Connect with us

Kerala

തുള്ളിക്കൊരുകുടമായി കാലവര്‍ഷം

Published

|

Last Updated

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായ തിരുവനന്തപുരം വലിയതുറ കടല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യം ചിത്രം: ടി ശിവജികുമാര്‍

തിരുവനന്തപുരം: കനത്ത മഴയോടെ സംസ്ഥാനത്ത് കാലവര്‍ഷമെത്തി. കനത്ത മ ഴയെ തുടര്‍ന്ന് ഇടുക്കിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എസ് എഫ് ഐ നേതാവ് ജോബി ജോണ്‍ ആണ് മരിച്ചത്. ജോബിയുടെ മാതാപിതാക്കള്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. കോട്ടയത്ത് താഴത്തങ്ങാടിയില്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടി കെട്ടിടം തകര്‍ന്നുവീണു. അപകടത്തിന് തൊട്ടുമുമ്പ് കുട്ടികളെ മാറ്റിയതിനാല്‍ വന്‍ ദുരന്തം വഴിമാറി.
ഞായറാഴ്ച വരെ സംസ്ഥാന വ്യാപകമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസമായി പരക്കെ മഴ ലഭിക്കുന്നുണ്ടെങ്കിലും കാലവര്‍ഷമല്ലെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചത്. എന്നാല്‍, ഇന്നലെ മുതല്‍ ലഭിക്കുന്നത് കാലവര്‍ഷം തന്നെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയോ അതിന് മുകളിലോ മഴയുണ്ടായേക്കാം.
പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 45 മുതല്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത്തവണ കാലവര്‍ഷത്തില്‍ രാജ്യത്ത് ആറ് ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. പലയിടങ്ങളിലും ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊന്മുടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ കേന്ദ്രങ്ങളടക്കമുള്ളവയില്‍ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. പുനലൂരിലും ഇടുക്കിയിലുമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ശരാശരി 220 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കാറുള്ളതെങ്കിലും ഇക്കുറി ഇതില്‍ 8.9 ശതമാനത്തിന്റെ വര്‍ധന പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഴ 14 ശതമാനം കുറവായിരുന്നു.
കഴിഞ്ഞ മാസം പകുതിക്ക് ശേഷം ആന്‍ഡമാന്‍ തീരത്തെത്തിയ കാലവര്‍ഷക്കാറ്റ് ബംഗാള്‍ ഉള്‍ക്കടല്‍ വഴി ശ്രീലങ്കന്‍ തീരം പിന്നിട്ട് അറബിക്കടല്‍ വഴിയാണ് എത്തുന്നത്.
ഇടവപ്പാതിക്ക് ശക്തിപകരാന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്.

Latest