Connect with us

Kerala

റേഷന്‍ കാര്‍ഡ് വിതരണം ഉടന്‍: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: 70 കേന്ദ്രങ്ങളില്‍ റമസാന്‍ വിപണികള്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. കമ്പോളത്തില്‍ ഇടപെടാന്‍ വേണ്ടി 150 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പിനെ കൂടുതല്‍ ശക്തവും ജനോപകാരപ്രദവുമാക്കും. പൊതുവിതരണ സമ്പ്രദായം കൃത്യതയോടെയും സുതാര്യവുമാക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം സമയബന്ധിതമായി നടപ്പിലാക്കും.
റേഷന്‍ കാര്‍ഡുകള്‍ പരാതികളെല്ലാം പരിഹരിച്ച് വിതരണം ചെയ്യും. ഉത്പന്നങ്ങള്‍ നേരിട്ട് പോയി സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഘട്ടം ഘട്ടമായി പുതിയ മാവേലി സ്റ്റോറുകള്‍ തുറക്കും. എല്ലാ നിത്യോപയോഗ സാധനങ്ങളെയും ഒരു കുടകീഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രധാനപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപുലീകരിക്കും. റമസാന്‍ പുണ്യമാസത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ റമസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കും.
70 കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് റമസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കുക. നെല്ല് സംഭരണ സംസ്‌ക്കരണ വിപണന പദ്ധതി പ്രകാരം കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന് നല്‍കാനുളള കുടിശിക സമയ ബന്ധിതമായി നല്‍കും. ഹോട്ടല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് തടയാനും നടപടി സ്വീകരിക്കും. അരിയുടെയും ഗോതമ്പിന്റെയും അധിക ആവശ്യകത മുന്‍നിര്‍ത്തി അഡ്‌ഹോക്ക് അലോട്ടമെന്റിനായി കേന്ദ്രത്തിന് കത്ത് നല്‍കിയതായും മന്ത്രി അറിയിച്ചു. ആവശ്യമായ അരി കേരളത്തിലെത്തിക്കുന്നതിന് വേണമെങ്കില്‍ ആന്ധ്രയിലെ മില്ലുടമകളുമായി ചര്‍ച്ച നടത്തും.
നിലവില്‍ മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഘട്ടം ഘട്ടമായി പുതിയ മാവേലി സ്റ്റോറുകള്‍ തുറക്കും. കൂടുതല്‍ കേന്ദ്രങ്ങളില്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ ബങ്കുകള്‍, എല്‍ പി ജി ഔട്ട്‌ലെറ്റുകള്‍ എന്നിവ സ്ഥാപിക്കും. മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഗുണമേന്‍മ ഉറപ്പു വരുത്തും. അഴിമതി തടയുന്നതിന് സിവില്‍ സപ്‌ളൈസ് വകുപ്പില്‍ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തും. ഓണം ഫയര്‍ മാര്‍ക്കറ്റുകള്‍ ഫലപ്രദമായി സംഘടിപ്പിക്കും. വിലക്കയറ്റം, പൂഴ്ത്തിവെപ്പ് എന്നിവ തടഞ്ഞു നിര്‍ത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാനമാര്‍ക്കറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തും. നിത്യോപയോഗ സാധനങ്ങളുടെ ദിനം തോറുമുളള വില നിലവാരം അവലോകനം നടത്തുന്നതിനായി പ്രൈസ് മോണിറ്ററിംഗ് സെല്‍ സെക്രട്ടേറിയേറ്റില്‍ ആരംഭിക്കും.
ഉപഭോക്താക്കളുടെ അവകാശങ്ങളേയും പരാതി പരിഹാര കാര്യങ്ങളെയും കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിന് സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ സംഘടിപ്പിക്കും. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കും. അളവ് തൂക്ക വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.