമയം, ഇതേകാലയളവില്‍ രാജ്യത്തെ ആകെ ജനസംഖ്യയില്‍ 705,341 പേരുടെ വര്‍ധനയുണ്ടായി. അഥവാ രാജ്യത്തു വസിക്കുന്ന നാലില്‍ മൂന്നു പേരും ലേബര്‍ ക്യാമ്പുകളിലോ സമാനമായി ഷെയര്‍ ചെയ്യുന്ന താമസയിടങ്ങളിലോ ആണ് കഴിയുന്നത്. ചെലവു കുറഞ്ഞ താമസയിടങ്ങള്‍ എന്ന നിലയിലാണ് ഇത്തരം വാസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളിലെ ആള്‍പെരുപ്പവും അസൗകര്യങ്ങളും പലപ്പോഴായി ചര്‍ച്ചയായിരുന്നു. എന്നാല്‍ ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചകളെത്തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ സിറ്റികള്‍ ഖത്വര്‍ നിര്‍മിക്കുന്നുണ്ട്.
ലോകകപ്പ് പദ്ധതികളെത്തുടര്‍ന്നാണ് രാജ്യത്തെ വിദേശ തൊഴിലാളികള്‍ വര്‍ധിച്ചതും. അതേസമയം വേള്‍ഡ് കപ്പ് പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരല്ലാതെയും രാജ്യത്തെ തൊഴിലാളി സാന്നിധ്യം വര്‍ധിക്കുന്നുണ്ട്.
ഉദാഹരണത്തിന് 2010ല്‍ രാജ്യത്തെ സ്ത്രീ തൊഴില്‍ സാന്നിധ്യം 15000 മാത്രമായിരുന്നുവെങ്കില്‍ 2015ല്‍ ഇത് 96,000ലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാര്‍ നിര്‍മാണ മേഖലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest