Connect with us

Articles

കിണര്‍ ദുരന്തങ്ങളിലെ അദൃശ്യ കൊലയാളി

Published

|

Last Updated

ഇക്കാലത്ത് ഇടക്കിടെ കാണുന്നതാണ് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്ന പണിക്കാര്‍ അപകടത്തില്‍ പെടുന്ന വാര്‍ത്ത. കിണര്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ശ്വാസതടസ്സമാണ് മിക്കപ്പോഴും മരണ കാരണം. ഹൈഡ്രജന്‍ സള്‍ഫേറ്റ് എന്ന വാതകമാണ് ഇവിടെ വില്ലന്‍. ഈ വാതകം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് ആരും മുന്‍ കരുതല്‍ എടുക്കാത്തത്. മറ്റു രാജ്യങ്ങളില്‍ ഈ വാതകത്തിന്റെ സാന്നിധ്യം അറിയാന്‍ പ്രത്യേക യന്ത്രം തന്നെ ഘടിപ്പിച്ചാണ് തൊഴിലാളികള്‍ പണി ചെയ്യുന്നത്.
അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഏറ്റവും വിഷകാരിയായ വാതകമാണ് ഹൈഡ്രജന്‍ സള്‍ഫേറ്റ്. ദുരന്തങ്ങളുടെ രാജാവാണ് ഈ വിഷവാതകം. ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലും ഇതിന്റെ സാന്നിധ്യം ഉണ്ട്. ഏത് സാഹചര്യത്തിലും ഈ അദൃശ്യ കൊലയാളി നമ്മെ കീഴ്‌പെടുത്തും.
എന്താണ് ഹൈഡ്രജന്‍ സള്‍ഫേറ്റ്? ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം ജൈവവസ്തുക്കള്‍ അഴുകുന്നതു കൊണ്ടാണ് ഹൈഡ്രജന്‍ സള്‍ഫേറ്റ് ഉണ്ടാകുന്നത്. നിറമില്ലാത്തതും വായുവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പെട്ടെന്ന് തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ്. ചീഞ്ഞ മുട്ടയുടെ മണമാണിതിനുള്ളത്. എന്നാല്‍, വാതകം ഉയര്‍ന്ന അളവിലാകുമ്പോള്‍ മണം പിടിച്ചെടുക്കാനുള്ള നമ്മുടെ കഴിവിനെ ഇല്ലാതാക്കും. അതിനാല്‍ ഉയര്‍ന്ന തോതില്‍ ഇത് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഇതിന്റെ സാമിപ്യം നാമറിയുകയേയില്ല.
ഹൈഡ്രജന്‍ സള്‍ഫേറ്റ് വായുവിനെക്കാള്‍ ഭാരമുള്ളതാണ്. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി നില്‍ക്കും. പ്രത്യേകിച്ച് കുഴിയുള്ള ഭാഗങ്ങളില്‍ ഭാരക്കൂടുതലുള്ളതിനാല്‍ സാധാരണ കാറ്റിന് എളുപ്പത്തില്‍ ഈ വാതകത്തെ തള്ളിമാറ്റി കൊണ്ടുപോകാന്‍ കഴിയില്ല. കിണറുകളുടെ അടിഭാഗങ്ങളില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് ധാരാളമായി കാണുന്നത് അതുകൊണ്ടാണ്. പ്രത്യേകിച്ച് വെള്ളം സ്ഥിരമായി കോരിയെടുത്ത് ഉപയോഗിക്കാത്ത കിണറുകളില്‍. വായുവിന് ഇളക്കമുണ്ടാകുന്ന കിണറുകളില്‍ ഇതിന്റെ സാമിപ്യം കുറവായിരിക്കും. ഇത് കൂടുതലായി അടിഞ്ഞ് കൂടിയിട്ടുള്ള കിണറുകളില്‍ ഇറങ്ങി പണി ചെയ്യുന്നവര്‍ക്കാണ് അപടകം ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലെ കൊലയാളിയായാണ് ഹൈഡ്രജന്‍ സള്‍ഫേറ്റിനെ കണക്കാക്കുന്നത്. വന്‍ വിപത്തുകളാണ് ഇത് മനുഷ്യന് സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, കേരളത്തിലോ ഇന്ത്യയിലോ ഇതെക്കുറിച്ച് വേണ്ടത്ര പഠനങ്ങളോ മുന്‍കരുതലുകളോ ഉണ്ടായിട്ടില്ല. കിണര്‍ ശുചീകരണത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ നിരന്തരം അപടത്തില്‍ പെട്ടപ്പോള്‍ മാത്രമാണ് നാമിതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചുതുടങ്ങിയത്. കിണറിനുള്ളില്‍ മാത്രമല്ല, എവിടെയും ഇതിന്റെ സാന്നിധ്യം ഉണ്ടാകാം. കേരളം കൂടുതല്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹൈഡ്രജന്‍ സള്‍ഫേറ്റിന്റെ ഉത്പാദനം അന്തരീക്ഷത്തില്‍ കൂടാനാണ് സാധ്യത. പലയിടങ്ങളിലും അപ്രത്യക്ഷമായി കുഴഞ്ഞുവീണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയില്‍ മരണകാരണം കൃത്യമായി രേഖപ്പെടുത്തുകയോ ആ വഴിക്കുള്ള അന്വേഷണം നടത്തുകയോ ചെയ്യുന്നിന്നില്ല. മെഡിക്കല്‍ രംഗത്ത് ഹൈഡ്രജന്‍ സള്‍ഫേറ്റ് മരണകാരണമാകുന്നതിനെ കുറിച്ച് തികച്ചും മൗനമാണ് അവലംഭിക്കുന്നത്.
ഹൈഡ്രജന്‍ സള്‍ഫേറ്റ് പൂര്‍ണമായും ഒരു വിഷവാതകമാണ്. വളരെ ചെറിയ അളവില്‍ നാം ശ്വസിക്കുന്നതെങ്കില്‍ പോലും ശ്വാസം മുട്ട്, തലവേദന, ചുമ, മണം പടിക്കാനുള്ള കഴിവ് നഷ്ടപ്പെടല്‍, തൊണ്ടക്ക് കടുത്ത അസ്വസ്ഥത എന്നിവ സംഭവിക്കും. ചെറിയ തോതിലും നിരന്തരവുമായ സാമിപ്യം നാഡീ നരമ്പുകളെ പൂര്‍ണമായും തകര്‍ക്കും. കൂടിയ അളവില്‍ ശ്വസിക്കുമ്പോള്‍ പെട്ടെന്ന് അബോധാവസ്ഥയും മരണവും സംഭവിക്കും.
തൊഴിലെടുക്കുന്ന സ്ഥലങ്ങളില്‍ അന്തരീക്ഷത്തില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റിന്റെ അളവ് നിരന്തരംപരിശോധിക്കപ്പെടണം. കൊണ്ടുനടക്കാവുന്ന വാതക നിരീക്ഷണയന്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായിരിക്കും. ഹൈഡ്രജന്‍ സള്‍ഫേറ്റിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടിയാല്‍ ഈ യന്ത്രം അലാറം മുഴക്കും. ഹൈഡ്രജന്‍ സള്‍ഫേറ്റ് സാന്നിധ്യമുള്ള പ്രദേശത്ത് ജോലി ചെയ്യുമ്പോള്‍ തൊഴിലാളികള്‍ വായ് മൂടിക്കെട്ടാതെയും മാസ്‌കുകള്‍ ധരിക്കാതെയും ഒരു കാരണവശാലും പണി ചെയ്യാന്‍ പാടില്ല. ശ്വാസകോശ സംരക്ഷണമാണ് പ്രധാനം. കേരളത്തില്‍ കണറുകളില്‍ ഇറങ്ങി ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളികള്‍ യാതൊരു മുന്‍കരുതലുമെടുക്കാത്തത് കൊണ്ടാണ് ഈ രീതിയിലുള്ള മരണത്തിന് കീഴടങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നത്. അറിവില്ലായ്മയും ഒരു പ്രധാന കാരണമാണ്. കിണറിനുള്ളില്‍ ഇറങ്ങും മുമ്പ് പരന്ന വിശറി പോലുള്ള വസ്തു കൊണ്ട് വായുവില്‍ നന്നായി വീശുന്നത് ഹൈഡ്രജന്‍ സള്‍ഫേറ്റിനെ പുറത്തേക്ക് തള്ളിവിടുന്നതിന് സഹായിക്കുകയും ദുരന്തസാധ്യത കുറയുകയും ചെയ്യും.
മാലിന്യ സാന്ദ്രത ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കേരളം. ജൈവ മാലിന്യം കുമിഞ്ഞുകൂടി കിടന്ന് അഴുകുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് ധാരാളമായി ഉത്പാദിപ്പിക്കും. ഓക്‌സിജന്റെ അളവ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ് കൂടുതലായി രൂപപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്.
മലിനീകരണ തോത് ഭീമമായി കുറക്കുകയും ഉള്ള ജൈവമാലിന്യം കുന്നുകൂടികിടന്ന് അഴുകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യണം. ധാരാളം വായു സഞ്ചാരം ഉണ്ടാകുന്ന വിധത്തില്‍ ജൈവമാലിന്യം കിടന്നാല്‍ ഇത്തരം മാരക വാതകം അനുവദനീയമാകുന്നതിലും അധികം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയും. ധാരാളം മരങ്ങള്‍ വെച്ചുപടിപ്പിച്ച് അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ശ്രമിക്കുന്നതും ഇത്തരം വിഷവാതകങ്ങളുടെ തള്ളിക്കയറ്റം കുറക്കാന്‍ സാധിക്കും.