Connect with us

International

പാപ്പുവ ന്യൂ ഗിനിയയില്‍ പോലീസ് വെടിവെപ്പില്‍ 23 പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

പോര്‍ട്ട് മോറെസ്ബി: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നേരെ പാപ്പുവ ന്യൂ ഗിനിയ പോലീസ് നടത്തിയ വെടിവെപ്പില്‍ 23 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമാക്കി നടത്തുന്ന പ്രതിഷേധമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി പീറ്റര്‍ ഒനീല്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഒരു മാസത്തോളമായി രാജ്യത്ത് വിദ്യാര്‍ഥികള്‍ പ്രക്ഷോഭപരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ക്ലാസുകള്‍ ബഹിഷ്‌കരിച്ചാണ് പ്രധാനമന്ത്രിക്കെതിരെ സമരപരിപാടികള്‍ പുരോഗമിക്കുന്നത്. തലസ്ഥാനമായ പാപ്പുവ ഗിനിയയിലെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പോലീസ് ഇവര്‍ക്ക് നേരെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാപ്പുവ ഗിനിയയില്‍ രണ്ട് തരം നിയമമാണ് നിലനില്‍ക്കുന്നതെന്നും ഒന്ന് സാധാരണക്കാര്‍ക്കും മറ്റൊന്ന് പ്രധാനമന്ത്രിക്ക് മാത്രം ബാധകമാകുന്നതാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അതേസമയം, പാര്‍ലിമെന്റില്‍ അവിശ്വാസ വോട്ടെടുപ്പ് നേരിടാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി.

Latest