Connect with us

Ramzan

ഖുര്‍ആന്‍ പാരായണത്തിന്റെ റമസാന്‍

Published

|

Last Updated

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമസാന്‍ ആദ്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ റമസാന്‍ ഒന്നിന്. ക്രിസ്താബ്ദം 610 നവംബര്‍ 23 തിങ്കളാഴ്ച രാത്രിയായിരുന്നു ആദ്യ വഹ്‌യ്. അന്നുമുതല്‍ അതിന്റെ പാരായണവും ആരംഭിച്ചു. ഇന്നും അത് ഭംഗിയായി തുടരുന്നു. അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും; തീര്‍ച്ച.
ഖുര്‍ആന്‍ എന്ന ശബ്ദം സൂചിപ്പിക്കുന്നത് പോലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വേദ ഗ്രന്ഥം ഖുര്‍ആനാണെന്ന് വിശ്വവിജ്ഞാന കോശത്തില്‍ തന്നെ പറയുന്നുണ്ട്. ഖുര്‍ആന്‍ പാരായണം ആരാധനയാണ്. ആസ്വാദനമാണ്. ആത്മീയ ചൈതന്യമാണ്. സംഗീതം ആഗ്രഹിക്കുന്നവര്‍ക്ക് അത് സംഗീതമാണ്. പദ്യം പോലെ ആസ്വദിക്കാനും ഗദ്യം പോലെ പാരായണം ചെയ്യാനും കഴിയും പോലെയാണതിന്റെ ഘടനാ സംവിധാനം. എക്കാലത്തെയും സംഗീതപ്രേമികളെ ആകര്‍ഷിക്കുന്ന മാസ്മരികതയും താളാത്മകതയുമാണ.് ശബ്ദസൗന്ദര്യവുമുള്ളവര്‍ നിയമാനുസൃതം ഖുര്‍ആന്‍ ഓതിയാല്‍ ഏത് സംഗീത ചക്രവര്‍ത്തിയും അടിയറവ് പറയേണ്ടിവരും. സബൂര്‍ പോലെ സങ്കീര്‍ത്തനമല്ല, സാഹിത്യവും സംഗീതവും ഒരേസമയം ആസ്വദിക്കാവുന്ന അതിമനോഹരമായ ശൈലിയാണ് ഖുര്‍ആനിന്റെത്.
ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയാണ് തിരുനബി ആദ്യം ചെയ്തത്. കഅബക്കരികിലും ജനം കൂടുന്നിടത്തും മനോഹരമായി ഓതിക്കേള്‍പ്പിക്കും. വലിയ ജനാവലി ശ്രോദ്ധാക്കളായി തടിച്ചുകൂടും. പാരായണത്തില്‍ ആകൃഷ്ടരായി ജനം ഇസ്‌ലാമിലേക്ക് ഒഴുകും. ഉരുക്ക് മനുഷ്യരായ അനുചരന്‍ ഉമര്‍ (റ) മുതല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി ക്ലേ വരെ ഖുര്‍ആന്‍ പാരായണത്തില്‍ പരിവര്‍ത്തിതരായി ഇസ്‌ലാം ആശ്ലഷിച്ചവരാണ്. ഖുര്‍ആനിലെ ഏതാനും അധ്യായങ്ങളെങ്കിലും ഓതിപ്പഠിക്കുകയും മനപ്പാഠമാക്കുകയും ചെയ്യാത്ത ഒരു മുസ്‌ലിം പോലും ലോകത്തുണ്ടാവില്ല. ആശയം ആലോചിച്ചുകൊണ്ടുള്ള പാരായണമാണ് സമ്പൂര്‍ണ ഫലം ലഭിക്കുന്നത്. അത് ഹൃദയസംസ്‌കരണത്തിനുള്ള ഒറ്റമൂലിയായി മതം പരിചയപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ പാരായണം പതിവാക്കുന്നവര്‍ക്ക് ഭൂമിയില്‍ പ്രകാശവും പാരത്രിക ലോകത്ത് വലിയ നിക്ഷേപവുമാണെന്ന് തിരുനബി അരുളിയിട്ടുണ്ട്. (ഇബ്‌നുമാജ). ഖുര്‍ആന്‍ പാരായണ സേവനത്തില്‍ സജീവമാകുന്നവരെ കുറിച്ച് ഭൂമിയില്‍ അല്ലാഹുവിന്റെ സ്വന്തക്കാര്‍ എന്നാണ് പുണ്യ റസൂല്‍ (സ) പരിചയപ്പെടുത്തുന്നത്. അവര്‍ അല്ലാഹുവിന്റെ പ്രത്യേകക്കാരാണ്. രണ്ട് ലോകത്തും മുന്തിയ പരിഗണന ലഭിക്കുന്നവര്‍. ഖുര്‍ആന്‍ നേരിട്ട് ശിപാര്‍ശ ചെയ്ത് അവരെ രക്ഷപ്പെടുത്തും. നിങ്ങള്‍ ഖുര്‍ആനോതുക. അന്ത്യ നാളില്‍ അത് പാരായണം ചെയ്യുന്നവരുടെ ശിപാര്‍ശകനായി എത്തും. (ഹദീസ് മുസ്‌ലിം 804) മധുര നാരങ്ങയോടാണ് ഓത്തുകാരെ ഉദാഹരിച്ചത്. കാരക്കയോട് ഓതാത്ത വിശ്വാസിയെയും. നല്ല രുചിയും സുഗന്ധവും നിറവും എല്ലാം ആസ്വദിക്കുന്നവനാണ് ഖുര്‍ആന്‍ പാരായണത്തിന് സമയം കണ്ടെത്തുന്നവന്‍. അര്‍ഥം അറിയാതെ ഓതിയാലുമുണ്ട് ഒരക്ഷരത്തിന് പത്ത് പ്രതിഫലം. ആശയം ഗ്രഹിച്ചുകൊണ്ടാണെങ്കില്‍ എത്രയോ ഇരട്ടിയാകും. റമസാനിലാകുമ്പോള്‍ എഴുപതിനായിരം വരെ നീളും പ്രതിഫലം. പൂര്‍ണ ശുദ്ധിയോടും ഹൃദയ സാന്നിധ്യത്തോടും പാരായണ മര്യാദ പാലിച്ചുകൊണ്ടുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഓത്ത് കേള്‍ക്കലും ഖുര്‍ആനിലേക്ക് നോക്കിയിരിക്കല്‍ പോലും വലിയ പ്രതിഫലമുള്ള കാര്യമാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ ശ്രദ്ധിച്ചുകേള്‍ക്കുകയും നിശ്ശബ്ദരാവുകയും ചെയ്യുക (ഖുര്‍ആന്‍ 7-204).

Latest