Connect with us

Wayanad

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്ര പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഈ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സകൂളിലെത്തിക്കുന്നതിന് “ഗോത്രവിദ്യ” എന്ന പേരില്‍ സമഗ്ര പദ്ധതി നടപ്പാക്കുന്നു. ജില്ലയിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. വിവിധ കാരണങ്ങളാല്‍ ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, എസ്.എസ്.എ, പോലീസ്, സാമൂഹിക നീതി വകുപ്പ്, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ഡയറ്റ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വൈദ്യുതി, കുടിവെള്ളം, ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തത, വീടുകളില്‍ കുട്ടികള്‍ക്ക് അനുകൂലമായ പഠനാന്തരീക്ഷമില്ലാത്തത് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെ വിവിധ തലങ്ങളില്‍ മോണിറ്ററിങ് നടത്തുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഓരോ സ്‌കൂളിലും അധ്യാപകരായി നിയമിക്കുന്നതിനുള്ള നടപടികളെടുക്കും. കൊഴിഞ്ഞുപോകുന്ന ഓരോ കുട്ടിക്കും തുടര്‍പഠനം ഉറപ്പ് വരുത്തുന്നതിന് മെന്ററെ നിയമിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഊരുകളിലെത്തി എല്ലാവര്‍ക്കും നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന സത്യപ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പാക്കും. പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രത്യേക ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ക്ലാസില്‍ ഹാജരാകാത്ത കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ സ്‌കൂള്‍ അധികൃതരെ 100 എന്ന നമ്പറിലോ 1090 എന്ന നമ്പറിലോ വിവരമറിയിച്ചാല്‍ ജനമൈത്രി പോലീസ് കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഹൈസ്‌കുള്‍, പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ജീവിത രീതി, തൊഴില്‍ എന്നിവയെക്കുറിച്ച് പ്രത്യേകം പഠനം നടത്തും.
ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ജോലിയില്‍ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടും. സര്‍ക്കാര്‍ സ്‌കൂളുകളോടനുസരിച്ച് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ഗോത്രഭാഷയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഗോത്രസാരഥി പദ്ധതിയില്‍ വാഹനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുന്നതിനും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പ്രത്യേക വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.എം എല്‍ എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ശിശു സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. ഇസ്മാഈല്‍, സി. ഓമന ടീച്ചര്‍, അഡ്വ. ഒ.ആര്‍ രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest