Connect with us

Gulf

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍

Published

|

Last Updated

ദോഹ: നാലാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കുമെന്ന് സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. കതാറ കള്‍ച്ചറല്‍ വില്ലേജ് തന്നെയാണ് ഈ വര്‍ഷത്തെയും സാംസ്‌കാരിക പങ്കാളികളെന്ന് ദോഹ ഫിലിം ഫെസ്റ്റിവല്‍ സി ഇ ഒയും അജ്‌യാല്‍ ചലച്ചിത്രോത്സവം ഡയറക്ടറുമായ ഫാത്വിമ റുമൈഹി അറിയിച്ചു. ഓക്‌സിഡെന്റല്‍ പെട്രോളിയമായിരിക്കും മുഖ്യ പ്രായോജകര്‍.
ചലചിത്രങ്ങള്‍ക്ക് കേവലം ആസ്വാദന പരിപാടിയെന്നതിനപ്പുറം വിദ്യാഭ്യാസ രംഗത്തും സാമൂഹി ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഫാതിമ പറഞ്ഞു. അറബ് കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ക്രിയാത്മകമായ സിനിമാ സംസ്‌കാരം വളര്‍ത്തുകയും മികച്ച സിനിമകള്‍ ഈ മേഖലയില്‍ നിന്ന് രൂപപ്പെടുത്തുകയുമാണ് അജ്‌യാലിലൂടെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര പ്രാദേശിക തലത്തില്‍ ചെറുപ്പക്കാര്‍ നിര്‍മിച്ച സിനിമകള്‍ ഖത്വരി കാഴ്ചക്കാര്‍ക്കു പരിചയപ്പെടുത്തുകയും യുവ ചലച്ചിത്ര പ്രതിഭകളെ വളര്‍ത്തിയെടുക്കുകയുമാണ് യൂത്ത് ഫിലിം ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് ഡി എഫ് ഐ അറിയിച്ചു. ഫിലിം ഫെസ്റ്റിവലില്‍ മത്സര ഇനത്തിലും അല്ലാതെയും പ്രദര്‍ശിപ്പിക്കാനുള്ള സിനിമകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ സിനിമകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം സെപ്തംബര്‍ 23 ആണ്. മത്സര വിഭാഗത്തിലേക്കുള്ള അറബ് സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ആഗസത് 15നകം സമര്‍പ്പിക്കണം. നാനൂറോളം വരുന്ന ചെറുപ്പക്കാരുടെ ജൂറിയാണ് മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയെന്നതാണ് അജ്യാല്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത.
കഴിഞ്ഞ വര്‍ഷം 45 രാജ്യങ്ങളില്‍ നിന്നായി 600ഓളം യുവ ജൂറിമാരായിരുന്നു അജ്യാലിനെത്തിയത്. 36 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പ്രമുഖ സംവിധായകരുടെ ദ ഗുഡ് ദിനോസര്‍, ടാക്‌സി തുടങ്ങി നിരവധി ലോകോത്തര ചിത്രങ്ങള്‍ കാണാന്‍ കതാറയില്‍ ആസ്വാദകര്‍ക്ക് അവസരമൊരുക്കിയിരുന്നു.

---- facebook comment plugin here -----

Latest