Connect with us

Sports

യൂറോ പൂരം

Published

|

Last Updated

ജര്‍മന്‍ താരങ്ങള്‍ പരിശീലനത്തിനിടെ

പാരീസ്: കോപ അമേരിക്കയുടെ ആവേശത്തിലമര്‍ന്നിരിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമായി യൂറോ കപ്പും വരവായി… ഇനി രാവും പകലും ഉരുവിടുന്നത് ഫുട്‌ബോള്‍ എന്നൊരു മന്ത്രം മാത്രം. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ഫ്രാന്‍സാണ് ഇത്തവണ യൂറോ കപ്പിന് വേദിയാകുന്നത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളടങ്ങിയ ടീമുകള്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകരുടെ സിരകളില്‍ ആവേശം പെരുമ്പറ കൊട്ടും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 12.30നാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ അതിഥേയരായ ഫ്രാന്‍സ് റുമാനിയയെ നേരിടും.
2015ലുണ്ടായ ഭീകരാക്രമവും നിലവിലെ ഭീകരാക്രമണ ഭീഷണിയും നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ കനത്ത സുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണത്തെ യൂറോ കപ്പിന് അരങ്ങേറ്റം കുറിക്കുന്നത്. ഫിഫ ലോകകപ്പില്‍ കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഗോള്‍ ലൈന്‍ ടെക്‌നോളജി അല്ലെങ്കില്‍ ഗോള്‍ ഡിസിഷന്‍ സിസ്റ്റം ഇത്തവണ യൂറോയിലും കാണാം. പന്ത് ഗോള്‍ വര കടന്നോയെന്ന് ക്യാമറയില്‍ ഒപ്പിയെടുത്ത് വിധി നിര്‍ണയിക്കുന്നതാണ് ഗോള്‍ ലൈന്‍ ടെക്‌നോളജി.
1960 മുതലാണ് യൂറോ കപ്പിന് ആരംഭം കുറിച്ചത്. 1960, 64 വര്‍ഷങ്ങളില്‍ യുവേഫ യൂറോപ്യന്‍ നാഷന്‍സ് കപ്പ് എന്ന പേരിലറിയപ്പെട്ട ടൂര്‍ണമെന്റ് 1968 മുതലാണ് “യൂറോ കപ്പ്” ആയി മാറിയത്. നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ സ്‌പെയിന്‍ ആണ് ചാമ്പ്യന്‍മാര്‍. ഇറ്റലിയെ കീഴടക്കിയാണ് സ്‌പെയിന്‍ ചാമ്പ്യന്മാരായത്. സ്‌പെയിനും ജര്‍മനിയുമാണ് ഏറ്റവും കൂടുതല്‍ തവണ യൂറോയില്‍ കപ്പുയര്‍ത്തിയത്. മൂന്ന് വീതം.
ആതിഥേയരായ ഫ്രാന്‍സ് രണ്ട് തവണ ചാമ്പ്യന്മാരായി. ഇത്തവണ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് പോരിനിറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ അല്‍ബേനിയ, ഫ്രാന്‍സ്, റുമേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് ടീമുകള്‍ മാറ്റുരക്കും. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, റഷ്യ, സ്ലോവാക്യ, വെയ്ല്‍സ് ടീമുകളാണുള്ളത്. സി ഗ്രൂപ്പില്‍ ജര്‍മനി, വടക്കന്‍ അയര്‍ലാന്‍ഡ്, പോളണ്ട്, ഉക്രൈന്‍ ഏറ്റുമുട്ടും. ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌പെയിന്‍ തുര്‍ക്കി എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ പോരാട്ടം തീ പാറുമെന്നുറപ്പ്. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, ഇറ്റലി, അയര്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഇ യില്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്. ഓസ്ട്രിയ, ഹംഗറി, ഐസ്‌ലാന്‍ഡ് എന്നിവര്‍ക്കൊപ്പം പോര്‍ച്ചുഗലുമാണ് ഗ്രൂപ്പ് എഫിലെ സാന്നിധ്യങ്ങള്‍. ലോക കിരീടങ്ങള്‍ സ്വപ്‌നം മാത്രമായി അവശേഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ഗ്രൂപ്പ് പോരാട്ടത്തില്‍ കാര്യമായ വെല്ലുവിളിയുണ്ടാകാനിടയില്ല. ജൂണ്‍ 14ന് ഐസ്‌ലാന്‍ഡുമായാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.
ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിന്റെ വരവ്. 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പും 2010ല്‍ ലോകകപ്പും നേടിയ സ്‌പെയിനിന് പക്ഷേ, ഇത്തവണ കാര്യങ്ങള്‍ അത്ര സുഗമമല്ല. ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, തുര്‍ക്കി എന്നിവര്‍ ചാമ്പ്യന്മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തും. ജൂണ്‍ 13ന് ചെക് റിപ്പബ്ലിക്കുമായാണ് സ്‌പെയിന്റെ ആദ്യ മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഉത്തര കൊറിയയെ ഒന്നിനെതിരെ ആറ് ഗോളിന് കീഴടക്കിയ സ്‌പെയിന് പക്ഷേ, രണ്ടാം മത്സരത്തില്‍ പിഴച്ചു. ദുര്‍ബലരായ ജോര്‍ജിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയത് സ്‌പെയിനിനെ ഞെട്ടിച്ചിരിക്കുകയാണ്. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് സ്‌പെയിന്‍ ലക്ഷ്യമിടുന്നത്.
നിലവിലെ റണ്ണേഴ്‌സപ്പായ ഇറ്റലി സന്നാഹമത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌കോട്ട്‌ലാന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനും ഫിന്‍ലാന്‍ഡിനെതിരെ രണ്ട് ഗോളിനും ജയിച്ചാണ് ഇറ്റലിയുടെ വരവ്.
ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനി ആദ്യ മത്സരത്തില്‍ ഉക്രൈനെ നേരിടും. സന്നാഹ മത്സരത്തില്‍ സ്ലോവാക്യയോടെ ഞെട്ടിക്കുന്ന തോല്‍വി പിണഞ്ഞ ജര്‍മനി ഹംഗറിക്കെതിരായ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചുകയറി. ഒന്നാം ഗോളി മാനുവല്‍ ന്യുവര്‍, മെസുറ്റ് ഒസില്‍, ടോണി ക്രൂസ്, മുള്ളര്‍ തുടങ്ങിയര്‍ ഉള്‍പ്പെടുന്ന ജര്‍മനി കിരീട നേട്ടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. സന്നാഹ മത്സരങ്ങളില്‍ കാമറൂണിനെയും (3-2), സ്‌കോട്ട്‌ലാന്‍ഡിനെയും (3-0) കീഴടക്കിയാണ് ഫ്രാന്‍സ് ഉദ്ഘാടനമത്സരത്തിനിറങ്ങുന്നത്. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂദ്, അന്റോണിയോ, ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കിംഗ്‌സ്‌ലി കോമന്‍… ലോക ഫുട്‌ബോളിലെ പ്രമുഖതാരങ്ങളുടെ ഒരു നിര തന്നെയുണ്ട് ഫ്രാന്‍സിനൊപ്പം. സ്വന്തം നാട്ടില്‍ രാജ്യത്തിന് കിരീടംനേടിക്കൊടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഫ്രാന്‍സ് താരങ്ങള്‍ക്കുള്ളത്. സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ സ്വീഡന്‍, ഗാരത് ബെയ്‌ലിന്റെ വെയ്ല്‍സ്, റൂണിയുടെ ഇംഗ്ലണ്ട്….. ഫുട്‌ബോള്‍ മൈതാനത്തെ ത്രസിപ്പിക്കുന്ന താരങ്ങളുടെ ടീമുകള്‍ പ്രതീക്ഷയിലാണ്.