Connect with us

National

'മുസ്‌ലിം രഹിത ഇന്ത്യ' പരാമര്‍ശം: സാധ്വി പ്രാചിക്കെതിരെ പ്രതിഷേധം

Published

|

Last Updated

ശ്രീനഗര്‍: “മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യ” എന്ന വിവാദ പ്രസ്താവന നടത്തിയ വി എച്ച് പി നേതാവ് സാധ്വി പ്രാച്ചിക്കെതിരെ ജമ്മു കാശ്മീര്‍ നിയമസഭയില്‍ കടുത്ത പ്രതിഷേധം. ചോദ്യോത്തര വേളയില്‍ സ്വതന്ത്ര എം എല്‍ എ ശൈഖ് അബ്ദുര്‍റശീദാണ് വിഷയം ആദ്യം സഭയില്‍ ഉന്നയിച്ചത്. സാധ്വി പ്രാച്ചി തന്റെ പ്രസ്താവനയിലൂടെ എന്താണ് അര്‍ഥമാക്കുന്നതെന്ന് വ്യക്തമാക്കാനായിരുന്നു ബി ജെ പിയുടെ പിന്തുണയോടെയുള്ള പി ഡി പി സര്‍ക്കാറിനോട് അബ്ദുര്‍റശീദിന്റെ ആവശ്യം. ഇദ്ദേഹത്തിന് സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചു. എന്താണ് മുസ്‌ലിം മുക്ത ഭാരതം എന്ന് ചോദിച്ച കോണ്‍ഗ്രസ് എം എല്‍ എ. ജി എം സരൂരി, ഗുജറാത്ത് കലാപം ആവര്‍ത്തിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, എല്ലാ വിഭാഗങ്ങളിലും വിശ്വാസങ്ങളിലും നിരീശ്വരവാദത്തിലും പെട്ടവര്‍ ഇവിടെ ഉണ്ടെന്നും പത്രമാധ്യമങ്ങളില്‍ കണ്ട സാധ്വി പ്രാച്ചിയുടെ പ്രസ്താവന ശരിയല്ലെന്നും സംസ്ഥാന ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം, ഇതേ വിഷയത്തില്‍ ജമ്മു കാശ്മീര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലും ബഹളം ഉടലെടുത്തിരുന്നു.