Connect with us

Malappuram

വിഎച്ച്എസ്ഇ പ്രവേശനം; ജില്ലയില്‍ അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്

Published

|

Last Updated

#ജലീല്‍ കല്ലേങ്ങല്‍പടി
മലപ്പുറം: വി എച്ച് എസ് ഇ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയല്‍ അലോട്ട്‌മെന്റ് എന്നതിനാല്‍ ഇതുപ്രകാരം സ്‌കൂളുകളില്‍ പ്രവേശനം നേടാനാകില്ല. പ്രവേശനം നേടാന്‍ ആദ്യ അലോട്ട്‌മെന്റ് വരുന്നത് വരെ കാത്തിരിക്കണം. എന്നാല്‍ അപേക്ഷ നല്‍കിയപ്പോള്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരം ട്രയല്‍ അലോട്ട്‌മെന്റിലൂടെ ലഭിക്കും. നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുകയോ പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. അലോട്ട്‌മെന്റിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങള്‍, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍, താമസിക്കുന്ന പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ കഴിയും.
തെറ്റായ വിവരങ്ങള്‍ അപേക്ഷയിലുണ്ടായാല്‍ പ്രവേശനത്തെ ബാധിക്കും. സര്‍ട്ടിഫിക്കറ്റുകളില്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയാല്‍ യഥാസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രവേശനത്തിനുള്ള അവസരം നഷ്ടമാകും. ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാനുള്ള അവസരം നാളെ അവസാനിക്കും. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അതിനുള്ള അപേക്ഷ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ നല്‍കിയ സ്‌കൂളുകളില്‍ നല്‍കണം. ജില്ലയില്‍ 9452 വിദ്യാര്‍ഥികളാണ് വി എച്ച് എസ് ഇ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അപേക്ഷകരുടെ എണ്ണം ഇത്തവണ കുറവാണ്. കഴിഞ്ഞ വര്‍ഷം 9980 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. 27 സ്‌കൂളുകളിലെ 87 ബാച്ചുകളിലായി 2175 സീറ്റുകളാണ് ആകെ ജില്ലയിലുള്ളത്.
25 സീറ്റുകളാണ് ഓരോ ബാച്ചുകളിലുമുള്ളത്. പ്രവേശന നടപടികള്‍ അവസാനിപ്പിച്ച് ജൂലൈ നാലിന് ക്ലാസുകള്‍ ആരംഭിക്കാനാണ് നിര്‍ദേശം. www.hvscap.kerala.gov.in എന്ന വൈബ് സൈറ്റിലൂടെ അലോട്ട്‌മെന്റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അതേസമയം പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഈമാസം പതിമൂന്നിനാണ്. ആദ്യ അലോട്ട്‌മെന്റ് 20നും പ്രസിദ്ധീകരിക്കും. പ്രധാന അലോട്ട്‌മെന്റ് 29നാണ് പ്രസിദ്ധീകരിക്കുക. എന്നാല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്. കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശനത്തിനുള്ള ഡാറ്റ എന്‍ട്രി ഈമാസം 20ന് ആരംഭിച്ച് 25ന് അവസാനിപ്പിക്കും. റാങ്ക് ലിസ്റ്റ് 27ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഈമാസം 30ന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെങ്കിലും പ്രവേശന നടപടികള്‍ ആഗസ്റ്റ് ഒമ്പത് വരെയുണ്ടാകും.

Latest